ടെല്‍ അവീവ്: ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിനിടെ ഹമാസ് ബന്ദികളാക്കിയ ആറ് പേരുടെ മൃതദേഹം കണ്ടെത്തിയതായി ഇസ്രഈല്‍ പ്രതിരോധ സേന. അതിര്‍ത്തി നഗരമായ റാഫയിലെ ഒരു തുരങ്കത്തില്‍ നിന്നാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കൊല്ലപ്പെട്ട ആറ് പേരില്‍ ഒരു അമേരിക്കന്‍ വംശജനും രണ്ട് സ്ത്രീകളും ഉള്‍പ്പെടും.
അമേരിക്കന്‍ വംശജനായ ഇസ്രഈല്‍ പൗരന്‍ ഹെര്‍ഷ് ഗോള്‍ഡ്ബര്‍ഗ്-പോളിന്‍, കാര്‍മല്‍ ഗാറ്റ്, ഏദന്‍ യെരുശാല്‍മി, അലക്‌സാണ്ടര്‍ ലോബനോവ്, അല്‍മോഗ് സര്‍സുയി, ഓറി ഡോനിനോ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ രക്ഷിക്കാന്‍ സൈന്യം എത്തുന്നതിന് തൊട്ടുമുമ്പ് ഹമാസ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സൈനിക വക്താവ് റിയര്‍ ആഡം ഡോനിയല്‍ ഹരാരി പ്രതികരിച്ചു.
ഒക്ടോബര്‍ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രഈല്‍ ഫലസ്തീനില്‍ നടത്തിയ കൂട്ടക്കുരുതിയില്‍ 40,000 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഗസയുടെ ഭാഗങ്ങളില്‍ മാത്രം 34 ഫലസ്തീന്‍ പൗരന്മാരെ ഇസ്രഈല്‍ സൈന്യം കൊലപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ഇസ്രഈല്‍ നടത്തിയ സൈനിക ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ഹമാസ് നേതാവ് ഇസ്സത്ത് അല്‍-റിഷേഖ് പ്രതികരിച്ചു. ബന്ദികളുടെ മരണത്തില്‍ 11 മാസമായി ഗസയില്‍ കൂട്ടക്കുരുതി നടത്തുന്ന ഇസ്രഈലിന് നിരുപാധിക പിന്തുണ നല്‍കുന്ന അമേരിക്കയ്ക്കും പങ്കുണ്ടെന്നും അല്‍-റിഷേഖ് ആരോപിച്ചു.
ഒക്ടോബറില്‍ ഏഴിന് തെക്കന്‍ ഇസ്രഈലില്‍ നടന്ന സംഗീത നിശയ്ക്കിടയില്‍ വെച്ചാണ് ഇവരെയടക്കം 250 പേരെ ഹമാസ് ബന്ദികളാക്കുന്നത്. എന്നാല്‍ കാര്‍മല്‍ ഗാട്ടിനെ ബേറിയിലെ ഒരു കാര്‍ഷിക മേഖലയില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയത്. അമേരിക്കന്‍ വംശജനായ ഗോള്‍ഡ് ബര്‍ഗ് പോളിന്റെ മരണം യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥിരീകരിച്ചു.
എന്നാല്‍ ഹമാസ് വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് അവര്‍ ബന്ദികളെ കൊലപ്പെടുത്തിയതെന്നുമാണ് ഈ വിഷയത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്. അതിനാല്‍ തന്നെ ഹമാസ് കണക്ക് പറയേണ്ടി വരുമെന്നും അവരുടെ അന്ത്യം കാണുന്നത് വരെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും നെതന്യാഹു പറഞ്ഞു.
എന്നാല്‍ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന് ഇസ്രഈല്‍ സര്‍ക്കാര്‍ സഹകരിക്കാത്തതാണ് ബന്ദികളുടെ മരണത്തിന് കാരണം എന്നാരോപിച്ച് നെതന്യാഹുവിനെതിരെ കൊല്ലപ്പെട്ട ബന്ദികളുടെ കുടുംബങ്ങളും രംഗത്തെത്തിയിരുന്നു. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ ജൂലൈയില്‍ നടന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം മോചിപ്പിക്കേണ്ടവരായുരുന്നെങ്കിലും കരാര്‍ നീണ്ട് പോയതോടെ മോചനം അനിശ്ചിതത്വത്തിലാവുകയായിരുന്നു. ഇനിയും നൂറോളം ബന്ദികള്‍ ഹമാസിന്റെ തടവിലുണ്ട്.