കേന്ദ്രം നല്‍കിയ ഉറപ്പും പാലിക്കപ്പെട്ടില്ല, കഴിഞ്ഞ ആറ് മാസമായി ജോലിയും ശമ്പളവുമില്ല; സങ്കടഹരജിയുമായി ഐ.എസ്.ആര്‍.ഒയിലെ കരാര്‍ ജീവനക്കാര്‍
Kerala News
കേന്ദ്രം നല്‍കിയ ഉറപ്പും പാലിക്കപ്പെട്ടില്ല, കഴിഞ്ഞ ആറ് മാസമായി ജോലിയും ശമ്പളവുമില്ല; സങ്കടഹരജിയുമായി ഐ.എസ്.ആര്‍.ഒയിലെ കരാര്‍ ജീവനക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th September 2020, 3:43 pm

തൊഴില്‍രഹിതര്‍ക്ക് മുന്നിലെ വഴികള്‍ ഒന്നൊന്നായി അടച്ച് കൊറോണ രാജ്യത്ത് പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. നേരത്തേ തൊഴില്‍ ചെയ്തിരുന്നവര്‍ക്കും കൊറോണക്കാലം ദുരന്തങ്ങള്‍ മാത്രമേ നല്‍കിയിട്ടുള്ളു.

സംസ്ഥാനത്തെ ഭൂരിഭാഗം യുവാക്കളും, തൊഴില്‍രഹിതരായ മനുഷ്യരും കനത്ത ആശങ്കയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കൊവിഡ് രോഗം കുറയുന്ന കാലം തങ്ങള്‍ക്ക് ജോലി തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലായിരുന്നവര്‍ ഇപ്പോള്‍ എല്ലാ പ്രതീക്ഷകളും അസ്തമിച്ച മട്ടിലാണ് മുന്നോട്ട് പോകുന്നത്.

അനുദിനം കൂടിക്കൊണ്ടിരിക്കുന്ന രോഗികളുടെ എണ്ണം രോഗം തീവ്രമായതിന്റെ ലക്ഷണമാണെന്ന് അവര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. കൊവിഡിനോടൊപ്പം ജീവിക്കാന്‍ തന്നെയാണ് തീരുമാനം. എന്നാല്‍ ജീവിക്കാനുള്ള വരുമാന മാര്‍ഗ്ഗം ആര് തരും എന്ന ആശങ്കയിലാണ് സംസ്ഥാനത്തെ ഭൂരിഭാഗം പേരും.

സമാനമായ കഥയാണ് തിരുവനന്തപുരം വലിയമല ഐ.എസ്.ആര്‍.ഒയിലെ കരാര്‍ തൊഴിലാളികള്‍ക്ക് പറയാനുള്ളത്. ജോലിയും ശമ്പളവും നല്‍കണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ, ചിലരുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ വരുമാനം നിലച്ച അവസ്ഥയിലാണ് രണ്ടായിരത്തോളം വരുന്ന കരാര്‍ ജീവനക്കാര്‍.

