ഖത്തർ ലോകപ്പിൽ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച രണ്ട് ടീമുകളാണ് അർജന്റീനയും ഫ്രാൻസും. ഖത്തറിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുള്ളതും ഫ്രാൻസ് – അർജന്റീന ടീമുകളിലാണ്.
എട്ട് ഗോളുകളുമായി ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയപ്പോൾ ഏഴ് ഗോളുകളാണ് ലയണൽ മെസി പേരിലാക്കിയത്.
ടീം അർജന്റീനയിൽ മെസിക്ക് പുറകെ കൂടുതൽ ഗോൾ നേടി ഏവരുടെയും പ്രശംസ പിടിച്ച് പറ്റിയ താരമാണ് ജൂലിയൻ അൽവാരസ്. അർജന്റീനയുടെ കിരീടനേട്ടത്തിൽ വലിയ പങ്കുവഹിച്ചിട്ടുള്ള താരം കൂടിയാണ് അൽവാരസ്. തന്റെ ആദ്യ വേൾഡ് കപ്പിൽ തന്നെ നാല് ഗോളുകൾ പേരിലാക്കാൻ താരത്തിന് കഴിഞ്ഞു.
ഇപ്പോൾ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ചിലിയൻ താരം ഇവാൻ സമോറാനോ. ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച കംപ്ലീറ്റ് സ്ട്രൈക്കറാണ് അൽവാരസ് എന്നാണ് അദ്ദേഹം പറഞ്ഞത്.
എംബാപ്പേയോ, ഹാലന്റോ അല്ലെന്നും മികച്ച സ്ട്രൈക്കർ അർജന്റീനയുടെ അൽവാരസ് ആണ് സൂപ്പർതാരം എന്നാമ് സമോറാനോ പറഞ്ഞത്.
‘ന്യൂജനറേഷൻ സ്ട്രൈക്കർമാരിൽ കംപ്ലീറ്റ് സ്ട്രൈക്കർ ജൂലിയൻ അൽവാരസാണ്. ഒരു വിങ്ങർ എന്ന നിലയിൽ എർലിങ് ഹാലണ്ടിന് അത്ര മികച്ച രൂപത്തിൽ കളിക്കാൻ കഴിയില്ല. എല്ലാ കാര്യത്തിലും ജൂലിയൻ മികച്ചതാണ്.
ഹാലണ്ട്, എംബാപ്പേ എന്നിവരെക്കാൾ കംപ്ലീറ്റ് സ്ട്രൈക്കർ ആണ് ജൂലിയൻ,‘ സമോറാനോ വ്യക്തമാക്കി.
മധ്യനിരയിലും ഡിഫൻസിലും സഹായിക്കാൻ പലപ്പോഴും അൽവാരസിന് സാധിച്ചിട്ടുണ്ട്. ഈ വേൾഡ് കപ്പിൽ ലൗട്ടാരോ മങ്ങിയപ്പോൾ അദ്ദേഹത്തിന്റെ അഭാവം അറിയിക്കാതെ അർജന്റീനയെ മുന്നോട്ടുകൊണ്ടുപോയത് ജൂലിയൻ അൽവാരസായിരുന്നു. അർജന്റീനക്ക് ഇനിയും ഏറെ പ്രതീക്ഷകൾ വെച്ചുപുലർത്താൻ കഴിയുന്ന താരമാണ് അൽവാരസ്.