തിരിച്ചടിക്കാന്‍ നോക്കിയാല്‍ ഇതിലും വലിയ ആക്രമണം ഉണ്ടാകും; ഇസ്രഈലിനും അമേരിക്കക്കും മുന്നറിയിപ്പുമായി ഇറാന്‍
World News
തിരിച്ചടിക്കാന്‍ നോക്കിയാല്‍ ഇതിലും വലിയ ആക്രമണം ഉണ്ടാകും; ഇസ്രഈലിനും അമേരിക്കക്കും മുന്നറിയിപ്പുമായി ഇറാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th April 2024, 5:54 pm

ടെഹ്‌റാന്‍: ഇസ്രഈലില്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കിയാല്‍ വലിയ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇറാന്‍. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് മുന്നൂറോളം ഡ്രോണുകളും മിസൈലുകളുമായി ഇറാന്‍ ഇസ്രഈലിനെ ആക്രമിച്ചത്.

ഇസ്രഈല്‍ തിരിച്ചടിക്കാന്‍ തീരുമാനിച്ചാല്‍ അവരെ പിന്തുണക്കരുതെന്ന് അമേരിക്കക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രഈലോ അവരുടെ അനുയായികളോ തിരിച്ചടിക്കാന്‍ തീരുമാനിച്ചാല്‍ കൂടുതല്‍ ശക്തമായ മറുപടി നല്‍കുമെന്നാണ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി പറഞ്ഞത്.

ആക്രമണത്തില്‍ നെഗവ് വ്യോമകേന്ദ്രത്തില്‍ നാശനഷ്ടമുണ്ടായതായി ഇസ്രഈല്‍ സ്ഥിരീകരിച്ചു. 185 ഡ്രോണുകളും 146 മിസൈലുകളുമാണ് അഞ്ച് മണിക്കൂറോളം നീണ്ട ആക്രമണത്തില്‍ ഇറാന്‍ തൊടുത്തുവിട്ടത്.

ഇസ്രഈലിനെതിരായ ഈ ആക്രമണത്തിലൂടെ തങ്ങൾ ലക്ഷ്യം നേടിക്കഴിഞ്ഞെന്നാണ് ഇറാന്‍ സൈനിക മേധാവി മുഹമ്മദ് ബഗേരി പറഞ്ഞത്. ആക്രമണം ഇനി തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇസ്രഈലിനെതിരായ ഇറാന്‍ ആക്രമണം അതിന്റെ എല്ലാ ലക്ഷ്യങ്ങളും നേടിയിരിക്കുന്നു. ഞങ്ങളുടെ കാഴ്ചപ്പാടില്‍ ഓപ്പറേഷന്‍ അവസാനിച്ചു. അതിനാല്‍ ഇനി ആക്രമണം തുടരാന്‍ ഉദ്ദേശിക്കുന്നില്ല,’ ബാഗേരി പറഞ്ഞു.

തിരിച്ചടിക്കാന്‍ ഇസ്രഈലിന് പിന്തുണ നല്‍കിയാല്‍ അമേരിക്കയുടെ താവളങ്ങളെല്ലാം ഇറാന്‍ ആക്രമിക്കുമെന്ന് അദ്ദേഹം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഞായറാഴ്ച അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ വരെ തെല്‍അവീവ് ഉള്‍പ്പടെ ഇസ്രഈലിലെ പ്രധാന നഗരങ്ങളില്‍ അപായ സൈറണുകള്‍ മുഴങ്ങി. ആളപായം ഉണ്ടായില്ലെങ്കിലും സുരക്ഷതേടി ഓടുന്നതിനിടെ 31 പേര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തില്‍ ഇസ്രഈലിന്റെ രണ്ട് സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ സാധിച്ചെന്നും ഇറാന്റെ സൈനിക മേധാവി പറഞ്ഞു. മിസൈലുകൾ പതിച്ചതായി ഇസ്രഈലും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഭൂരിഭാഗം മിസൈലുകളും വ്യോമാതിര്‍ത്തിക്ക് അപ്പുറത്ത് വെച്ച് തകര്‍ക്കാന്‍ സാധിച്ചെന്നും ഇസ്രഈല്‍ അവകാശപ്പെട്ടു.

Content Highlight: Iran warns Israel, US of ‘severe response’ in case of retaliation