‘എല്‍.പി.എസ്.സി വലിയമല സെക്ഷന് കീഴിലാണ് ഞാന്‍ ജോലി ചെയ്യുന്നത്.മാര്‍ച്ച് 22 ന് ലോക്ഡൗണ്‍ തുടങ്ങിപ്പോള്‍ തന്നെ പൂര്‍ണ്ണമയും എല്ലാ സെക്ഷനുകളും അടച്ചുപൂട്ടി. ജീവനക്കാരെല്ലാം തിരികെ വീട്ടിലേക്ക് പോയിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസം ശമ്പളം കിട്ടി. അതിന് ശേഷം ശമ്പളം കിട്ടിയിട്ടില്ല. ഐ.എസ്.ആര്‍.ഒയ്ക്ക് കീഴില്‍ കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലാണ് ഞങ്ങള്‍ ജോലി ചെയ്യുന്നത്. ഏകദേശം രണ്ടായിരത്തിലധികം ജോലിക്കാര്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നുണ്ട്. ലോക്ഡൗണ്‍ ആരംഭിച്ചതോടെ ജോലി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഈ പ്രശ്‌നങ്ങളൊക്കെ കഴിയുമ്പോള്‍ തിരികെ ജോലിയ്ക്ക് കയറാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, അണ്‍ലോക്ക് 3 മെയില്‍ പ്രഖ്യാപിച്ചപ്പോള്‍ ആ പ്രതീക്ഷയും നഷ്ടമായി. ആ സമയത്ത് തിരുവനന്തപുരത്തുള്ള ജീവനക്കാരെ വെച്ച് ജോലി ചെയ്യാന്‍ അറിയിപ്പ് കിട്ടിയിരുന്നു. എന്നാല്‍ ആ ലിസ്റ്റിലും ഞങ്ങളുടെ പേരുകള്‍ ഇല്ലായിരുന്നു. ഇതേത്തുടര്‍ന്ന് കമ്പനി ഉദ്യോഗസ്ഥര്‍ തന്നെ ഐ.എസ്.ആര്‍.ഒ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ വ്യക്തമായ മറുപടി അവരുടെ ഭാഗത്ത് നിന്നുണ്ടായില്ല- ദീപു ഡൂള്‍ന്യൂസിനോട് പറഞ്ഞു.

Liquid Propulsion Systems Centre, Indian Space Research Organisation,  Department of Space, Government of India

എന്നാല്‍ വി.എസ്.എസ്. സി വട്ടിയൂര്‍ക്കാവിലെ ഐ.എസ്.ആര്‍.ഒ കേന്ദ്രത്തില്‍ ഇത്തരത്തിലുള്ള വിവാദങ്ങള്‍ ഒന്നും തന്നെയില്ല. ലോക്ഡൗണിന് ശേഷം മെയ് മാസത്തില്‍ അവിടുത്തെ ജീവനക്കാര്‍ക്ക് ശമ്പളയിനത്തില്‍ 15000 രൂപ കൊടുത്തു. അത് കൂടാതെ ജൂലൈയില്‍ വീണ്ടും 10000 രൂപ നല്‍കി. ഞങ്ങളെപ്പോലുള്ളവര്‍ക്ക് കഴിഞ്ഞ ആറ് മാസത്തില്‍ കൂടുതലായി ശമ്പളവുമില്ല, ജോലിയുമില്ല- ദീപു പറഞ്ഞു.

മറ്റൊരു പ്രധാന കാര്യം ഐ.എസ്.ആര്‍.ഒയിലെ തൊഴിലാളികള്‍ക്കായി തൊഴില്‍ സംഘടനകളോ ട്രേഡ് യൂണിയനുകളോ ഇല്ല. എന്നാല്‍ വി.എസ്.എസ്.സി കേന്ദ്രീകരിച്ച് ധാരാളം ട്രേഡ് യൂണിയനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് അവര്‍ക്ക് ഇപ്പോള്‍ ജോലി.

ഞങ്ങളുടെ കാര്യത്തില്‍ അത്തരത്തില്‍ യാതൊരു നടപടിയുമില്ല. കരാറടിസ്ഥാനത്തില്‍ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന പലരെയും ഇപ്പോള്‍ എല്‍.പി.എസ്.സി നിന്ന് പിരിച്ചുവിട്ടിരിക്കുകയാണ്. അടുത്തമാസത്തോടെ എന്റെ കരാറും റദ്ദ് ചെയ്യുമെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത്.

ഇതിനിടെ ഞങ്ങളുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്ന കമ്പനി, സെക്ഷന്‍ ഹെഡിനോടും, ഡിവിഷന്‍ ഹെഡിനോടും ഇക്കാര്യം ചോദിച്ചിരുന്നു. എന്നാല്‍ അവിടെ നിന്ന് പൊസീറ്റിവായ യാതൊരു മറുപടിയും കിട്ടിയിട്ടില്ലെന്നാണ് കമ്പനി അധികൃതര്‍ പറഞ്ഞത്.

