മൂന്ന് പതിറ്റാണ്ടിനിടയിൽ ഏറ്റവും കൂടുതൽ ഫലസ്തീൻ ഭൂമി ഇസ്രഈൽ കൈയേറിയത് 2024ൽ; റിപ്പോർട്ട്
Worldnews
മൂന്ന് പതിറ്റാണ്ടിനിടയിൽ ഏറ്റവും കൂടുതൽ ഫലസ്തീൻ ഭൂമി ഇസ്രഈൽ കൈയേറിയത് 2024ൽ; റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th July 2024, 1:59 pm

ഗസ: 30 വർഷത്തിനിടെ ഇസ്രഈൽ ഏറ്റവും കൂടുതൽ ഫലസ്തീൻ ഭൂമി കൈയേറിയത് 2024 ൽ എന്ന് റിപ്പോർട്ട്. ഇസ്രഈലി സെറ്റിൽമെന്റ് വാച്ച് ഡോഗ് ആണ് റിപ്പോർട്ടുകൾ പുറത്ത് വിട്ടത്.

വെസ്റ്റ് ബാങ്കിൽ മാത്രമായി ഈ വർഷം ഏകദേശം 2370 ഹെക്ടർ ഭൂമിയാണ് ഇസ്രഈൽ സർക്കാർ പിടിച്ചെടുത്തത്. മൂന്ന് പതിറ്റാണ്ടിനിടയിൽ നടന്ന ഏറ്റവും വലിയ ഭൂമി കയ്യേറ്റമാണിത്.

ജോർദാൻ താഴ്വരയിലെ 3138 ഏക്കർ ഭൂമി, സർക്കാർ ഭൂമിയാണെന്ന് ഈ അടുത്ത് ഇസ്രഈലി സർക്കാർ പ്രഖ്യാപിച്ചതായി ആന്റി സെറ്റിൽമെന്റ് ഗ്രൂപ്പ് ആയ പീസ് നൗ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

1993 ലെ ഓസ്‌ലോ കരാർ അംഗീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഭൂമി കയ്യേറ്റമാണിതെന്നാണ് റിപ്പോർട്ട്.

മാർച്ചിൽ ജോർദാൻ താഴ്‌വരയിൽ 1,976 ഏക്കറും (800 ഹെക്ടർ) ഫെബ്രുവരിയിൽ മാലെ അദുമിമിൻ്റെയും കേദാറിൻ്റെയും ഇടയിൽ നിന്ന് 652 ഏക്കറും (264 ഹെക്ടർ) പിടിച്ചെടുത്തതിനെ തുടർന്നാണ് ഇപ്പോൾ ഈ നീക്കം ഉണ്ടായിരിക്കുന്നത്.

 

പിടിച്ചെടുക്കുന്ന ഭൂമി സർക്കാർ ഭൂമിയായി പ്രഖ്യാപിക്കുന്നതിലൂടെ, ഗവൺമെൻ്റ് അവ ഇസ്രഈലികൾക്ക് പാട്ടത്തിന് നൽകുകയും സ്വകാര്യ പലസ്തീൻ ഉടമസ്ഥത നിഷേധിക്കുകയും ചെയ്യുന്നു. സർക്കാർ ഭൂമിയായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഈ പ്രദേശങ്ങൾ ഇസ്രഈലി സൈനിക മേഖലകളായി പ്രഖ്യാപിക്കും. ഇത്തരത്തിൽ ഭൂമി കയ്യേറുന്നത് തുടർന്നുകൊണ്ടേയിരിക്കുകയാണെന്നും പീസ് നൗ പറയുന്നുണ്ട്.

ഈ ഭൂമി കയ്യേറ്റം മൂലം ശാശ്വതമായ ഒരു സമാധാന ഉടമ്പടി ഉണ്ടാക്കാൻ സാധിക്കില്ലെന്നാണ് ഫലസ്തീനികൾ പറയുന്നത്. അതോടൊപ്പം ഇസ്രഈലിന്റെ ഭൂമി കയ്യേറ്റ നിയമമായ സെറ്റിൽമെന്റ് നിയമത്തെ ഫലസ്തീനികൾ നിയമ വിരുദ്ധമായാണ് കാണുന്നത്.

നിലവിലെ ഇസ്രഈൽ സർക്കാർ വെസ്റ്റ് ബാങ്കിനെ ജൂതരുടെ ചരിത്രപ്രധാനമായ ഭൂമിയായാണ് കാണുന്നത്. 100 ൽ അധികം കെട്ടിടങ്ങൾ ഇസ്രഈൽ ഇവിടെ നിർമിച്ചിട്ടുണ്ട്. കയ്യേറിയ പല സ്ഥലങ്ങളും ചെറു പട്ടണങ്ങൾ പോലെയോ ഗ്രാമങ്ങൾ പോലെയോ ആണിപ്പോൾ. ഇസ്രഈൽ പൗരത്വമുള്ള അഞ്ച് ലക്ഷത്തോളം ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. വെസ്റ്റ് ബാങ്കിലെ മൂന്ന് ലക്ഷത്തോളം ഫലസ്തീനികൾ ഇസ്രഈൽ സൈനിക ഭരണത്തിന് കീഴിലാണ് താമസിക്കുന്നത്.

വെസ്റ്റ് ബാങ്കിനെ ഇസ്രഈലുമായി കൂട്ടിച്ചേർക്കാനുള്ള സെറ്റിൽമെന്റ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത് ഇസ്രാഈലിന്റെ ധനകാര്യമന്ത്രി ബസാലേൽ സ്മോട്രിച്ച് ആണ്.

കഴിഞ്ഞ മാസം, തൻ്റെ നാഷണൽ റിലീജിയസ് പാർട്ടിയും റിലിജിയസ് സയണിസം പാർട്ടിയും സംയുക്തമായി നടത്തിയ സമ്മേളനത്തിൽ വെസ്റ്റ് ബാങ്ക് ഇസ്രഈലുമായി കൂട്ടിച്ചേർക്കാനുള്ള പദ്ധതിയുമായി രാജ്യം മുന്നോട്ട് കൊണ്ടുപോകുകയാണെന്ന് സ്മോട്രിച്ച് സമ്മതിച്ചു .

പീസ് നൗവിന് ലഭിച്ച കണക്കനുസരിച്ച് , 2024 ലെ ഭൂമി കയ്യേറ്റം മുൻ വർഷങ്ങളിലെ ശരാശരിയുമായി നോക്കുമ്പോൾ ഏകദേശം 10 മടങ്ങ് വർധിച്ചെന്ന് സ്മോട്രിച്ച് പ്രസ്താവിച്ചിരുന്നു.

ഇസ്രാഈലിന്റെ ഈ നീക്കത്തെ യു.എൻ വക്താവ് സ്റ്റെഫാൻ ഡുജാരിക് വിമർശിച്ചു. ഇസ്രഈലിന്റെ ഈ നീക്കം തെറ്റായ ദിശയിലേക്കാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Israel announces largest Palestinian land grab in over 30 years