ടെല്‍ അവീവ്: വെസ്റ്റ് ബാങ്കിലെ അല്‍-അന്‍സാര്‍ മസ്ജിദ് തകര്‍ത്ത് ഇസ്രഈല്‍. അധിനിവേശ വെസ്റ്റ് ബാങ്ക് അഭയാര്‍ത്ഥി ക്യാമ്പിലെ മുസ്‌ലിം പള്ളിയാണ് വ്യോമാക്രമണത്തില്‍ തകര്‍ന്നത്.
ആക്രമണത്തെ തുടര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടതായും മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ അധികൃതര്‍ അറിയിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ജനിന്‍ അഭയാര്‍ത്ഥി ക്യാമ്പിലെ പള്ളിയില്‍ ഉണ്ടായ ആക്രമണത്തില്‍ ഹമാസിന്റെയും ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദിന്റെയും നിരവധി ആളുകള്‍ കൊല്ലപ്പെട്ടതായി ഇസ്രഈല്‍ സൈന്യം പറഞ്ഞു.
ജനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദിന്റെ തകര്‍ന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിലെ വ്യോമാക്രമണം അസാധാരണമായതിനാല്‍ ഇത് ഏവരെയും ഞെട്ടിക്കുന്നതാണ് അല്‍ജസീറ റിപ്പോര്‍ട്ടര്‍ സാറ ഖൈറത് സൗദ് പറഞ്ഞു.
‘ ആകാശത്ത് ഒരു എഫ്-ഫൈറ്റര്‍ ജെറ്റ് ഞങ്ങള്‍ കണ്ടു. അതിന്റെ ശബ്ദം കേള്‍ക്കുകയും പിന്നീട് അത് ഇസ്രഈലി ആര്‍മിയില്‍ നിന്നുമുള്ള വ്യോമാക്രമണമാണെന്ന് ദൃക്‌സാക്ഷികള്‍ തിരിച്ചറിയുകയും ചെയ്തു’. എന്ന് ഖൈറത് കൂട്ടിച്ചേര്‍ത്തു.
ഫലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഒക്ടോബര്‍ 7നുശേഷം വിവിധ അക്രമണങ്ങളിലായി അധിനിവേശ വെസ്റ്റ് ബാങ്കില്‍ മാത്രം മരണസംഖ്യ 90 ആയി ഉയര്‍ന്നിട്ടുണ്ട്.
Content Highlight: Israel strikes mosque in occupied West bank refugee camp