തിരുവനന്തപുരം: കണ്‍സഷന്‍ നാണക്കേടാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന വിദ്യാര്‍ത്ഥി വിരുദ്ധമാണെന്നും കേരളത്തിന് നാണക്കേടായ മന്ത്രി നിരുപാധികം മാപ്പ് പറയണമെന്നും എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
കണ്‍സഷന്‍ നാണക്കേടല്ല അവകാശമാണെന്നും ഗതാഗത മന്ത്രി കേരളത്തിന് നാണക്കേടാണെന്നും എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത യാത്രാവകാശത്തെ പരിഹസിച്ച മന്ത്രിയുടെ പ്രസ്താവന വിദ്യാര്‍ത്ഥി സമൂഹത്തെ അപമാനിക്കലാണ്. വദ്യാര്‍ത്ഥി വിരുദ്ധമായ സമീപനത്തില്‍ നിന്നും മന്ത്രി പിന്നോട്ട് പോകണമെന്നും പ്രസ്താവന പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും എ.ഐ.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി. കബീറും സെക്രട്ടറി ജെ. അരുണ്‍ ബാബുവും ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് യാത്രാ സൗജന്യം വാങ്ങി യാത്ര ചെയ്യുന്നതില്‍ ഏതു വിദ്യാര്‍ത്ഥിക്കാണ് അപമാനമെന്നു ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കണമെന്ന് കെ.എസ്.യുവും ആവശ്യപ്പെട്ടിരുന്നു.
കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് താറുമാറായ ജീവിതസാഹചര്യങ്ങളില്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് യാത്രക്കൂലി വര്‍ധന താങ്ങാന്‍ കഴിയില്ല, ഒരു തരത്തിലുള്ള വര്‍ധനയും അനുവദിക്കില്ലെന്നാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് പറഞ്ഞത്.
സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷന്‍ തുക വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു.
ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നും ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ രീതിയില്‍ നിരക്ക് വര്‍ധന നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കണ്‍സഷന്‍ തുക വിദ്യാര്‍ത്ഥികള്‍ നാണക്കേടായി കാണുന്നുവെന്ന് പറഞ്ഞ മന്ത്രി പലരും അഞ്ച് രൂപ കൊടുത്താന്‍ ബാക്കി വാങ്ങാറില്ലെന്നും പറഞ്ഞു.
10 വര്‍ഷം മുമ്പാണ് വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ തുക 2 രൂപയായി നിശ്ചയിച്ചത്. രണ്ട് രൂപ ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ മനപ്രയാസം ഉണ്ടാക്കുന്നു. കണ്‍സഷന്‍ തുക വര്‍ധിപ്പിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
CONTENT HIGHLIGHTS: AISF urges Transport Minister Antony Raju to apologize unconditionally, His statement that the concession is a disgrace is anti-student