മുംബൈ: മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം ബുള്‍ഡോസ് ചെയ്യാന്‍ ആഹ്വാനവുമായി ബി.ജെ.പി എം.എല്‍.എ ടി. രാജ സിങ്. എന്തിനാണ് ഇപ്പോഴും നമ്മുടെ രാജ്യത്ത് ഔറംഗസേബിനൊരു ശവകുടീരം, അതിന്റെ ആവശ്യം എന്താണ് എന്ന് ചോദിച്ചായിരുന്നു ശവകുടീരം പൊളിക്കാന്‍ എം.എല്‍.എ ആഹ്വാനം ചെയ്തത്. പൂനെയിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ പ്രസംഗത്തിനിടെ അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് സിനിമയായ ഛാവയെക്കുറിച്ചും എം.എല്‍.എ പ്രതിപാദിക്കുന്നുണ്ട്. ഛത്രപതി ശിവാജി മഹാരാജിന്റെ മൂത്തമകനായ ഛത്രപതി സംബാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ഒരു മാസത്തോളം സംബാജി മഹാരാജാവിനെ ബന്ദിയാക്കി ഔറംഗസേബ് പീഡിപ്പിക്കുന്നതായി ചിത്രീകരിച്ചിരുന്നു.
‘ഛാവ എന്ന സിനിമയ്ക്ക് നന്ദി. മഹാരാഷ്ട്രയിലെ എല്ലാ കുട്ടികള്‍ക്കും ഛത്രപതി സംബാജി മഹാരാജ് ആരാണെന്നും ഔറംഗസേബ് അദ്ദേഹത്തെ എങ്ങനെ പീഡിപ്പിച്ചു കൊന്നുവെന്നും ഇപ്പോള്‍ അറിയാം,’ രാജ സിങ് പറഞ്ഞു.
നിരവധി ഹിന്ദു ക്ഷേത്രങ്ങള്‍ നശിപ്പിക്കാന്‍ ഔറംഗസേബ് ഉത്തരവിട്ടതായും ഹിന്ദു രാജാക്കന്മാര്‍ക്കെതിരെ യുദ്ധങ്ങള്‍ നടത്തിയിരുന്നതായും എം.എല്‍.എ ആരോപിക്കുന്നുണ്ട്. അതിനാല്‍ അദ്ദേഹത്തിന്റെ ശവകുടീരം മഹാരാഷ്ട്രയുടെ മണ്ണില്‍ ഒരു കഠാര പോലെയാണെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
വര്‍ഷങ്ങളായി എം.എല്‍.എ ആയ തനിക്ക് ഇനി രാഷ്ട്രീയത്തില്‍ തുടരാന്‍ താത്പര്യമില്ലെന്നും തന്റെ ഏക ലക്ഷ്യം ഒരു ഹിന്ദു രാഷ്ട്രം ഉണ്ടാക്കുക എന്നതാണെന്നും രാജാ സിങ് വേദിയില്‍വെച്ച് പ്രഖ്യാപിക്കുകയുണ്ടായി
കഴിഞ്ഞ ദിവസം ഔറംഗസേബിന്റെ ശവകുടീരത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറ്റകുറ്റപ്പണി നടത്തിയതിനേയും രാജ സിങ് ചോദ്യം ചെയ്തിരുന്നു.
നമ്മുടെ പൂര്‍വികരെ ഉപദ്രവിച്ച ഒരു സ്വേച്ഛാധിപതിയുടെ ശവകുടീരം പരിപാലിക്കുന്നതിനായി നികുതിദായകരുടെ പണം വിനിയോഗിക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര സാംസ്‌കാരിക, ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിന് രാജ സിങ് കത്തയച്ചിരുന്നു.
അതേസമയം ശവകുടീരത്തിന് നേരെയുള്ള ആക്രമണ സാധ്യത കണക്കിലെടുത്ത് സുരക്ഷ വര്‍ധിപ്പിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവസ് ഉത്തരവിട്ടിട്ടുണ്ട്.
Content Highlight: It’s time to bulldoze Aurangzeb’s tomb; BJP MLA calls for it