ദോഹ: അമേരിക്കയുടെ ഫുട്ബോള്‍ ടീമിനതിരെ ഫിഫക്ക് പരാതി നല്‍കി ഇറാന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ (Iran football federation).
ഓണ്‍ലൈനിലെ ഒരു പോസ്റ്റില്‍ ഇറാന്റെ ചിഹ്നം പതാകയില്‍ നിന്നും നീക്കം ചെയ്തുവെന്ന ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് യു.എസ് ടീമിനെതിരെ ഫിഫയ്ക്ക് പരാതി നല്‍കിയതെന്ന് ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ നിയമ ഉപദേഷ്ടാവ് പറഞ്ഞു.
യു.എസ് ഫുട്‌ബോള്‍ ടീമിന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ ബാനറില്‍ ചുവപ്പും വെള്ളയും പച്ചയും വരകളോടെയുള്ള ഇറാന്റെ പതാക താല്‍ക്കാലികമായി പ്രദര്‍ശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച ഇറാനെതിരെ ലോകകപ്പ് മത്സരം കളിക്കാനിറങ്ങുന്നതിന് മുന്നോടിയായാണ് യു.എസ് ഇത് പങ്കുവെച്ചത്.
എന്നാല്‍ ‘അല്ലാഹു’ എന്ന് എഴുതിയ ചിഹ്നമില്ലാതെയാണ് യു.എസ് ഇറാന്റെ പതാക ഡിസ്‌പ്ലേ ചെയ്തതെന്നാണ് ആരോപണം.
പിന്നീട് നവംബര്‍ 25ന് പുറത്തുവിട്ട ഔദ്യോഗിക ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലും അതേ ‘ചിഹ്നമില്ലാത്ത പതാക’ തന്നെ യു.എസ് ഉപയോഗിക്കുകയായിരുന്നു.
എന്നാല്‍ ഞായറാഴ്ച ഉച്ചയോടെ സമൂഹമാധ്യമങ്ങളില്‍ ഇതിനെതിരെ വ്യാപകമായി വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്ന് ഇറാന്‍ ടീം പോസ്റ്റുകള്‍ നീക്കം ചെയ്യുകയായിരുന്നു.
”ഇത് തീര്‍ത്തും അണ്‍പ്രൊഫഷണലാണ്. യു.എസ് ഫുട്‌ബോള്‍ ഫെഡറേഷന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഇറാന്റ പതാകയില്‍ നിന്ന് അല്ലാഹുവിന്റെ ചിഹ്നം നീക്കം ചെയ്തു,” ഇറാനി സ്റ്റേറ്റ് ന്യൂസ് ഏജന്‍സി ഐ.ആര്‍.എന്‍.എ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
ചിഹ്നം ഒഴിവാക്കിക്കൊണ്ട് ഇറാന്റെ പതാകയുടെ ചിത്രം പോസ്റ്റ് ചെയ്തത് അധാര്‍മികമായ പ്രവര്‍ത്തിയാണ് എന്നാണ് ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ നിയമ ഉപദേഷ്ടാവ് സഫിയ അല്ല ഫഗന്‍പൂര്‍ (Safia Allah Faghanpour) പറഞ്ഞതെന്ന് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സി തസ്‌നീം റിപ്പോര്‍ട്ട് ചെയ്തു.
”ഒരു രാജ്യത്തിന്റെ പതാകയെ ബഹുമാനിക്കുക എന്നത് മറ്റെല്ലാ രാജ്യങ്ങളും അനുകരിക്കേണ്ട, അംഗീകരിക്കപ്പെട്ട ഒരു അന്താരാഷ്ട്ര സമ്പ്രദായമാണ്. ഇറാനിയന്‍ പതാകയുമായി ബന്ധപ്പെട്ട് നടത്തിയ നടപടി അധാര്‍മികവും അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധവുമാണ്,” ഫഗന്‍പൂര്‍ പറഞ്ഞു.