ടെല്‍ അവീവ്: ഇസ്രഈലില്‍ മൂന്ന് വര്‍ഷത്തിനിടെ ആദ്യത്തെ ബജറ്റ് പാസാക്കി പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍. നവംബര്‍ 14 ആയിരുന്നു ബജറ്റ് അവതരണത്തിനായി സര്‍ക്കാരിന് അനുവദിച്ചിരുന്ന അവസാന തിയതി.
194 ബില്യണ്‍ ഡോളറിന്റെ പദ്ധതികളാണ് 2021 വര്‍ഷത്തേക്കായി അവതരിപ്പിച്ചത്.
നവംബര്‍ 14ന് മുന്‍പ് ബജറ്റ് അവതരിപ്പിച്ചിരുന്നില്ലെങ്കിന്‍ ബെന്നറ്റ് സര്‍ക്കാര്‍ സ്ഥാനമൊഴിയുകയും രാജ്യം മറ്റൊരു തെരഞ്ഞടുപ്പ് നേരിടേണ്ടിയും വന്നേനെ.
59ന് എതിരെ 61 വോട്ടുകള്‍ നേടിയാണ് പാര്‍ലമെന്റില്‍ ബെന്നറ്റിന്റെ സഖ്യസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് പാസായത്.
”വര്‍ഷങ്ങള്‍ നീണ്ട പ്രശ്‌നങ്ങള്‍ക്കൊടുവില്‍ നമ്മള്‍ ഒരു സര്‍ക്കാര്‍ രൂപീകരിച്ചു. ഡെല്‍റ്റ വകഭേദത്തെ നമ്മള്‍ മറികടന്നു. ഇപ്പോള്‍ ഇസ്രഈലിന് വേണ്ടി ബജറ്റും പാസാക്കി. ദൈവത്തിന് നന്ദി,” എന്നായിരുന്നു ബജറ്റ് അവതരണത്തിന് പിന്നാലെ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ട്വിറ്ററില്‍ കുറിച്ചത്.
അതേസമയം സഭയിലെ ബജറ്റ് അവതരണ ചര്‍ച്ചയ്ക്കിടെ മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്, ‘നുണയന്മാരുടെ സര്‍ക്കാരിനെയാണ് ബെന്നറ്റ് നയിക്കുന്നത്,’ എന്നായിരുന്നു. ഉത്തരവാദിത്തമില്ലാതെ പെരുമാറുന്ന ഈ സര്‍ക്കാരിനെ താഴെയിറക്കേണ്ടതുണ്ടെന്നും നെതന്യാഹു പറഞ്ഞു.