ലെബനനില്‍ ഹിസ്ബുള്ളയെ ആക്രമിച്ച് ഇസ്രഈല്‍; ശിക്ഷ വളരെ കഠിനമായിരിക്കുമെന്ന് മറുപടി
World News
ലെബനനില്‍ ഹിസ്ബുള്ളയെ ആക്രമിച്ച് ഇസ്രഈല്‍; ശിക്ഷ വളരെ കഠിനമായിരിക്കുമെന്ന് മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th August 2024, 10:26 am

ടെല്‍ അവീവ്: ഇറാന്‍ പിന്തുണയ്ക്കുന്ന സായുധ ഗ്രൂപ്പായ ലെബനനിലെ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇസ്രഈല്‍. ഈസ്രഈലിനെ ആക്രമിക്കാന്‍ ഹിസ്ബുള്ള ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഇസ്രഈല്‍ ഡിഫന്‍സ് ഫോഴ്‌സ് ആക്രമിച്ചതെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ഇത്തരം ഭീഷണികള്‍ക്കെതിരെയുള്ള സ്വയം പ്രതിരോധത്തിന്റെ ഭാഗമായി ഐ.ഡി.എഫ് ഭീകര കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുകയാണ്,’ ഐ.ഡി.എഫ് വക്താവായ ഡാനിയല്‍ ഹഗാരി പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹിസ്ബുള്ളയുടെ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതിന് മുമ്പായി അവിടെയുള്ള ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായും ഇസ്രഈല്‍ പറഞ്ഞു.

ഹിസ്ബുള്ള

ഇതിന് പിന്നാലെ, കഴിഞ്ഞ മാസം തങ്ങളുടെ സീനിയര്‍ കമാന്‍ഡറെ വധിച്ചതിന്റെ പ്രതികരണമെന്നോണം ഇസ്രഈലില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഹിസ്ബുള്ളയും പ്രതികരിച്ചു.

ഇപ്പോഴുള്ള ആക്രമണങ്ങള്‍ക്കുള്ള മറുപടി വളരെ രൂക്ഷവും കഠിനവുമായിരിക്കുമെന്ന മുന്നറിയിപ്പും ഹിസ്ബുള്ള നല്‍കി. സയണിസ്റ്റ് ആക്രമങ്ങള്‍ക്കെതിരെ എന്നെന്നും നിലകൊള്ളുമെന്നും അവയെ പ്രതിരോധിക്കുമെന്നും സായുധ സേന കൂട്ടിച്ചേര്‍ത്തു.

വടക്കുകിഴക്കന്‍ ഇസ്രഈലിലേക്ക് റോക്കറ്റുകള്‍ വന്നേക്കുമെന്ന് മുന്നറിയിപ്പ് ജനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.

ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തര യോഗം വിളിച്ചു.

അതേസമയം, ഹിസ്ബുള്ളയുടെ നേതാവിനെ വധിച്ചതിനുള്ള തിരിച്ചടി തങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നായിരുന്നു ഇസ്രഈല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ പ്രതികരണം. ദി ടൈംസ് ഓഫ് ഇസ്രഈലിന്റെ റിപ്പോര്‍ട്ട് പ്രകാരം അതിപ്രധാനമായ ഒരു ആഴ്ചയാണ് തങ്ങള്‍ക്ക് മുമ്പിലുള്ളത് എന്നാണ് വിഷയത്തില്‍ പ്രതികരിച്ച് ഐ.ഡി.എഫ് വക്താവായ റയര്‍ ആദം പ്രതികരിച്ചത്.

ഇസ്രഈല്‍ ഡിഫന്‍സ് ഫോഴ്‌സ്

 

ഇക്കഴിഞ്ഞ ജൂലൈയില്‍ ബെയ്‌റൂട്ടില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തിലാണ് ഹിസ്ബുള്ളയുടെ ഉന്നത സൈനിക കമാന്‍ഡറായ ഫൗദ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തില്‍ നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു.

ഈ ആക്രമണങ്ങള്‍ക്കുള്ള മറുപടിയെന്നോണം ഹിസ്ബുള്ള നേരത്തെയും ഇസ്രഈലിനെതിരെ റോക്കറ്റാക്രമണം നടത്തിയിരുന്നു.

ഡസന്‍ കണക്കിന് മിസൈലുകളാണ് ഇസ്രഈലിന് നേരെ ഹിസ്ബുള്ള വിക്ഷേപിച്ചത്.

ഇസ്രഈലിനെതിരായ ആക്രമണത്തിന് ഹിസ്ബുള്ള ഉപയോഗിച്ചത് കത്യുഷ മിസൈലുകളാണെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ഹിസ്ബുള്ള വിക്ഷേപിച്ച ഭൂരിഭാഗം മിസൈലുകളും തടഞ്ഞതായി ഇസ്രഈല്‍ അറിയിച്ചു. ഇസ്രഈലിലെ ബെയ്റ്റ് ഹില്ലിലാണ് ഹിസ്ബുള്ള ആക്രമണം നടത്തിയത്.

ആഴ്ചകള്‍ക്ക് മുമ്പ് ഇറാന്‍, ഹമാസ്, ഹൂത്തി വിമതസംഘം എന്നിവര്‍ സംയുക്തമായി ഇസ്രഈലിനെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തങ്ങളുടെ അതിഥിയെ രാജ്യത്തിനകത്ത് കടന്ന് കൊലപ്പെടുത്തിയതില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ അറിയിച്ചിരുന്നു. ഹനിയയുടെ മരണത്തെ ഉദ്ധരിച്ചായിരുന്നു ഇറാന്റെ മുന്നറിയിപ്പ്.

 

 

Content Highlight: Israel attacks Hezbollah in Lebanon