'ഗസ പൗരന്മാരോട് അനുകമ്പ കാണിക്കണം, ബന്ദികളെ മോചിപ്പിക്കണം'; മാര്‍പ്പാപ്പയുടെ പ്രതികരണത്തെ വിമര്‍ശിച്ച് ഇസ്രഈല്‍
World News
'ഗസ പൗരന്മാരോട് അനുകമ്പ കാണിക്കണം, ബന്ദികളെ മോചിപ്പിക്കണം'; മാര്‍പ്പാപ്പയുടെ പ്രതികരണത്തെ വിമര്‍ശിച്ച് ഇസ്രഈല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th October 2023, 10:14 am

ജെറുസലേം: ഫലസ്തീൻ-ഇസ്രഈൽ യുദ്ധം തുടരുന്നതിനിടെ ഗസ പൗരന്മാരെ അനുകൂലിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പരാമർശത്തിൽ അതൃപ്തി അറിയിച്ചു ഇസ്രഈൽ വിദേശകാര്യ മന്ത്രി എലി കോഹെൻ.

അവസാന ഏഴു ദിവസങ്ങളിലായി ഇസ്രഈൽ ബോംബാക്രമണത്തെ തുടർന്ന് 400,000ലധികം പേർ ഗസയിൽ നിന്നും പലായനം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഫ്രാൻസിസ് മാർപാപ്പ തൻ്റെ നിലപാട് വ്യക്തമാക്കിയത്.

‘ഇസ്രഈലിലും ഫലസ്തീനിലും വളരെ വേദനാജനകമായ കാര്യങ്ങളാണ് നടക്കുന്നത്. ഗസയിൽ ഉപരോധം നേരിടുന്ന സിവിലിയൻമാർക്ക് മാനുഷിക ഇടനാഴികൾ അനുവദിക്കുകയും ബന്ദികൾ ആക്കപ്പെട്ടവരെ മോചിപ്പിക്കുകയും വേണം’ എന്നായിരുന്നു ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രസംഗത്തിൽ പരാമർശിച്ചിരുന്നത്.തുടർന്നായിരുന്നു ഇസ്രഈൽ വിദേശകാര്യമന്ത്രി പ്രതികരണവുമായി വന്നത്.

തുടർന്ന് പോപ്പിന്റെ പരാമർശം അസ്വീകാര്യമാണെന്നും ഒക്ടോബർ ഏഴിലെ ഹമാസ് അക്രമണത്തിൽ ഇസ്രഈലിൽ 1300 പേരെ സംസ്കരിക്കുമ്പോൾ ഗസ സിവിലിയൻമാരോട് അനുകമ്പ കാണിക്കുന്നത് ശരിയല്ലെന്നായിരുന്നു ഇസ്രഈൽ വിദേശകാര്യ മന്ത്രി എലി കോഹെൻ പറഞ്ഞത് എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

കൂടാതെ ഇസ്രഈൽ സൈനികരും പൗരന്മാരും ഉൾപ്പെടെ 155 പേരെ ഒക്ടോബർ ഏഴിന് ഹമാസ് പിടികൂടിയിട്ടുണ്ടെന്നും അതിൽ ബന്ദികളാക്കപ്പെട്ടവരിൽ അമേരിക്കക്കാരും ബ്രിട്ടീഷുകാരും ഉൾപ്പെടുമെന്നും ഇസ്രഈൽ അധികാരികൾ വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി പോൾ ഗല്ലഗറെ അറിയിച്ചതായി ടൈംസ് ഓഫ് ഇസ്രഈൽ റിപ്പോർട്ട് ചെയ്തു.

 

Content Highlight: Israel against Vatican response over Gaza