Kerala Election 2021
ഇരിക്കൂര്‍ സീറ്റ് എ.ഐ.സി.സിക്ക് ചായ വാങ്ങിക്കൊടുക്കുന്നവര്‍ക്കുള്ളതല്ല; കോണ്‍ഗ്രസ് ഓഫീസ് പൂട്ടി കരിങ്കൊടി നാട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 11, 03:46 pm
Thursday, 11th March 2021, 9:16 pm

കോട്ടയം: ഇരിക്കൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പ്രതിഷേധം. എ ഗ്രൂപ്പിന്റെ സിറ്റിംഗ് സീറ്റില്‍, ഐ ഗ്രൂപ്പുകാരനായ സജീവ് ജോസഫിനെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതിലാണ് പ്രതിഷേധം.

മണ്ഡലത്തിലെ രണ്ടിടത്ത് ഓഫീസ് പൂട്ടിയിട്ട് കരിങ്കൊടി കെട്ടി. ശ്രീകണ്ഠപുരത്തെ ഇരിക്കൂര്‍ നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഇന്ദിരാ ഭവനാണ് സോണി സെബാസ്റ്റിയനെ പിന്തുണയ്ക്കുന്ന എ വിഭാഗം ഓഫീസ് പൂട്ടിയിട്ട് പോസ്റ്റര്‍ പതിക്കുകയും കരിങ്കൊടി കെട്ടുകയും ചെയ്തത്.

സജീവ് ജോസഫിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാല്‍ വെള്ളിയാഴ്ച എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ കോലം കത്തിക്കുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

‘ആരുടെയെങ്കിലും പെട്ടിയും തൂക്കി ദല്‍ഹിയില്‍ കറങ്ങി നടക്കുന്നവര്‍ ഇരിക്കൂറില്‍ ആവശ്യമില്ല, എ.ഐ.സി.സിക്ക് ചായ വാങ്ങിക്കൊടുക്കുന്നവര്‍ക്കല്ല, ഇരിക്കൂര്‍ സീറ്റ്’ എന്നിവയാണ് പോസ്റ്ററിലെ വാചകങ്ങള്‍. സേവ് കോണ്‍ഗ്രസ് ഇരിക്കൂര്‍ എന്ന പേരിലാണ് പോസ്റ്റര്‍.

സോണി സെബാസ്റ്റ്യന്റെ പേര് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ സജീവ് ജോസഫിനായി ശക്തമായി രംഗത്ത് വന്നതോടെയാണ് പ്രതിസന്ധി ഉയര്‍ന്നത്.

40 വര്‍ഷമായി എ ഗ്രൂപ്പിലെ കെ.സി ജോസഫ് പ്രതിനിധീകരിച്ച മണ്ഡലം ഐ വിഭാഗത്തിന് വിട്ടുകൊടുത്തതിലാണ് പ്രതിഷേധം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Irikkoor KC Joseph Congress Group Kerala Election 2021