ക്ലബ്ബ് ഫുട്ബോളിലെ ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിക്കുമ്പോൾ സ്‌ക്വാഡ് ഡെപ്ത്ത് മെച്ചപ്പെടുത്താനായി പണം വാരിയെറിഞ്ഞിരിക്കുകയാണ് ഇംഗ്ലീഷ് ക്ലബ്ബായ ചെൽസി. പതിനഞ്ചോളം താരങ്ങളെയാണ് ജനുവരി ട്രാൻസ്ഫർ ജാലകത്തിലൂടെ മാത്രം ചെൽസി തങ്ങളുടെ ക്യാമ്പിലേക്ക് എത്തിച്ചിരിക്കുന്നത്.
ഇതിനായി ഏകദേശം 323 മില്യൺ പൗണ്ടോളം ലണ്ടൻ ക്ലബ്ബ് ചിലവഴിച്ചിട്ടുണ്ട്.
എന്നാൽ ഇത്രയേറെ പണം ചിലവഴിക്കുന്നത് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്റെ ഫിനാൻഷ്യൽ ഫെയർ പ്ലെയ്ക്ക് എതിരാണെന്ന് ഇതിനോടകം തന്നെ നിരവധി കേന്ദ്രങ്ങളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്.
എന്നാലിപ്പോൾ സ്‌ക്വാഡ് ഡെപ്ത്ത് മെച്ചപ്പെടുത്താനായി ചെൽസി അമിതമായി പണം വിനിയോഗിക്കുന്നതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇംഗ്ലീഷ് ഫുട്ബോൾ താരവും ഫുട്ബോൾ വിദഗ്ധനുമായ ഗാരി നെവില്ലെ.
ഡെയ്ലി മെയ്ലിന് നൽകിയ അഭിമുഖത്തിലാണ് ചെൽസിക്കെതിരെ നെവില്ലെ വിമർശനമുന്നയിച്ചത്.
പണം വാരിയെറിയാൻ മെസിയെയല്ല തങ്ങൾ സൈൻ ചെയ്യുന്നത് എന്ന് ചെൽസി മനസിലാക്കണമെന്നായിരുന്നു നെവില്ലെയുടെ വിമർശനം.
മൈക്കലോ മുഡ്രാക്ക്, എൻസോ ഫെർണാണ്ടസ്, ജാവോ ഫെലിക്സ്, ഫൊഫാന, മുതലായവരാണ് ചെൽസി പുതുതായി സൈൻ ചെയ്ത സൂപ്പർ താരങ്ങൾ.
“മൈക്കലോ മുഡ്രാക്ക്, എൻസോ ഫെർണാണ്ടസ് മുതലായവരെയൊക്കെ വമ്പൻ തുകയ്ക്കാണ് ചെൽസി ക്ലബ്ബിലെത്തിച്ചത്. പക്ഷെ ഇത്രയേറെ തുക മുടക്കാൻ അവർ മെസിയൊന്നുമല്ലല്ലോ. അല്ലെങ്കിൽ ഒരു നാല് കൊല്ലം കഴിഞ്ഞ് അവർ മെസിയുടെ ലെവലിലേക്ക് ഉയരണം.
പക്ഷെ ഇവരൊന്നും നാല് കൊല്ലം ചെൽസിയിൽ കളിക്കണമെന്ന് നിർബന്ധം ഒന്നുമില്ലല്ലോ. ഇനി അഥവാ മികച്ച രീതിയിലേക്ക് അവർ വളർന്നാൽ തന്നെ കൂടുതൽ പ്രതിഫലം ക്ലബ്ബിനോട് ഈ താരങ്ങൾ ആവശ്യപ്പെട്ടെക്കാം,’ നെവില്ല പറഞ്ഞു.