റോം: ഇറ്റലിയുടെ പ്രധാനമന്ത്രി ജെസിപ്പി കോണ്ടെ രാജിവെച്ചു. പ്രസിഡന്റ് സെർജിയോ മാറ്റെല്ലയ്ക്കാണ് കോണ്ടെ രാജി ഔദ്യോഗികമായി കൈമാറിയത്. മാറ്റെല്ലെ പാർട്ടി നേതാക്കളുമായി കൂടിയാലോചന ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് കോണ്ടെ രാജികത്ത് സമർപ്പിച്ചത്. ചർച്ചകൾ പുരോഗമിക്കുന്നതിനാൽ നിലവിൽ ഒരു കെയർടേക്കർ റോളിൽ തുടരണമെന്ന് മാറ്റല്ലെ കാേണ്ടെയോട് ആവശ്യപ്പെട്ടു.
ഭൂരിപക്ഷമുണ്ടാക്കാനുള്ള ശക്തമായ പ്രതീക്ഷ കോണ്ടെയ്ക്കുണ്ടെന്ന് മാറ്ററെല്ല വിശ്വസിക്കുന്നുവെങ്കിൽ, അദ്ദേഹത്തെ വീണ്ടും നിയമിക്കുകയും വിശാലമായ സഖ്യത്തോടെ ഒരു പുതിയ എക്സിക്യൂട്ടീവ് രൂപീകരിക്കാൻ ചുമതലപ്പെടുത്തുകയും ചെയ്യാം. പുതിയ സർക്കാരിനെ നയിക്കാനുള്ള സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടിയാണ് കോണ്ടെയുടെ രാജിയെന്നാണ് നിരീക്ഷണങ്ങൾ.
മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി മാറ്റിയോ റെൻസിയുടെ പാർട്ടിയായ ഇറ്റാലിയ വിവ സർക്കാരിനുള്ള സഖ്യം പിൻവലിച്ചതിന് പിന്നാലെ രാഷ്ട്രീയ അസ്ഥിരത ഇറ്റലിയിൽ രൂപപ്പെട്ടിരുന്നു. കൊവിഡും തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കാണിച്ചാണ് ഇറ്റാലിയ വിവ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്.
എന്നാൽ ഇതിന് ശേഷം നടന്ന വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചതിന് പിന്നാലെയാണ് ജെസിപ്പി കോണ്ടെ രാജിവെച്ചത്. വിശ്വാസ വോട്ടെടുപ്പിൽ നേരിയ ഭൂരിപക്ഷം മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇത് കോണ്ടെയ്ക്ക് ഉണ്ടായ പിന്തുണ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹത്തിന് തിരിച്ചടിയായിരുന്നു.
രണ്ട് പ്രധാന സഖ്യകക്ഷികളായ ഫൈവ് സ്റ്റാർ മൂവ്‌മെന്റ് (എം 5 എസ്), ഡെമോക്രാറ്റിക് പാർട്ടി (പിഡി) എന്നിവയുടെ പിന്തുണ ഇപ്പോൾ കോണ്ടെക്ക് ഉണ്ട്. മാറ്റിയോ സാൽവിനിയുടെ തീവ്ര വലതു ലീഗ് പാർട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം തെരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്.
നിലവിലുള്ള സമയത്തിൽ വിശാലമായ സഖ്യം രൂപീകരിച്ച് വീണ്ടും അധികാരത്തിൽ എത്താനാണ് കോണ്ടെയുടെ ശ്രമമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ ഇറ്റാലിയൻ സാഹചര്യത്തിൽ ഇത്തരത്തിൽ കോണ്ടെ തിരിച്ചെത്തുമെന്ന് തന്നെയാണ് കരുതുന്നത്.