പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹി ജയില്‍ മോചിതനായി. പ്രതിപക്ഷവുമായി ചേര്‍ന്ന് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ജുലൈ 11നാണ് പനാഹിയെ ജയില്‍ ശിക്ഷക്ക് വിധിച്ചത്. രണ്ട് ദിവസത്തെ നിരാഹാര സമരത്തിനൊടുവില്‍ ശനിയാഴ്ച കോടതി ജാഫര്‍ പനാഹിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
ഇറാനിയന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച മുഹമ്മദ് റസൂലോഫ്, മുസ്തഫ അല്‍ഹമ്മദ് എന്നീ സംവിധായകരുടെ അറസ്റ്റില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു പനാഹിയുടെ അറസ്റ്റ്. ടെഹ്‌റാനിലെ എവിന്‍ ജയിലില്‍ കഴിയുകയായിരുന്ന പനാഹി ‘എന്റെ ചേതനയറ്റ ശരീരം തടങ്കലില്‍ നിന്ന് മോചിപ്പിക്കുന്നതുവരെ ഞാന്‍ സമരം തുടരും’ എന്ന് പ്രഖ്യാപിക്കുകയായിരുന്നു.
പനാഹിയുടെ ഭാര്യ ഇക്കാര്യം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്. 62കാരനായ പനാഹിയുടെ ആരോഗ്യനിലയില്‍ ആശങ്കകള്‍ ശക്തമായതോടെ അദ്ദേഹത്തെ വിട്ടയക്കണമെന്ന ആവശ്യം ഉന്നയിച്ച് മനുഷ്യാവകാശ സംഘടകനകള്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തി.
ഇതേത്തുടര്‍ന്ന് കോടതി പനാഹിക്ക് ജാമ്യം അനുവദിക്കുകയും അദ്ദേഹത്തെ വിട്ടയക്കുകയുമായിരുന്നു. ദീര്‍ഘനാളത്തെ ജയില്‍ വാസത്തിന് ശേഷം വീട്ടില്‍ തിരികെയെത്തിയ പനാഹിയുടെ ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്.
2010ല്‍ ജാഫര്‍ പനാഹിയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട ഡൂള്‍ ന്യൂസിന്റെ റിപ്പോര്‍ട്ട്.
രാജ്യത്തെ സംവിധാനങ്ങള്‍ക്കെതിരെ കുപ്രചരണം നടത്തിയെന്നാരോപിച്ച് 2010ല്‍ ജാഫര്‍ പനാഹിക്ക് കൂച്ചുവിലക്കേര്‍പ്പെടുത്തിയിരുന്നു. അന്ന് ആറുവര്‍ഷത്തെ തടവും നിരവധി വിലക്കുകളുമാണ് പനാഹിക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്നത്. രണ്ട് മാസത്തെ തടവുശിക്ഷക്ക് ശേഷം പനാഹിയെ വിട്ടയച്ചുവെങ്കിലും പുറം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതുള്‍പ്പെടെയുള്ള വിലക്കുകള്‍ തുടര്‍ന്നു.
1995ല്‍ ‘വൈറ്റ് ബലൂണ്‍’ എന്ന ആദ്യ സിനിമയിലൂടെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരത്തിന് അര്‍ഹനാകുന്നതോടെയാണ് ജാഫര്‍ പനാഹി ശ്രദ്ധിക്കപ്പെടുന്നത്. 2006ല്‍ ഓഫ്‌സൈഡ് ബര്‍ലിന്‍ ഫെസ്റ്റിവലില്‍ സില്‍വര്‍ ബെയര്‍ അവാര്‍ഡും നേടിയതോടെ ഏഷ്യയിലെ ഏറ്റവും പ്രതിഭാധനനായ സംവിധായകന്‍ എന്ന ഖ്യാതിയും പനാഹി നേടി.