അവര്‍ ഇക്കാര്യത്തില്‍ നിസ്സഹായരാണ്. ഞങ്ങള്‍ക്ക് ജോലി പോകുന്നതുപോല തന്നെ അവരെയും ഇത് സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുണ്ട്- ദീപു വ്യക്തമാക്കി.

ജോലി ചെയ്ത എക്‌സ്പീരിയന്‍സാണ് ഭാവിയില്‍ എല്ലാവര്‍ക്കും മുതല്‍ക്കൂട്ടാകുന്നത്. എന്നാല്‍ ഈ ജോലിയെ സംബന്ധിച്ചിടത്തോളം, ഞങ്ങള്‍ക്ക് ഇനി അഞ്ച് സ്ഥാപനങ്ങളിലേക്ക് മാത്രമേ ജോലിയ്ക്കായി അപേക്ഷിക്കാനാകൂ. സ്‌പേസ് ആപ്ലിക്കേഷന്റെ വര്‍ക്കുകള്‍ നടക്കുന്ന വലിയമല ഐ.എസ്.ആര്‍.ഒ, തുമ്പ വി.എസ്.എസ്.സി, ശ്രീഹരിക്കോട്ട, എന്നിവിടങ്ങളില്‍ മാത്രമേ ഞങ്ങളെപ്പോലുള്ളര്‍ക്ക് ജോലി ലഭിക്കുകയുള്ളു. ചുരുക്കിപ്പറഞ്ഞാല്‍ വേറേ ഒരു ജോലി കിട്ടാന്‍ വളരെ പ്രയാസമാണ്. എന്ത് ചെയ്യണമെന്നറിയാത്ത സാഹചര്യത്തിലാണ് എന്നെപ്പോലുള്ള ആയിരക്കണക്കിന് തൊഴിലാളികള്‍. കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇടപെടുന്നതില്‍ പരിമിതികളുമുണ്ട്. ജോലി പോയാല്‍ പരാതി നല്‍കാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് ഞങ്ങള്‍ കുറച്ചുപേര്‍- ദീപു ഡൂള്‍ന്യൂസിനോട് പറഞ്ഞു. എത് നിമിഷം വേണമെങ്കിലും തന്റെ ജോലി നഷ്ടപ്പെടാമെന്നുള്ള ഭയം ദീപുവിന്റെ വാക്കുകളില്‍ ഉടനീളം ഉണ്ടായിരുന്നു. സമാന അഭിപ്രായം തന്നെയാണ് കൊല്ലം സ്വദേശിയായ അതുലിനും പറയാനുള്ളത്.

Out reach

‘ഏകദേശം ആയിരത്തിലധികം പേരുടെ ജോലി നഷ്ടപ്പെട്ട അവസ്ഥയിലാണിപ്പോള്‍. കരാറെടുത്ത കമ്പനി ഉദ്യോഗസ്ഥര്‍ അവരെ സമീപിക്കുമ്പോള്‍ ഫണ്ടില്ലെന്ന് പറഞ്ഞാണ് ജോലി നിഷേധിക്കുന്നത്. പക്ഷെ ഈ കാരണം പറഞ്ഞ് ഒഴിവാക്കുന്നത് വലിയമലയില്‍ മാത്രമാണ്. ബാക്കിയുള്ള ഐ.എസ്.ആര്‍.ഒ സെന്ററുകളിലെല്ലാം തന്നെ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കൊന്നും ഈ പ്രശ്‌നമുണ്ടായിട്ടില്ല. ഞങ്ങളുടെ കരാറിന്റെ കാലാവധി നിലനില്‍ക്കെയാണ് ജോലി തരാന്‍ നല്‍കില്ലെന്ന് അവര്‍ കടുംപിടിത്തം പിടിക്കുന്നത്.

