തെൽ അവീവ്: ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ഇസ്രഈലി സമ്പന്നന്റെ കപ്പൽ ഇറാനിയൻ ഡ്രോണാക്രമണം നേരിട്ടതായി റിപ്പോർട്ട്.
സി.എം.എ സി.ജി.എം സിമി കപ്പലിനെതിരെയാണ് ആക്രമണമുണ്ടായതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. നവംബർ 24ന് ഇസ്രഈൽ – ഹമാസ് ഉടമ്പടി പ്രകാരമുള്ള വെടിനിർത്തൽ ആരംഭിക്കുന്നതിന് തൊട്ട് മുമ്പായിരുന്നു ആക്രമണം ഉണ്ടായതെന്ന് അറബ് വാർത്താ ചാനലായ അൽ മയദീൻ റിപ്പോർട്ട് ചെയ്തു.
ഷാഹെദ് – 136 ഡ്രോണാണ് കപ്പലിനെ ആക്രമിച്ചത്. അതേസമയം കപ്പലിലെ ജീവനക്കാർക്ക് പരിക്കുകളൊന്നുമില്ലെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി അറിയിച്ച യു.എസ് ഇന്റലിജൻസ് എന്തുകൊണ്ടാണ് ഇറാനാണ് ഉത്തരവാദികൾ എന്ന് വിശ്വസിക്കുന്നതെന്ന് അറിയിച്ചിട്ടില്ല.
ഡ്രോൺ ആക്രമണം നടക്കുന്നതിന് മുന്നോടിയായി കപ്പലിന്റെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം (എ.ഐ.എസ്) ട്രാക്കർ ഓഫാക്കിയിരുന്നു എന്ന് അസോസിയേറ്റഡ് പ്രസ് അറിയിച്ചു. കപ്പൽ ആക്രമിക്കപ്പെടാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ ജീവനക്കാർ സുരക്ഷയുടെ ഭാഗമായാണ് ഇങ്ങനെ ചെയ്യുന്നത്.
എന്നാൽ ദിവസങ്ങൾക്കു മുമ്പ് തന്നെ എ.ഐ.എസ് ഓഫ് ചെയ്തിട്ടും ആക്രമണം നടന്നുവെന്നത് എ.ഐ.എസ് കൊണ്ട് മാത്രം ആക്രമണം തടയാനാകില്ല എന്നാണ് സൂചിപ്പിക്കുന്നതെന്ന് ദുരന്തനിവാരണ കമ്പനി ആംബ്രെ പറഞ്ഞു.
ഇസ്രയേലി ശതകോടീശ്വരനായ ഇദാൻ ഒഫറിന്റെ ഉടമസ്ഥതയിലുള്ള ഈസ്റ്റർ പസിഫിക് ഷിപ്പിങ് കമ്പനിയുടെ കപ്പലാണ് സിമി. സിംഗപ്പൂർ ആസ്ഥാനമായ കമ്പനിയാണ് ഈസ്റ്റേൺ പസിഫിക് ഷിപ്പിങ്. ഇസ്രഈലി സേനയിലെ സ്‌പെഷൽ ഫോഴ്സിന്റെ പ്രവർത്തനങ്ങൾക്കായി ഓഫർ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കപ്പലുകൾ ഉപയോഗിക്കുന്നതായി 2011ൽ യു.കെ പത്രമായ ദി സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ആഴ്ച ചെങ്കടലിൽ വെച്ച് ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള കാർഗോ ഷിപ്പ് ഹൂതികൾ പിടിച്ചടക്കിയതായി ഇസ്രഈൽ ആരോപിച്ചിരുന്നു. സംഭവം സ്ഥിരീകരിച്ച ഹൂതികൾ കപ്പൽ ഇസ്രഈലി ഉടമസ്ഥതയിലുള്ളതാണെന്ന് അറിയിച്ചു.
കപ്പലിന്റെ യഥാർത്ഥ ഇസ്രഈലിലെ സമ്പന്ന വ്യക്തികളിൽ ഒരാളും മൊസാദുമായി അടുത്ത ബന്ധവുമുള്ള അബ്രഹാം റാമി ഉൻഗർ ആണെന്ന് പിന്നീട് വ്യക്തമായിരുന്നു.
Content Highlight: Israeli-owned ship attacked by suspected Iranian drone – AP