World
ഹമാസ് അംഗീകരിച്ച കരാര്‍ കണ്ട് ഞങ്ങള്‍ ഞെട്ടി, യു.എസ് കാര്യങ്ങള്‍ മറച്ചുവെച്ചു; വിമര്‍ശിച്ച് ഇസ്രഈല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 May 08, 07:09 am
Wednesday, 8th May 2024, 12:39 pm

ഗസ: ഹമാസുമായുള്ള വെടിനിർത്തൽ കരാർ ചർച്ചകളിൽ യു.എസിനോട് അതൃപ്തി പ്രകടിപ്പിച്ച് ഇസ്രഈൽ. യു.എസിനു വെടിനിർത്തൽ കരാറിനെക്കുറിച്ചും ഹമാസ് കരാർ അംഗീകരിക്കുമെന്നതിനെക്കുറിച്ചും നേരത്തെ അറിവുണ്ടായിരുന്നു എന്നാണ് ഇസ്രഈലിന്റെ വാദം . എങ്കിലും ഹമാസ് പരസ്യമായി കരാർ അംഗീകരിക്കുന്നത് വരെ യു.എസ് ഇത് തങ്ങളോട് പറഞ്ഞില്ലെന്ന് ഇസ്രഈൽ ആരോപണം.

മാധ്യമങ്ങളിലൂടെയാണ് ഇസ്രഈൽ തങ്ങളുടെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്. ഹമാസിന് ലഭിച്ച കരാർ കണ്ട് തങ്ങൾ അത്ഭുതപ്പെട്ടു പോയെന്നും തങ്ങൾ പറയാത്ത പല കാര്യങ്ങളും കരാറിൽ ഉൾപ്പെട്ടിരിക്കുന്നതായും ഇസ്രഈൽ ആരോപിച്ചു. അതോടൊപ്പം കരാർ പത്തു ദിവസം മുൻപ് തന്നെ ഹമാസിന് യു.എസും, ഖത്തറും, ഈജിപ്തും നൽകിയതായും ഇസ്രഈൽ ആരോപിച്ചു..

എന്നാൽ പ്രശ്ന പരിഹാരത്തിനായി അമേരിക്കൻ നയതന്ത്രജ്ഞർ ഇതിനു മുൻപും ഇരു വിഭാഗങ്ങളോടും ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അതിൽ അത്ഭുതപ്പെടാനില്ല എന്നുമാണ് യു.എസ് പ്രതികരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹമാസ് ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ വെടിനിർത്തൽ കരാർ അംഗീകരിച്ചത്. എന്നാൽ ഹമാസ് വെടിനിർത്തൽ കരാർ അംഗീകരിച്ചെങ്കിലും ഇസ്രഈൽ റഫ അതിർത്തിയിൽ കരയാക്രമണം തുടരുകയായിരുന്നു. റഫ അതിർത്തിയുടെ നിയന്ത്രണം ഇസ്രഈൽ ചൊവ്വാഴ്ച ഏറ്റെടുക്കുകയും ചെയ്തു.

ഗസയിലേക്ക് സഹായങ്ങളെത്തുന്ന പ്രധാന വഴിയാണ് റഫ അതിർത്തി. ഗസയിലെ ആക്രമണങ്ങളിൽ നിന്ന് രക്ഷ തേടി നിരവധി ഫലസ്തീനികളാണ് റഫയിൽ അഭയം പ്രാപിച്ചിരിക്കുന്നത്.

വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഇസ്രാഈൽ നടത്തുന്ന ആക്രമണം വിനാശത്തിനാണെന്ന് ഐക്യ രാഷ്ട്രസഭ ഇസ്രഈലിനോട് പറഞ്ഞു.

റഫ അതിർത്തിയിൽ നിന്നും മാറി താമസിക്കാൻ ഇസ്രഈൽ ഫലസ്തീനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. താരതമ്യേനെ സുരക്ഷിതമെന്ന് ഇസ്രഈൽ അവകാശപ്പെടുന്ന മാവാസിയിലേക്കാണ് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Content Highlight: Israel express frustration over U.S handling of talks with hamas