ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ദല്‍ഹി ക്യാപ്പിറ്റല്‍സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിനിടെ റിഷബ് പന്തിനെയും കുല്‍ദീപ് യാദവിനെയും ഇതിഹാസ താരങ്ങളായ ഷെയ്ന്‍ വോണിനോടും ആദം ഗില്‍ക്രിസ്റ്റിനോടും ഉപമിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും കമന്റേറ്ററുമായ നവ്‌ജ്യോത് സിങ് സിദ്ധു. കമന്ററിക്കിടെയാണ് സിദ്ധു ഇക്കാര്യം പറഞ്ഞത്.
‘കുല്‍ദീപ് യാദവും റിഷബ് പന്തും ഷെയ്ന്‍ വോണിനെയും ആദം ഗില്ക്രിസ്റ്റിനെയും പോലെയാണ്. വിക്കറ്റ് നേടുന്നതിനായി പന്ത് കുല്‍ദീപിനെ നിരന്തരം മോട്ടിവേറ്റ് ചെയ്യുകയാണ്. പന്തിന്റെ ക്യാപ്റ്റന്‍സിയില്‍ കളിക്കാന്‍ ആരംഭിച്ചതോടെ അവന്റെ പ്രകടനം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.
പന്തെറിയുന്നതില്‍ കുല്‍ദീപിന് അവന്റേതായ ഒരു സ്റ്റൈലുണ്ട്. തന്റെ തുറുപ്പുചീട്ടില്‍ ടീമിന് അവശ്യമുള്ളതെന്തോ അത് നേടാന്‍ അവന് സാധിക്കും.
ടീം പരാജയത്തില്‍ നിന്നും തുടര്‍ പരാജയത്തിലേക്ക് കൂപ്പുകുത്തിയ ഒരു സീസണില്‍ ഇവര്‍ രണ്ട് പേരും ചേര്‍ന്ന് ദല്‍ഹിക്കായി അതിഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്,’ സിദ്ധു പറഞ്ഞു.
സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ നാല് ഓവറില്‍ 55 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് കുല്‍ദീപ് യാദവ് നേടിയത്. പവര്‍പ്ലേക്ക് ശേഷമുള്ള ആദ്യ ഓവറില്‍ അപകടകാരികളായ അഭിഷേക് ശര്‍മയെയും ഏയ്ഡന്‍ മര്‍ക്രമിനെയും മടക്കിയ കുല്‍ദീപ്, തന്റെ അടുത്ത ഓവറില്‍ ട്രാവിസ് ഹെഡിനെയും പുറത്താക്കി.
Kuldeep you beauty 🤩
— Delhi Capitals (@DelhiCapitals) April 20, 2024
അഭിഷേക് ശര്‍മയെയും ഏയ്ഡന്‍ മര്‍ക്രമിനെയും അക്‌സര്‍ പട്ടേലിന്റെ കൈകളിലെത്തിച്ച് പുറത്താക്കിയ കുല്‍ദീപ്, ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെ കൈകളിലെത്തിച്ചാണ് ഹെഡിനെ പുറത്താക്കിയത്.
ഈ വിക്കറ്റുകള്‍ നേടാന്‍ ഒരുപക്ഷേ കുല്‍ദീപിന് സാധിച്ചിരുന്നില്ലെങ്കില്‍ സണ്‍റൈസേഴ്‌സ് സ്‌കോര്‍ ഒരുപക്ഷേ ഉറപ്പായും 300 കടക്കുമായിരുന്നു.
മധ്യനിരയില്‍ നീതീഷ് കുമാര്‍ റെഡ്ഡി തകര്‍ത്തടിച്ചപ്പോഴും അവിടെയും രക്ഷകനായി എത്തിയത് കുല്‍ദീപാണ്. കുല്‍ദീപ് യാദവെറിഞ്ഞ 17ാം ഓവറിലെ അവസാന പന്തില്‍ ഡേവിഡ് വാര്‍ണറിന് ക്യാച്ച് നല്‍കിയാണ് റെഡ്ഡി പുറത്താകുന്നത്. 27 പന്തില്‍ 37 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
അതേസമയം, സണ്‍റൈസേഴ്‌സിനെതിരായ തോല്‍വിക്ക് പിന്നാലെ ക്യാപ്പിറ്റല്‍സ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ്. എട്ട് മത്സരത്തില്‍ നിന്നും മൂന്ന് ജയത്തോടെ ആറ് പോയിന്റാണ് ടീമിനുള്ളത്.
ഏപ്രില്‍ 24നാണ് ക്യാപ്പിറ്റല്‍സിന്റെ അടുത്ത മത്സരം. സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.
Content Highlight: IPL 2024: SRH vs DC: Navjot Singh Sidhu compares Rishabh Pant and Kuldeep Yadav with Shane Warne and Adam Gilchrist