World News
നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാനാവില്ല; അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ നിന്ന് പിന്മാറാനൊരുങ്ങി ഹംഗറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
3 days ago
Thursday, 3rd April 2025, 3:13 pm

ബുഡാപാസ്റ്റ്: അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ (ഐ.സി.സി) നിന്ന് ഹംഗറി പിന്മാറുന്നതായി പ്രഖ്യാപനം. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹംഗറി സന്ദര്‍ശനത്തിനായി തലസ്ഥാനമായ ബുഡാപാസ്റ്റില്‍ എത്തിയതിന് പിന്നാലെയാണ് ഐ.സി.സിയില്‍ നിന്ന് പിന്മാറാനൊരുങ്ങുന്നതായി ഹംഗേറിയന്‍ സര്‍ക്കാര്‍ അറിയിച്ചത്. ഇന്ന് (വ്യാഴാഴ്ച) വൈകിട്ടോടെ ഐ.സി.സിയില്‍ നിന്ന് പിന്മാറാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്റെ ചീഫ് ഓഫ് സ്റ്റാഫ് ഗെര്‍ഗെലി ഗുല്യാസ് അറിയിച്ചു.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന യുദ്ധക്കുറ്റങ്ങളുടെ പേരില്‍ കഴിഞ്ഞ നവംബറിലാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അതിനാല്‍ തന്നെ ഐ.സി.സിയില്‍ അംഗമായ ഏത് രാജ്യത്ത് പ്രവേശിക്കപ്പെട്ടാലും നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാം എന്നാണ് നിയമം. ഈ നിയമം പ്രാബല്യത്തില്‍ നില്‍ക്കവെയാണ് നെതന്യാഹു ഹംഗറിയില്‍ സന്ദര്‍ശനത്തിന് എത്തിയത്.

ഐ.സി.സിയുടെ അസ്റ്റ് വാറണ്ട് പുറത്തുവന്ന് ഒരുദിവസം പിന്നിടുന്നതിന് മുമ്പെ തന്നെ ഹംഗറിയിലെ തീവ്ര വലതുപക്ഷ പ്രധാനമന്ത്രിയായ ഓര്‍ബന്‍ നെതന്യാഹുവിനെ രാജ്യത്തേക്ക് ക്ഷണിച്ചിരുന്നു. ഇസ്രഈലിന്റെ പ്രധാനസഖ്യ കക്ഷിയായ ഹംഗറി യൂറോപ്യന്‍ യൂണിയനിലും അംഗമാണ്. ഇ.യു ഇസ്രഈലിന് വിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ പലപ്പോഴും നെതന്യാഹു സര്‍ക്കാരിനെ പിന്തുണച്ചിരുന്ന രാജ്യമാണ് ഹംഗറി.

ഫെബ്രുവരിയില്‍ ഐ.സി.സി പ്രോസിക്യൂട്ടര്‍ കരീം ഖാനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപരോധം ഏര്‍പ്പെടുത്തിയപ്പോല്‍ തന്നെ ഐ.സി.സിയില്‍ നിന്ന് പുറത്തുപോകാനുള്ള സാധ്യത ഹംഗറി അറിയിച്ചിരുന്നു. ‘യു.എസ് ഉപരോധങ്ങള്‍ക്ക് വിധേയമായ ഒരു അന്താരാഷ്ട്ര സംഘടനയില്‍ ഞങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് ഹംഗറി അവലോകനം ചെയ്യേണ്ട സമയമാണിത്,’ ഓര്‍ബന്‍ അന്ന് എക്സില്‍ കുറിച്ചു .

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ സ്ഥാപക അംഗങ്ങളില്‍പ്പെട്ട രാജ്യങ്ങളിലൊന്നാണ് ഹംഗറി. ഐ.സി.സിയുടെ സ്ഥാപക അംഗമെന്ന നിലയില്‍, കോടതിയുടെ വാറണ്ടിന് വിധേയമായി ആരെയും അറസ്റ്റ് ചെയ്ത് കൈമാറാന്‍ ഹംഗറി ബാധ്യസ്ഥരാണ്. എന്നാല്‍ നെതന്യാഹുവിനെതിരായ വാറണ്ട് ധിക്കാരവും അസ്വീകാര്യവുമാണെന്നും ഹംഗറി അത് പാലിക്കില്ലെന്നും ഓര്‍ബന്‍ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.

1999ലാണ് ഹംഗറി ഐ.സി.സിയുടെ സ്ഥാപക രേഖയില്‍ ഒപ്പുവെച്ചത്. 2001ല്‍ അത് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ഐ.സി.സിയുടെ നിയമം ഒരിക്കലും ഹംഗേറിയന്‍ നിയമത്തിന്റെ ഭാഗമാക്കിയിട്ടില്ലെന്നും അതിനാല്‍ കോടതിയുടെ ഒരു നടപടിയും ഹംഗറിക്കുള്ളില്‍ നടപ്പിലാക്കാന്‍ കഴിയില്ല എന്നുമാണ് ഇപ്പോള്‍ ഹംഗേറിയന്‍ സര്‍ക്കാര്‍ പറയുന്നത്.

ഐ.സി.സിയില്‍ നിന്ന് പിന്മാറുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരു രാജ്യത്തിന് ഏകദേശം ഒരു വര്‍ഷം സമയമാണെടുക്കുക. അതിനുള്ളില്‍ പാര്‍ലമെന്റില്‍ നിന്ന് അനുമതി നേടിയെടുക്കാന്‍ ഭൂരിപക്ഷമുള്ള ഓര്‍ബന്റെ ഫിഡെസ് പാര്‍ട്ടിക്ക് സാധിക്കും.

Content Highlight: Netanyahu cannot be arrested; Hungary prepares to withdraw from International Court of Justice