കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – സൗത്ത് ആഫ്രിക്ക ഏകദിന മത്സരത്തില്‍ ഇഷാന്‍ കിഷന്റെയും ശ്രേയസ് അയ്യരിന്റെയും മികച്ച ബാറ്റിങ് പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ശ്രേയസ് അയ്യര്‍ 113 റണ്‍സെടുത്തപ്പോള്‍ 93 റണ്‍സിനാണ് ഇഷാന്‍ കിഷന്‍ പുറത്തായത്.
ഓപ്പണര്‍മാര്‍ പെട്ടെന്ന് തന്നെ കൂടാരം കയറിയപ്പോള്‍ വണ്‍ ഡൗണായി ഇറങ്ങിയ ഇഷാന്‍ കിഷനാണ് ഇന്നിങ്‌സിനെ മുന്നോട്ട് നയിച്ചത്. നാല് ബൗണ്ടറിയും ഏഴ് സിക്‌സറുമായിരുന്നു താരത്തിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്.
അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായെങ്കിലും ഇന്ത്യയുടെ വിജയത്തില്‍ താന്‍ സന്തുഷ്ടനായിരുന്നു എന്നാണ് കിഷന്‍ പറഞ്ഞത്.
താരത്തിന്റെ പവര്‍ പാക്ഡ് ഹാര്‍ഡ് ഹിറ്റിങ്ങ് പ്രകടനത്തിന് ശേഷം സ്‌ട്രൈക്ക് റൊട്ടേഷനെ കുറിച്ച് ചോദിച്ചിരുന്നു. എന്നാല്‍ സിക്‌സറടിച്ച് ആക്രമിച്ച് കളിക്കാനാണ് തനിക്കിഷ്ടമെന്നും സ്‌ട്രൈക്ക് റോട്ടേഷനില്‍ താത്പര്യമില്ലെന്നും ഇഷാന്‍ കിഷന്‍ പറഞ്ഞു.
‘സിക്‌സറടിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ കരുത്ത്. അത് ഞാന്‍ ചെയ്യുന്നത് പോലെ ആര്‍ക്കും ചെയ്യാന്‍ സാധിക്കില്ല.
സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതാണ് ചില താരങ്ങളുടെ സ്‌ട്രെങ്ത്. എന്നാല്‍ എന്റേത് വമ്പനടികള്‍ തന്നെയാണ്. ഞാനത് ഒരു പ്രശ്‌നവും കൂടാതെ ചെയ്യുന്നുണ്ടെങ്കില്‍ പിന്നെന്തിന് സ്‌ട്രൈക്ക് കൈമാറണം?,’ ഇഷാന്‍ കിഷന്‍ ചോദിക്കുന്നു.
എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നത് മികച്ചതാണെന്നും അദ്ദേഹം പറയുന്നു.
‘ചില സമയങ്ങളില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതാണ് ഏറ്റവും മികച്ച ഓപ്ഷന്‍. ഞാന്‍ അതിനായി പ്രാക്ടീസ് ചെയ്യുകയാണ്. ഞാന്‍ സെഞ്ച്വറിക്ക് കേവലം ഏഴ് റണ്‍സ് മാത്രം അകലെയായിരുന്നു. എന്നാല്‍ സാഹചര്യത്തിന് അനുസരിച്ച് തന്നെയാണ് ഞാന്‍ കളിച്ചത്,’ ഇഷാന്‍ കിഷന്‍ കൂട്ടിച്ചേര്‍ത്തു.