ബി.സി.സി.ഐയുടെ കേന്ദ്ര കരാറില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെയും ഇന്ത്യന്‍ മധ്യനിര താരം ശ്രേയസ് അയ്യരെയും പുറത്താക്കിയിരിക്കുകയാണ്. രഞ്ജി ട്രോഫി മത്സരത്തില്‍ പങ്കെടുക്കാത്തതിനും അച്ചടക്കമില്ലായ്മയും ചൂണ്ടിക്കാണിച്ചാണ് നടപടി.
രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ വിസമ്മതിച്ച താരങ്ങള്‍ക്ക് നേരെ അടുത്തിടെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ബോര്‍ഡ് അറിയിച്ചിരുന്നു. കരിയറില്‍ ഏറെ കാലത്തെ ഇടവേള എടുത്തപ്പോള്‍ ബി.സി.സി.ഐ ഇരുവരോടും ആഭ്യന്തര മത്സരങ്ങള്‍ കളിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് സൂചിപ്പിച്ചിരുന്നു.
ബി.സി.സി.ഐ പ്രസിഡന്റ് ജെയ് ഷായും ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡും ഇഷാനോടും ശ്രേയസ് അയ്യരോടും രഞ്ജി കളിക്കാന്‍ പറഞ്ഞെങ്കിലും ഇരുവരും ഇത് നിരസിക്കുകയായിരുന്നു. ശ്രേയസ് ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാണിച്ച് ടീമില്‍ നിന്നും വിട്ടുനിന്നിരുന്നു. എന്നാല്‍ താരം ഫിറ്റാണെന്ന് ബി.സി.സി.ഐ കണ്ടെത്തിയിരുന്നു.
താരങ്ങളെ പുറത്താക്കിയതില്‍ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ എക്‌സില്‍ ഒരു കമന്റ് ഇട്ടിരിക്കുകയാണ്. ‘ അണ്‍ബിലീവബിള്‍’ എന്നാണ് താരം കമന്റ് ഇട്ടത്. നേരത്തെ രോഹിത് ശര്‍മ താരങ്ങളെ വിമര്‍ശിച്ചപ്പോള്‍ ആകാശ് ചോപ്രയും രംഗത്ത് വന്നിരുന്നു.
Unbelievable!
— Irfan Pathan (@IrfanPathan) February 28, 2024
ജാര്‍ഖണ്ഡിന് വേണ്ടി കളിക്കുന്നതില്‍ നിന്നും ഇഷാന്‍ കിഷന്‍ പൂര്‍ണമായും പിന്മാറിയപ്പോള്‍ ശ്രേയസ് അയ്യര്‍ മുംബൈക്ക് വേണ്ടി സെമിഫൈനലില്‍ കളിക്കുമെന്ന് പറയുകയായിരുന്നു.
എന്നാല്‍ കിഷന്‍ 2024 ഡി.വൈ. പാട്ടീല്‍ ടി-20 കപ്പില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) ടീമിനായി കളിക്കുകയാണ് നിലവില്‍. മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് താരം കളത്തിലിറങ്ങിയത്. വരാനിരിക്കുന്ന ഐ.പി.എല്ലില്‍ കളിക്കാനാണ് താരം മുന്‍ഗണന നല്‍കുന്നത്.
Content highlight: Irfan Pathan comments on X after Ishaan Kishan and Shreyas Iyer’s dismissal