ടെല്‍ അവീവ്: ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജ്യത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കെ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ കുടുംബം വിദേശത്തേയ്ക്ക് യാത്ര ചെയ്തതില്‍ ഇസ്രഈലില്‍ പ്രതിഷേധം ശക്തിപ്പെടുന്നു. പ്രധാനമന്ത്രിയുടെ ഭാര്യ ഗിലാറ്റ് ബെന്നറ്റും മക്കളുമാണ് ബുധനാഴ്ച വിദേശത്തേയ്ക്ക് യാത്ര ചെയ്തത്.
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അന്താരാഷ്ട യാത്രകള്‍ നടത്തരുതെന്ന് നഫ്താലി ബെന്നറ്റ് പൗരന്മാരോട് ആഹ്വാനം ചെയ്ത് ദിവങ്ങള്‍ക്കകമാണ് ബെന്നറ്റിന്റെ തന്നെ കുടുംബം സ്വകാര്യ സന്ദര്‍ശനത്തിനായി യാത്ര നടത്തിയത്.
ജനങ്ങള്‍ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുവരാന്‍ ബുദ്ധിമുട്ടുന്നതിനിടെ പ്രധാനമന്ത്രിയുടെ കുടുംബത്തിന്റെ ഭാഗത്ത് നിന്നുണ്ടായ നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരെ ജനങ്ങളും രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
”അയാളുടെ തന്നെ പെരുമാറ്റത്തിനും ജനങ്ങളോടുള്ള ഉത്തരവാദിത്തമില്ലായ്മയ്ക്കും തെളിവാണിത്. പ്രധാനമന്ത്രിയ്ക്ക് ജനങ്ങളുടെ മുന്നില്‍ സ്വയം ഒരുദാഹരണമാകാന്‍ സാധിക്കുന്നില്ല.
തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പ്രതിഷേധം രേഖപ്പെടുത്തുന്ന ഈസ്രഈലിലെ ജനങ്ങള്‍, ബെന്നറ്റിന്റെ സമൂഹമാധ്യമ പേജുകളില്‍ അദ്ദേഹത്തിന്റെ നേതൃപാടവം ചോദ്യം ചെയ്യുന്ന കമന്റുകളുമായും രംഗത്തെത്തിയിട്ടുണ്ട്.
ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുള്ള ഇസ്രഈല്‍ വിദേശരാജ്യങ്ങളില്‍ നിന്നും ഇസ്രഈലിലേയ്ക്കുള്ള യാത്ര തടയുന്നതിനായി അതിര്‍ത്തി അടയ്ക്കുകയും ചെയ്തിരുന്നു.