ടെല്‍ അവീവ്: തെരഞ്ഞെടുപ്പില്‍ പരാജയ ഭീതി കടുത്തതോടെ പ്രതിപക്ഷ പാര്‍ട്ടികളെ അനുനയിപ്പിക്കാന്‍ അടവുമാറ്റി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചില്ലെങ്കില്‍ വീണ്ടു ഇസ്രഈലിന് തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും. മറ്റ് പാര്‍ട്ടികള്‍ സഖ്യം രൂപീകരിക്കാന്‍ തന്നൊടൊപ്പം ചേരണമെന്നും ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
വീണ്ടും അധികാരത്തിലെത്താന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് വിയര്‍ക്കേണ്ടി വരുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരു പാര്‍ട്ടിയും കേവല ഭൂരിപക്ഷം നേടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് ടി.വി ചാനലുകള്‍ പുറത്തുവിട്ട സര്‍വ്വേയിലും ഇസ്രഈലില്‍ തൂക്ക് മന്ത്രി സഭയായിരിക്കും എന്നാണ് പറയുന്നത്. ചാനല്‍ 11, 12, 13 എന്നിവയുടെ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ ഒരേ സ്വഭാവം പുലര്‍ത്തുന്നതാണ്. 120 അംഗ ഇസ്രഈലി പാര്‍ലമെന്റില്‍ നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് 53-54 വരെ സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്നും എക്സിറ്റ് പോള്‍ പറയുന്നു.
കേവല ഭൂരിപക്ഷത്തിന് 61 സീറ്റുകള്‍ വേണം. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് 59 സീറ്റുകള്‍ വരെ ലഭിക്കുമെന്ന പ്രവചനം നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.
രണ്ട് വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് ഇസ്രഈല്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് നേരിടുന്നത്.നെതന്യാഹുവിനും അദ്ദേഹത്തിന്റെ വലതുപക്ഷ പാര്‍ട്ടിയായ ലികുഡിനും കേവല ഭൂരിപക്ഷമായ 61 സീറ്റിലേക്ക് എത്താന്‍ അല്‍പ്പം വിയര്‍ക്കേണ്ടിവരുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.