ലെബനനിലെ യൂണിഫില്‍ ആസ്ഥാനത്ത് ഇസ്രഈല്‍ ആക്രമണം; രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു; വിമര്‍ശനവുമായി ഇറ്റലി
Trending
ലെബനനിലെ യൂണിഫില്‍ ആസ്ഥാനത്ത് ഇസ്രഈല്‍ ആക്രമണം; രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു; വിമര്‍ശനവുമായി ഇറ്റലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th October 2024, 8:30 am

ബെയ്‌റൂട്ട്: തെക്കന്‍ ലെബനനിലെ യു.എന്‍ ദൗത്യസേനയായ യൂണിഫില്‍ (യു.എന്‍ ഇന്ററിം ഫോഴ്‌സ് ഇന്‍ ലെബനാന്‍) ആസ്ഥാനത്ത് ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് ദൗത്യസേന അംഗങ്ങള്‍ക്ക് പരിക്ക്. തെക്കന്‍ ലെബനനിലെ നഖൂരയില്‍ സ്ഥിതി ചെയ്യുന്ന ഗ്രൂപ്പിന്റെ ആസ്ഥാനത്തെ ഗാര്‍ഡ് ടവറിന് നേരെയാണ് ആക്രമണമുണ്ടായത്. സേനാംഗങ്ങളുടെ പരിക്കുകള്‍ ഗുരുതരമല്ലെന്ന് യൂണിഫില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം ദൗത്യസേനയുടെ ആസ്ഥാനം ലക്ഷ്യമാക്കി ഇസ്രഈല്‍ സൈന്യം മനപ്പൂര്‍വം വെടിയുതിര്‍ക്കുകയായിരുന്നെന്ന് യൂണിഫില്‍ വക്താവ് ആന്‍ഡ്രിയ ടെനെന്റി അല്‍ ജസീറയോട് പ്രതികരിച്ചു. ആക്രമണത്തില്‍ കെട്ടിടത്തിലേക്കുള്ള വൈദ്യതി നിലച്ചെന്നും ഒരു റിലേ സ്റ്റേഷന് കേടുപാടുകള്‍ പറ്റിയെന്നും ടെനെന്റി പറഞ്ഞു.

എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ യൂണിഫില്‍ ഇസ്രഈലി അധികാരികളുമായി ചര്‍ച്ചയിലാണെന്നും ദൗത്യസേനയെ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂണിഫില്‍ ആസ്ഥാനത്തെ നിരീക്ഷണ ടവര്‍ ലക്ഷ്യമാക്കിയാണ് ഇസ്രഈല്‍ സൈന്യം ആക്രമണം നടത്തിയതെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കരസേനയുടെ മൊര്‍കാവാ ടാങ്ക് മിസൈല്‍ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്.

1978ലാണ് ഐക്യരാഷ്ട്ര സംഘടന യൂണിഫില്‍ എന്ന പേരില്‍ പ്രത്യേക ദൗത്യസംഘത്തെ ലെബനനിലേക്ക് സമാധാന സംരക്ഷണത്തിന്റെ ഭാഗമായി അയക്കുന്നത്. ലെബനനില്‍ നിന്ന് ഇസ്രഈല്‍ സൈന്യത്തെ തിരിച്ചയയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. നിലവില്‍ 10,000 സൈനികര്‍ ഈ സേനയുടെ ഭാഗമായി ലെബനനിന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗം പേരും ഇറ്റാലിയന്‍ സൈനികരാണ്. ലെഫ്. ജനറല്‍ അരോള്‍ഡോ ലസാറോ സെയ്ന്‍സ് ആണ് സേനയുടെ മേധാവി. ഇദ്ദേഹവും ഇറ്റലിക്കാരനാണ്.

ലെബനനില്‍ നിന്ന് ദൗത്യസേനയെ പിന്‍വലിക്കണമെന്ന് ഇസ്രഈല്‍ പലതവണ ഭീഷണി മുഴക്കിയിരുന്നെങ്കിലും അയര്‍ലാന്‍ഡ് ആവശ്യത്തെ തള്ളുകയായിരുന്നു. അതേസമസം ഈസ്രഈല്‍ ആക്രമണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറ്റലിയും രംഗത്തെത്തിയിട്ടുണ്ട്. ഇറ്റലിയിലെ ഇസ്രഈല്‍ അംബാസിഡറെ വിളിച്ചുവരുത്തി പ്രതിരോധ മന്ത്രി ഗ്വിയേദോ ക്രൊസേറ്റോ പ്രതിഷേധം അറിയിച്ചു.

കഴിഞ്ഞ ദിവസം ഇസ്രഈല്‍ ആക്രമണത്തില്‍ ലെബനനില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. 117പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സെന്‍ട്രല്‍ ബെയ്‌റൂട്ടിലെ ഹിസ്ബുള്ള ആസ്ഥാനം ലക്ഷ്യം വെച്ചായിരുന്നു ആക്രമണം.

Content Highlight: Israel attack UNIFIL tower in Lebanon