IPL
ധോണി ഔട്ടല്ല, അദ്ദേഹം ചതി കാണിക്കുകയുമില്ല; അമ്പയറിന് തെറ്റുപറ്റി; തുറന്നടിച്ച് മുന്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 12, 11:25 am
Saturday, 12th April 2025, 4:55 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പരാജയപ്പെട്ടിരുന്നു. സ്വന്തം തട്ടകമായ ചെപ്പോക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ പരാജയമാണ് ടീമിന് നേരിടേണ്ടി വന്നത്.

ചെപ്പോക്കില്‍ ചെന്നൈയുടെ ഏറ്റവും മോശം സ്‌കോറായ 103 റണ്‍സ് 10.1 ഓവറില്‍ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മറികടന്നു.

കൊല്‍ക്കത്ത ബൗളര്‍മാര്‍ക്ക് മുമ്പില്‍ കളിമറന്ന സൂപ്പര്‍ കിങ്‌സ് ബാറ്റര്‍മാരെയാണ് ആരാധകര്‍ കണ്ടത്. തുടരെ തുടരെ വിക്കറ്റുകള്‍ വീഴുമ്പോഴും രക്ഷകനായി ധോണി ക്രീസിലെത്തുമെന്ന് ആരാധകര്‍ വിശ്വസിച്ചു. എന്നാല്‍ ആര്‍. അശ്വിനും ജഡേജയ്ക്കും ദീപക് ഹൂഡയ്ക്കും ശേഷം ഒമ്പതാം നമ്പറിലാണ് ധോണി ക്രീസിലെത്തിയത്. എന്നാല്‍ കാര്യമായ ഒരു ഇംപാക്ടുമുണ്ടാക്കാന്‍ ക്യാപ്റ്റന് സാധിച്ചില്ല.

നേരിട്ട നാലാം പന്തില്‍ ഒരു റണ്‍സ് നേടി ധോണി പവലിയനിലേക്ക് തിരിച്ചുനടന്നു. ഐ.പി.എല്ലില്‍ തന്റെ എക്കാലത്തെയും പേടിസ്വപ്നമായ സുനില്‍ നരെയ്ന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് ധോണി പുറത്തായത്.

നരെയ്ന്‍ എല്‍.ബി.ഡബ്ല്യവിനായി അപ്പീല്‍ ചെയ്യുകയും ഫീല്‍ഡ് അമ്പയര്‍ കൊല്‍ക്കത്തയ്ക്ക് അനുകൂലമായി വിധിയെഴുതുതയുമായിരുന്നു. ഫീല്‍ഡ് അമ്പയറിനോട് ധോണി തന്റെ ബാറ്റ് ഉയര്‍ത്തിക്കാണിച്ചെങ്കിലും അമ്പയറിന്റെ തീരുമാനത്തിന് മാറ്റമുണ്ടായിരുന്നില്ല. ഇതോടെ ചെന്നൈ നായകന്‍ റിവ്യൂ എടുത്തു.

അള്‍ട്രാ എഡ്ജില്‍ ചെറിയ സ്‌പൈക്ക് കാണിച്ചെങ്കിലും ഇന്‍സൈഡ് എഡ്ജിന്റെ സാധ്യത തള്ളിക്കളഞ്ഞ മൂന്നാം അമ്പയര്‍ ഫീല്‍ഡ് അമ്പയറിന്റെ തീരുമാനം ശരിവെച്ചു.

ഇപ്പോള്‍ ധോണിയുടെ ഔട്ടിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ സൂപ്പര്‍ താരം നവ്‌ജ്യോത് സിങ് സിദ്ധു. ധോണി ഔട്ടല്ല എന്ന കാര്യം തനിക്ക് അറിയാമെന്ന് പറഞ്ഞ സിദ്ധു മനുഷ്യര്‍ക്ക് തെറ്റുപറ്റുന്നത് സാധാരണമാണെന്നും തേര്‍ഡ് അമ്പയര്‍ മനുഷ്യനാണെന്നും പറഞ്ഞു. മാച്ച് റിവ്യൂവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ധോണിക്ക് ഒരിക്കലും ചതി കാണിക്കാന്‍ സാധിക്കില്ല. ഇന്‍സൈഡ് എഡ്ജ് ഉണ്ടെന്ന് അമ്പയറെ അറിയിക്കാന്‍ വേണ്ടിയാണ് ധോണി ബാറ്റ് ഉയര്‍ത്തിക്കാണിച്ചത്. ധോണി എല്ലായ്‌പ്പോഴും ഇങ്ങനെ ചെയ്യാറില്ല, അദ്ദേഹം ഔട്ടല്ല എന്ന് എനിക്ക് ഉറപ്പാണ്.

ഏതൊരു മനുഷ്യനും തെറ്റ് പറ്റും, മൂന്നാം അമ്പയറും ഒരു മനുഷ്യനല്ലേ. ഇത് വലിയ ഒരു പ്രശ്‌നമാക്കുന്നതില്‍ കാര്യമില്ല. മുന്നോട്ട് പോകണം,’ സിദ്ധു പറഞ്ഞു.

‘മറ്റ് ബാറ്റര്‍മാര്‍ ടോട്ടലിലേക്ക് സംഭാവന നല്‍കണം. എന്നിരുന്നാലും ടീം അതിനോടകം തന്നെ തകര്‍ച്ച നേരിട്ടിരുന്നു. ചരിത്രത്തിലാദ്യമായി ടീം തുടര്‍ച്ചയായ അഞ്ച് മത്സരങ്ങള്‍ പരാജയപ്പെട്ടു. സ്വന്തം മണ്ണില്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ പരാജയപ്പെടുന്നതും ഇതാദ്യമാണ്. ധോണിയുടെ പുറത്താകല്‍ ഒരു എക്‌സ്‌ക്യൂസല്ല. ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വയം തകര്‍ന്നടിഞ്ഞു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ പരാജയത്തിന് പിന്നാലെ ചെന്നൈ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. ആറ് മത്സരത്തില്‍ നിന്നും വെറും രണ്ട് പോയിന്റാണ് ടീമിനുള്ളത്. മുംബൈ ഇന്ത്യന്‍സിനെതിരെ വിജയിച്ചുകൊണ്ട് ക്യാമ്പെയ്ന്‍ ആരംഭിച്ച സൂപ്പര്‍ കിങ്‌സ് തുടര്‍ച്ചയായ അഞ്ച് മത്സരങ്ങള്‍ പരാജയപ്പെട്ടു.

ഏപ്രില്‍ 14നാണ് ചെന്നൈയുടെ അടുത്ത മത്സരം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍. ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടായ എകാന സ്‌റ്റേഡിയമാണ് വേദി.

 

Content Highlight: IPL 2025: Navjot Singh Sidhu about MS Dhoni’s dismissal