Advertisement
അടിക്കുന്ന പോലെ അടി വാങ്ങുന്നു; ഹൈദരാബാദിനെ വിമര്‍ശിച്ച് ആകാശ് ചോപ്ര
Sports News
അടിക്കുന്ന പോലെ അടി വാങ്ങുന്നു; ഹൈദരാബാദിനെ വിമര്‍ശിച്ച് ആകാശ് ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 03, 10:02 am
Thursday, 3rd April 2025, 3:32 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളാണ് ഇന്ന് ഏറ്റുമുട്ടാനിരിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ് മത്സരിക്കുന്നത്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി. വിജയ വഴിയിലേക്ക് തിരിച്ചെത്തുകയാണ് ഇരു ടീമുകളെയും ലക്ഷ്യം. പോയിന്റ് ടേബിളില്‍ കൊല്‍ക്കത്ത അവസാന സ്ഥാനത്തും ഓറഞ്ച് ആര്‍മി എട്ടാം സ്ഥാനത്തുമാണ്.

അവസാന മത്സരത്തില്‍ മുംബൈയോട് പരാജയപ്പെട്ടാണ് നൈറ്റ് റൈഡേഴ്സ് ഹോം മത്സരത്തിനെത്തുന്നത്. ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിനോട് തോറ്റ് തുടങ്ങിയ രഹാനെയുടെ സംഘം രാജസ്ഥാന്‍ റോയല്‍സിനോട് വിജയം സ്വന്തമാക്കിയിരുന്നു. ഈ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും കൊല്‍ക്കത്ത പ്രതീക്ഷിക്കുന്നില്ല.

അതേസമയം, രണ്ടാം വിജയമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് നോട്ടമിടുന്നത്. തുടര്‍ച്ചായി രണ്ട് തോല്‍വികള്‍ ഏറ്റുവാങ്ങിയാണ് സണ്‍റൈസേഴ്സ് നാലാം മത്സരത്തിനെത്തുന്നത്. ആദ്യ മത്സരത്തില്‍ വലിയ സ്‌കോര്‍ ഉയര്‍ത്തി വിജയിച്ചെങ്കിലും പിന്നീടുള്ള മത്സരങ്ങളില്‍ പരാജയപ്പെടുകയായിരുന്നു. വെടിക്കെട്ട് ബാറ്റര്‍മാരുള്ള ടോപ് ഓര്‍ഡറിന്റെ കരുത്തില്‍ വിജയം നേടാനാകും പാറ്റ് കമ്മിന്‍സും കൂട്ടരും ശ്രമിക്കുക.

മത്സരത്തിന് മുന്നോടിയായി സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിനെ വിലയിരുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഹൈദരാബാദിന് ഒരു പ്രശ്‌നമുണ്ടെന്നും മുഹമ്മദ് ഷമിയും പാറ്റ് കമ്മിന്‍സും ചേര്‍ന്ന് 18 ഓവറില്‍ 217 റണ്‍സ് വഴങ്ങിയിട്ടുണ്ടെന്നും ചോപ്ര പറഞ്ഞു. അവര്‍ അടിക്കുന്നത് പോലെ അടി വാങ്ങുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറയുന്നു.

ഹൈദരാബാദ് ഒരു സ്ഥിരതയുള്ള യൂണിറ്റാണെന്നും അവരുടെ ബാറ്റിങ് ഓര്‍ഡര്‍ തെറ്റിയിട്ടില്ലായെന്നും ചോപ്ര വ്യക്തമാക്കി. ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ ഇഷാന്‍ കിഷന്‍ മികച്ച പ്രകടനവുമായി തിരിച്ച് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആകാശ് ചോപ്രയുടെ വിലയിരുത്തലുകള്‍

‘ഹൈദരാബാദിന് ഒരു പ്രശ്‌നമുണ്ട്. മുഹമ്മദ് ഷമിയും പാറ്റ് കമ്മിന്‍സും ചേര്‍ന്ന് 18 ഓവറില്‍ 217 റണ്‍സ് വഴങ്ങിയിട്ടുണ്ട്. അത് ഒരുപാട് റണ്‍സാണ്. അപ്പോള്‍ അവര്‍ക്ക് എത്രമാത്രം അടി കിട്ടുന്നുണ്ടെന്ന് നിങ്ങള്‍ ചിന്തിക്കൂ. അവര്‍ അടിക്കുന്നത് പോലെ തന്നെ അവര്‍ സ്വയം അടി വാങ്ങുകയും ചെയ്യുന്നു. അത് അവര്‍ മെച്ചപ്പെടുത്തേണ്ട ഒരു കാര്യമാണ്.

അവര്‍ ഇവിടെ ഒരു സ്പിന്നറെ മാത്രം ഉള്‍പ്പെടുത്തി കളിക്കുമെന്ന് എനിക്ക് തോന്നുന്നു. സിമര്‍ജീത് തിരിച്ചുവരും. കഴിഞ്ഞ മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേടിയ സീഷന്‍ അന്‍സാരിയെ പുറത്തിരുത്തിയേക്കാം. പകരം സിമര്‍ജീത് സിങ് കളിച്ചേക്കും. അതാണ് ഞാന്‍ പ്രതീക്ഷിക്കുന്ന ഒരേയൊരു മാറ്റം.

ഹൈദരാബാദ് ഒരു സ്ഥിരതയുള്ള യൂണിറ്റാണ്. അവര്‍ക്ക് അധികം മാറ്റങ്ങള്‍ ആവശ്യമില്ല. ഒന്നോ രണ്ടോ മത്സരങ്ങള്‍ മോശമായി പോയി. പക്ഷേ അവര്‍ വെട്ടിച്ചുരുക്കുകയോ മാറ്റുകയോ ചെയ്യുന്നില്ല. അവരുടെ ബാറ്റിങ് ഓര്‍ഡര്‍ തെറ്റിയിട്ടില്ല.

ഇഷാന്‍ കിഷന്‍ ഒരു സെഞ്ച്വറി നേടി. അവന് രണ്ട് കുറഞ്ഞ സ്‌കോറുകള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. പക്ഷേ മികച്ച പ്രകടനവുമായി അവന്‍ തിരിച്ച് വരും. നിതീഷ് കുമാര്‍ റെഡ്ഡിയുടെ ഐ.പി.എല്‍ ഇതുവരെ അത്ര മികച്ചതല്ല. അതിനാല്‍ അദ്ദേഹത്തില്‍ കുറച്ചുകൂടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഹെന്റിക് ക്ലാസന്‍ നന്നായി കളിക്കുകയും അനികേത് വര്‍മ മനോഹരമായി ബാറ്റും ചെയ്യുന്നു,’ ചോപ്ര പറഞ്ഞു.

Content Highlight: IPL 2025: SRH vs KKR: Former Cricketer Aakash Chopra Criticizes Sunrisers Hyderabad