രണ്ട് വര്‍ഷത്തെ കാലാവധിയ്ക്കാണ് ഞാന്‍ ജോലിയില്‍ പ്രവേശിച്ചത്. കൊറോണ രോഗികള്‍ കൂടിയതും ലോക്ഡൗണും ആയപ്പോള്‍ ഇനി ഒരു അറിയിപ്പുണ്ടാകുമ്പോള്‍ വന്നാല്‍ മതിയെന്നായിരുന്നു അധികൃതര്‍ ആദ്യം പറഞ്ഞത്. പിന്നീട് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടും യാതൊരു അറിയിപ്പും കിട്ടിയില്ല. ഞങ്ങളുടെ ഹെഡിനെ വിളിക്കുമ്പോള്‍ പറയുന്നത്, അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നും, സ്വകാര്യവത്കരണത്തിന്റെ ഭാഗമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമാണ് എന്നാണ് പറയുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ, ഞങ്ങളുടെ ശമ്പളത്തിന്റെ കാര്യത്തിലും ഒരു അറിയിപ്പ് വന്നിരുന്നു. കരാര്‍ ജീവനക്കാര്‍ക്ക് ശമ്പളം മുഴുവനും നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ അതൊന്നും ഞങ്ങളുടെ കാര്യത്തില്‍ നടന്നില്ല. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ശമ്പളം കിട്ടിയത്. അതിന് ശേഷം ഇതുവരെ ശമ്പളം കിട്ടിയിട്ടില്ല. ജോലിയുടെ കാര്യത്തിലും തീരുമാനമായിട്ടില്ല’- അതുല്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

വലിയമല എല്‍.പി.എസ്.സിയുടെ ഡയറക്ടര്‍ വളരെ ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറുന്നതെന്നും കരാര്‍ ജീവനക്കാരുടെ മാനസിക സ്ഥിതിയെപ്പറ്റി അദ്ദേഹം ആലോചിക്കുന്നില്ലെന്നും അതുല്‍ പറഞ്ഞു. ഈ പ്രതിസന്ധിഘട്ടത്തില്‍ മനുഷ്യത്വപരമായി പെരുമാറാന്‍ അദ്ദേഹം തയ്യാറാകുന്നില്ലെന്നും അതുല്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ഈ പ്രശ്‌നത്തെ നിയമപരമായി നേരിടുന്നതില്‍ ധാരാളം പ്രശ്‌നങ്ങളുണ്ട്. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. കേന്ദ്രസര്‍ക്കാരിനെതിരെയുള്ള കേസായതിനാല്‍ എഴെട്ട് വര്‍ഷങ്ങളെടുക്കും തീര്‍പ്പാകാന്‍. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണിപ്പോള്‍’- അതുല്‍ പറഞ്ഞു.

കൊറോണക്കാലത്ത് ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഉണ്ടായിരുന്ന ജോലി വരെ നഷ്ടപ്പെടുമെന്നവസ്ഥയില്‍ ആയിരക്കണക്കിന് കരാര്‍ തൊഴിലാളികള്‍ കനിവ് കാത്തിരിക്കുന്നത്.

അതേസമയം സെന്റര്‍ ഫോര്‍ മോണിറ്ററിങ്ങ് ഇന്ത്യന്‍ എക്കണോമിയുടെ കണക്കുകള്‍ പ്രകാരം കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 20.1 ശതമാനമാണ്.

ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കിയതിന് ശേഷമുള്ള കണക്കുകളാണ് ഇത്. മെയ് മാസത്തിലെ 26.1 ശതമാനത്തില്‍ നിന്നും കേരളത്തിന് ചെറിയ രീതിയില്‍ മെച്ചപ്പെടാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന രീതിയിലാണ് ഇപ്പോള്‍ കേരളത്തിലെ തൊഴില്‍ പ്രതിസന്ധിയെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ്ങ് ഇന്ത്യന്‍ എക്കണോമിയുടെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാനാകൂ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