കോഴിക്കോട്: മുസ്‌ലിം സമുദായത്തിലെ ഇരവാദ ഉത്പാദന കേന്ദ്രങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് ഇ.കെ സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സമീപകാല സംഭവങ്ങളിലെ മുസ്‌ലിം സമുദായത്തെ പ്രതിനിധീകരിച്ച് വന്ന ചില പ്രതികരണങ്ങളുടെ സാഹചര്യത്തിലാണ് സത്താര്‍ പന്തല്ലൂരിന്റെ പോസ്റ്റ്. നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.
ഇരവാദ ഉത്പാദനങ്ങള്‍ക്ക് മാത്രമല്ല, ഇര നിര്‍മാണങ്ങള്‍ക്കും വേണം നിയന്ത്രണം എന്നാണ് നിഷാന്‍ പരപ്പനങ്ങാടി എന്ന പ്രൊഫൈലില്‍ നിന്ന് വന്ന കമന്റ്.
‘എനിക്ക് മനസ്സിലാകാത്തത് ഇരവാദം എങ്ങനെയാണ് അപരാധം ആകുന്നത് എന്നാണ്.
അക്രമമാണ് അപരാധം. അതിന് കൂട്ടുനില്‍ക്കുന്നതാണ് അപരാധം..
അക്രമം ഉണ്ടാകുന്നതു കൊണ്ടാണ് ഇര ഉണ്ടാകുന്നത്.
എന്നിട്ട് ഇര തന്റെ ദുര്‍ഗതി പറയരുത് എന്ന് പറയുന്നത് എന്ത് അപരാധമാണ്, ‘ എന്നാണ് സ്വാലിഹ് ഓണമ്പള്ളി എന്നയാള്‍ കമന്റ് ചെയ്തത്.
സര്‍വ പ്രശ്നങ്ങളെയും ഇസ്ലാമോഫോബിയ കൊണ്ട് തടുക്കാമെന്നതാണ് മൗദൂദിസ്റ്റുകളുടെ ഫിലോസഫിയെന്ന് എസ്.എസ്.എഫ് നേതാവ് മജീദ് അരിയല്ലൂറും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അങ്ങനെ ചെയ്യുമ്പോള്‍ അതുണ്ടാക്കുന്ന പരിക്ക് മുസ്‌ലിം സമുദായത്തിന് തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘ഇസ്ലാമോഫോബിയ. വ്യക്തിപരവും രാഷ്ട്രീയപരവുമായ സര്‍വ പ്രശ്നങ്ങളെയും ഇസ്ലാമോഫോബിയ കൊണ്ട് തടുക്കാമെന്നതാണ് മൗദൂദിസ്റ്റുകളുടെ ഫിലോസഫി.
അതുണ്ടാക്കി വെക്കുന്ന ദുരന്തം ആഘോഷിക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയമാണ് മൗദൂദിസ്റ്റുകളുടെ
മതരാഷ്ട്ര വാദത്തിന്റെ കരുത്ത്. മൗദൂദി സാഹിബ് മുന്നോട്ടുവെച്ച രാഷ്ട്ര നിര്‍മാണത്തിനുള്ള പുതിയ മാര്‍ഗങ്ങള്‍ മത്സര ബുദ്ധിയോടെ വികസിപ്പിക്കുകയാണ് കേരളത്തില്‍ രണ്ട് പാര്‍ട്ടികള്‍. പരീക്ഷണങ്ങള്‍ കരുതിയിരിക്കുക. അതുണ്ടാക്കുന്ന വലിയ പരിക്ക് സമുദായത്തിന് തന്നെയായിരിക്കും,’ എന്നാണ്
മജീദ് അരിയല്ലൂര്‍ പറഞ്ഞിരുന്നത്.
ഞായറാഴ്ച രാവിലെ കായംകുളം എം.എസ്.എം കോളേജില്‍ പഠിക്കുന്ന സഹോദരിയെ വിളിക്കാന്‍ പോകുന്നതിനിടെ തനിക്കും മാതാവിനും പൊലീസില്‍ നിന്നുണ്ടായ മോശം അനുഭവം അഫ്‌സല്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പങ്കുവച്ചിരുന്നു. ഉമ്മ പര്‍ദ്ദ ഇട്ടിരുന്നതുകൊണ്ടാണ് വാഹനം കടത്തിവിടാതിരുന്നതെന്നായിരുന്നു ചാത്തന്നൂര്‍ സ്വദേശി അഫ്‌സല്‍ മണിയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഈ സാഹചര്യത്തില്‍ കൂടിയാണ് എ.പി- ഇ.കെ സമസ്ത നേതാക്കളുടെ ഈ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.