ലിയോ ഹിസ്റ്ററി ഓഫ് വയലന്‍സിന്റെ റീമേക്കോ; ലോകേഷിന്റെ മറുപടി
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ ലിയോ. വിജയ് നായകനാവുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പിന്നാലെ തന്നെ ട്രെയ്‌ലറിനെ പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. ലിയോ എല്‍.സി.യുവിന്റെ ഭാഗമാണോ എന്നതിന്റെ ഡീകോഡുകളാണ് കൂടുതലും നടന്നത്.
ഇതിനൊപ്പം തന്നെ ലിയോ ഹോളിവുഡ് ചിത്രം ഹിസ്റ്ററി ഓഫ് വയലന്‍സിന്റെ റീമേക്കാണോ എന്ന തരത്തിലുള്ള ചര്‍ച്ചകളും ഉയര്‍ന്നിരുന്നു. ട്രെയ്‌ലറിലെ രംഗങ്ങളും ഹിസ്റ്ററി ഓഫ് വയലന്‍സുമായുമുള്ള സാമ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ താരതമ്യങ്ങള്‍ നടന്നത്.
ഈ സംശയങ്ങള്‍ക്ക് ഇപ്പോള്‍ സംവിധായകന്‍ ലോകേഷ് തന്നെ മറുപടി നല്‍കുകയാണ്. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഹിസ്റ്ററി ഓഫ് വയലന്‍സ്-ലിയോ താരതമ്യങ്ങള്‍ക്ക് ലിയോ മറുപടി നല്‍കിയത്.
‘ചിത്രത്തിന്റെ പൂജ നടന്ന ദിവസം മുതല്‍ ഞാന്‍ അതിനെ പറ്റി ഒരുപാട് കേള്‍ക്കുന്നുണ്ട്. ലിയോ ഹിസ്റ്ററി ഓഫ് വയലന്‍സിന്റെ റീമേക്കാണോ എന്നതും എല്‍.സി.യുവിലുള്ളതാണോ എന്നതുമൊക്കെ പറയാത്തത് സിനിമ കാണുന്ന പ്രേക്ഷകനെ ചെറുതായി പോലും അത് ബാധിക്കരുത് എന്ന് വിചാരിക്കുന്നത് കൊണ്ടാണ്. അവര്‍ ആദ്യം വന്ന് സിനിമ കാണട്ടെ. എന്നിട്ട് ഇതിനെ പറ്റിയെല്ലാം സംസാരിക്കാം. അതുകൊണ്ടാണ് ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാത്തത്. റിലീസിന് ശേഷം ലിയോ എല്‍.സിയുവിലുണ്ടോ ഹിസ്റ്ററി ഓഫ് വയലന്‍സാണോ എന്നതൊക്കെ സംസാരിക്കാം,’ ലോകേഷ് പറഞ്ഞു.
ഒക്ടോബര്‍ 16നാണ് ലിയോ റിലീസ് ചെയ്യുന്നത്. തൃഷയാണ് ചിത്രത്തില്‍ നായികയാവുന്നത്. സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്.
സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.
Content Highlight: is Leo remake of ‘History of Violence’; Lokesh’s Reply