ന്യൂദല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റവതരണം തുടങ്ങി. ചരിത്രത്തിലാദ്യമായി രാജ്യത്ത് പേപ്പര്‍ രഹിത ബജറ്റാണ് അവതരിപ്പിക്കുന്നത്. ഇതിനായി ടാബുമായാണ് നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ എത്തിയത്. എം.പിമാര്‍ക്ക് ബജറ്റിന്റെ സോഫ്റ്റ് കോപ്പികളാണ് നല്‍കിയിരിക്കുന്നത്.
ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ തുക ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. 64180 കോടിയുടെ പാക്കേജാണ് ആരോഗ്യമേഖലയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ ആരോഗ്യ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
ലോക്ക് ഡൗണ്‍ കാലത്തെ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ രാജ്യത്തെ പിടിച്ചുനിര്‍ത്തിയെന്നും പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവര്‍ക്ക് സഹായമായെന്നും നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ അഭിപ്രായപ്പെട്ടു. കൊവിഡ് വാക്‌സിന്‍ വിതരണം രാജ്യത്തിന്റെ നേട്ടമായും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
അതേസമയം ബജറ്റ് അവതണം തുടങ്ങുന്നതിന് മുന്‍പായി പാര്‍ലമെന്റില്‍ പ്രതിപക്ഷം പ്രതിഷേധം നടത്തി. കര്‍ഷകസമരത്തെ ചൊല്ലിയായിരുന്നു പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധിച്ചത്.
കൊവിഡ് വ്യാപനത്തിനിടയില്‍ രാജ്യത്തെ സാമ്പത്തികരംഗം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റാണ് അവതരിപ്പിക്കുന്നത്. കൊവിഡ് കാരണം മാന്ദ്യത്തിലായ സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവിന് ഉത്തേജനം നല്‍കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോയെന്ന പ്രതീക്ഷയിലാണ് രാജ്യം.
സാമ്പത്തികമാന്ദ്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് രാജ്യത്തെ കൊവിഡ് ബാധിച്ചത്. 2019-20-ല്‍ മൊത്ത ആഭ്യന്തര ഉത്പാദനം നാലു ശതമാനമായി കുറഞ്ഞിരുന്നു. നിക്ഷേപരംഗത്തും കനത്ത ഇടിവ് ഉണ്ടായി. കൊവിഡ് കാരണമുണ്ടായ സാമ്പത്തികപ്രതിസന്ധി നിയന്ത്രിക്കാന്‍ രണ്ട് സാമ്പത്തിക പാക്കേജുകള്‍ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