ഗസ: വടക്കൻ ഗസയിൽ കമാൽ അദ്‌വാൻ ആശുപത്രി ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തിയ ഇസ്രഈൽ സേന രോഗികളെ ജീവനോടെ കുഴിച്ചുമൂടിയതായി അൽ ജസീറ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങൾ.
അൽജസീറയുടെ വീഡിയോഗ്രാഫറും റിപ്പോർട്ടറുമായ അനസ് അൽ ശരീഫാണ് വീഡിയോ പകർത്തിയത്.
ആശുപത്രി മുറ്റത്ത് അഭയാർത്ഥികൾ കെട്ടിയ നിരവധി ടെന്റുകൾ മനഃപൂർവം ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തിയ ഇസ്രഈലി സേന ആളുകൾക്ക് ഇറങ്ങി രക്ഷപ്പെടാൻ പോലും അവസരം നൽകിയില്ലെന്ന് ദൃശ്യങ്ങളിൽ കാണാം.
പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന അഭയാർത്ഥികളുടെ മേൽ ബുൾഡോസർ കയറ്റിയിറക്കി അവരെ കൊലപ്പെടുത്തിയെന്നും ആരോപണമുണ്ട്.
പത്തിലധികം ആളുകളെ ബുൾഡോസർ കയറ്റിയിറക്കി ഇസ്രഈൽ സേന കൊലപ്പെടുത്തിയതായി അനസ് അൽ ശരീഫ് വീഡിയോയിൽ പറഞ്ഞു.
രോഗികളെയും പരിക്കേറ്റ അഭയാർത്ഥികളെയും ജീവനോടെ കുഴിച്ചുമൂടിയെന്നും അനസ് അറിയിച്ചു.
‘പന്ത്രണ്ടിലധികം കുടിയിറക്കപ്പെട്ട, രോഗികളായ, പരിക്കേറ്റ ആളുകളെ ജീവനോടെ കുഴിച്ചുമൂടി. ആശുപത്രി പരിസരത്തെ ടെന്റുകൾ ക്രൂരമായി ഇടിച്ചുനിരത്തി,’ അനസ് പറഞ്ഞു.
ഇസ്രഈൽ സേന ആക്രമിക്കുമ്പോൾ ധാരാളം ആളുകൾ ആശുപത്രി മുറ്റത്ത് ഉണ്ടായിരുന്നുവെന്നും അവരെല്ലാം ഇപ്പോൾ അവശിഷ്ടങ്ങൾക്കടിയിൽ പെട്ടുപോയെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
കൃത്യമായി എത്ര പേർ കൊല്ലപ്പെട്ടുവെന്ന് അനീസിന്റെ വീഡിയോയിൽ വ്യക്തമല്ല. തനിക്ക് അക്രമണത്തിന്റെ ചെറിയ ഭാഗം മാത്രമേ വീഡിയോ എടുക്കാൻ സാധിച്ചിട്ടുള്ളൂ എന്നാണ് ഇദ്ദേഹം പറഞ്ഞത്.
Content Highlight: Israel bulldozes, ‘buries alive’ dozens at Gaza’s Kamal Adwan Hospital