വെസ്റ്റ് ബാങ്കിലേക്കുള്ള വൈദ്യുതി വിഛേദിക്കുമെന്ന് ഇസ്രഈല്‍; ഫലസ്തീന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് തള്ളി അധിനിവേശ രാജ്യം
ടെല്‍ അവിവ്: അധിനിവേശ വെസ്റ്റ് ബാങ്കില്‍ വൈദ്യുതി ബന്ധം വിഛേദിക്കുമെന്ന് ഇസ്രഈല്‍ സര്‍ക്കാരിന്റെ കീഴിലുള്ള വൈദ്യുതി കമ്പനി. 120 മില്യണ്‍ വരുന്ന വൈദ്യുതി ബില്‍ ഫലസ്തീന്‍ അതോറിറ്റി അടച്ചില്ലെങ്കില്‍ വൈദ്യുതി നല്‍കുന്നത് നിര്‍ത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കിയത്.
വെസ്റ്റ് ബാങ്കിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരിക്കുന്ന സാഹചര്യത്തിലാണ് ഭീഷണി സ്വരവുമായി ഇസ്രഈല്‍ എത്തിയത്.
ഫലസ്തീന്റെ സാമ്പത്തിക ശേഷി തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭയിലെ ഉദ്യോഗസ്ഥന്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 20ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് മുഖവിലയ്‌ക്കെടുക്കാതെയാണ് ഇസ്രഈല്‍ വൈദ്യുതി ബന്ധം വിഛേദിക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകുന്നത്.
വിദേശത്ത് നിന്നുള്ള ഫണ്ടുകളുടെ സഹായത്തോടെയാണ് ഫലസ്തീന്റെ സാമ്പത്തിക രംഗം മുന്നോട്ട് പോകുന്നത്. എന്നാല്‍ കൊവിഡ് മഹാമാരിയും ഇസ്രഇലിന്റെ വര്‍ധിച്ച് വരുന്ന അധിനിവേശവും ആക്രമണങ്ങളും കൂടിയായപ്പോള്‍ ഇവരുടെ സാമ്പത്തിക സ്ഥിതി നശിക്കുകയായിരുന്നു.
മൂന്ന് വര്‍ഷത്തിനിടെ ഇസ്രഈലില്‍ നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആദ്യ ബജറ്റ് പാസാക്കിയതോടെ ഇതിന്റെ നടപടികള്‍ കൂടുതല്‍ വേഗത്തിലാവാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്.