ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പരയും മെന്‍ ഇന്‍ ബ്ലൂ സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിന്‍ഡീസിന്റെ അടിത്തറയിളക്കിയ ഇന്ത്യയെ രണ്ടാം മത്സരത്തില്‍ ആതിഥേയര്‍ തകര്‍ത്തുവിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍ണായകമായ സീരീസ് ഡിസൈഡറിലേക്ക് കാര്യങ്ങളെത്തിയത്. മൂന്നാം മത്സരത്തില്‍ വിജയിക്കുന്ന ടീമിന് പരമ്പര നേടാം എന്നിരിക്കെ 200 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്.
ഇന്ത്യയുടെ ടോപ് ഓര്‍ഡറിന്റെ കരുത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്കുയര്‍ന്നിരുന്നു. ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍, നാലാം നമ്പറില്‍ ഇറങ്ങിയ സഞ്ജു സാംസണ്‍, ക്യാപ്റ്റന്റെ റോളിലെത്തിയ ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യ 351ലെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 151ന് ഓള്‍ ഔട്ടാവുകയായിരുന്നു. ശുഭ്മന്‍ ഗില്‍ മത്സരത്തിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പരമ്പരയില്‍ ഉടനീളം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇഷാന്‍ കിഷന്‍ മാന്‍ ഓഫ് ദി സീരീസ് ആയും തെരഞ്ഞെടുക്കപ്പെട്ടു.
Shubman Gill top-scored in the #WIvIND ODI series decider and bagged the Player of the Match award as #TeamIndia won the third & final ODI to clinch the series 👏 👏 pic.twitter.com/jKk4WoanYT
ഈ നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും ഇഷാന്‍ കിഷനെ തേടിയെത്തിയിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിക്ക് ശേഷം ഓവര്‍സീസില്‍ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് ഇഷാന്‍ കിഷന്‍ സ്വന്തമാക്കിയത്.
മൂന്ന് തവണയാണ് ധോണി ഓവര്‍സീസില്‍ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരത്തിന് അര്‍ഹനായത്. 2009ല്‍ ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തില്‍ ആദ്യമായി ഓവര്‍സീസ് എം.ഒ.എസ് പുരസ്‌കാരം നേടിയ ധോണി 2011ല്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലും 2019ല്‍ ഇന്ത്യയുടെ ഓസീസ് പര്യടനത്തിലും നേട്ടം ആവര്‍ത്തിച്ചു.
ഇതിന് ശേഷം ഇതാദ്യമായാണ് ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഈ നേട്ടത്തിന് ഉടമയാകുന്നത്.
ഇതിന് പുറമെ മറ്റൊരു നേട്ടവും ഇഷാന്‍ നേടിയിരുന്നു. മൂന്ന് മത്സരങ്ങടങ്ങിയ ഏകദിന പരമ്പരയിലെ എല്ലാ മത്സരത്തിലും അര്‍ധ സെഞ്ച്വറി തികയ്ക്കുന്ന ആറാമത് ഇന്ത്യന്‍ താരം എന്ന റെക്കോഡും, വിന്‍ഡീസ് മണ്ണില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന റെക്കോഡുമാണ് ഇഷാന്‍ കൈപ്പിടിയിലൊതുക്കിയത്.
1982ല്‍ ശ്രീലങ്കക്കെതിരേ മുന്‍ ക്യാപ്റ്റനും മുന്‍ ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമചാരി ശ്രീകാന്താണ് ആദ്യമായി മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ എല്ലാ കളിയിലും ഫിഫ്റ്റിയടിച്ചത്.
1985ല്‍ ശ്രീലങ്കക്കെതിരെ തന്നെ മറ്റൊരു മുന്‍ നായകനും മുഖ്യ സെലക്ടറുമായിരുന്ന ദിലീപ് വെങ്‌സര്‍ക്കാറും ഈ നേട്ടത്തിനൊപ്പമെത്തി. 1985ല്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനാണ് എലൈറ്റ് ക്ലബ്ബിലെത്തിയ മൂന്നാമത്തെ താരം. അദ്ദേഹത്തിന്റെ നേട്ടവും ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു.
2019ല്‍ ഓസ്‌ട്രേലിയക്കെതിരേ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എം.എസ്. ധോണിയും ഹാട്രിക് ഫിഫ്റ്റികളടിച്ചു. 2020ല്‍ മധ്യനിര താരം ശ്രേയസ് അയ്യരായിരുന്നു അഞ്ചാമതായി തുടരെ മൂന്നു ഫിഫ്റ്റികളടിച്ച താരം. ന്യൂസിലന്‍ഡിനെതിരെയുള്ള പരമ്പരയിലായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. ഇപ്പോള്‍ ഇഷാനും ശ്രേയസിനൊപ്പമെത്തിയിരിക്കുകയാണ്.
Content Highlight: Ishan Kishan becomes first wicketkeeper-batter to win Overseas Man of the Series award after Dhoni