ന്യൂയോർക്ക്: ഇസ്രഈൽ സൈന്യത്തിന്റെ ആയുധ പ്രയോഗം ഗസയിലെ സാധാരണ ജനങ്ങൾക്ക് നേരെയുള്ള മനഃപൂർവമുള്ള അക്രമണമാണെന്ന് യു.എൻ അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. മാനവികതക്കെതിരെയുള്ള ക്രൂരമായ കൃത്യങ്ങൾ ഇസ്രഈൽ ചെയ്തുവെന്ന് അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ അധ്യക്ഷ നവി പിളള പറഞ്ഞു.
ഇസ്രഈൽ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ, നിർബന്ധിത പട്ടിണി, ഉന്മൂലനം, കൊലപാതകം, ഫലസ്തീനികളോടുള്ള മനുഷ്യത്വരഹിതവും ക്രൂരവുമായ പെരുമാറ്റം എന്നിവ ചെയ്തിട്ടുണ്ടെന്ന് അധിനിവേശ ഫലസ്തീൻ പ്രദേശത്തെക്കുറിച്ചുള്ള പഠന റിപ്പോർട്ടിൽ പറയുന്നു. ഗസയിലെ ഏതാണ്ട് മുഴുവൻ ജനങ്ങളെയും താമസിക്കാൻ പറ്റാത്തതും സുരക്ഷിതമല്ലാത്തതുമായ പ്രദേശത്തേക്ക് ബലം പ്രയോഗിച്ച് മാറ്റിയതായും കമ്മീഷൻ കണ്ടെത്തി.
ജനങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിൽ ഇസ്രഈൽ ഉപയോഗിച്ചത് മാരക ആയുധങ്ങളാണെന്നും നവി പിള്ള പറഞ്ഞു. സാധാരണക്കാർക് നേരെ വിവിധ തരത്തിലുള്ള അക്രമണങ്ങളാണ് അവർ നടത്തിയതെന്നും ക്രൂരമായ ലൈംഗികാതിക്രമങ്ങൾ കൂടി അതിൽ ഉൾപെടുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
സ്ത്രീകളും, പുരുഷന്മാരും, കുട്ടികളും ഉൾപ്പെടെ നിരവധിയാളുകളെ ഇസ്രഈൽ സൈന്യം ശാരീരിക പീഡനത്തിനിരയാക്കിയെന്നും ഫലസ്തീൻ ജനതയുടെ വ്യക്തി സ്വാതന്ത്ര്യത്തിനു മേലെയുള്ള കടന്നു കയറ്റമാണ് ഇത്തരം അക്രമണങ്ങളെന്നും അവർ കൂട്ടിച്ചേർത്തു.
‘ഗസയിലെ തങ്ങളുടെ പ്രവർത്തനങ്ങൾ ഹമാസിനെ നശിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനുമാണെന്ന് ഇസ്രഈൽ ഉദ്യോഗസ്ഥർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ആയിരക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെടുകയാണുണ്ടായത്.
അവർ പറഞ്ഞ കാര്യങ്ങളൊന്നുമല്ല ചെയ്തു കൊണ്ടിരിക്കുന്നത്. പറഞ്ഞ ലക്ഷ്യങ്ങളൊന്നും അവർ നേടിയിട്ടുമില്ല, മറിച്ച് സാധാരണക്കാരുടെ ജീവിതം തകർക്കപ്പെട്ടു. അധിനിവേശ ഫലസ്തീൻ പ്രദേശത്ത് സന്ദർശനം നടത്താൻ കമ്മീഷനെ അനുവദിക്കാത്ത ഇസ്രഈൽ സൈന്യത്തിന്റെ നിലപാട് ക്രൂരമാണ്,’ നവി പിള്ള പറഞ്ഞു.
ഗസയിലെ ആശുപത്രികൾക്കും, ആരോഗ്യ കേന്ദ്രങ്ങൾക്കും നേരെയുള്ള അക്രമണങ്ങൾ, യുദ്ധം കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിച്ചത് പോലെയുള്ള വിഷയങ്ങൾ തുടങ്ങിയവ സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തിറക്കുമെന്നും കമ്മീഷൻ പറഞ്ഞു. ഈ റിപ്പോർട്ടുകൾ യു. എൻ പൊതു സഭക്ക് മുമ്പാകെ ഹാജരാക്കുമെന്നും കമ്മീഷൻ പറഞ്ഞു.
Content Highlight: Israel’s actions in Gaza ‘intentional attack on civilians’: UN inquiry