കഴിഞ്ഞ കളി ദല്‍ഹി ജയിച്ചാലും കുല്‍ദീപിന് നാണക്കേട്; ഐ.പി.എല്ലിന്റെയല്ല ഫോര്‍മാറ്റിന്റെ തന്നെ മോശം റെക്കോഡ്
IPL
കഴിഞ്ഞ കളി ദല്‍ഹി ജയിച്ചാലും കുല്‍ദീപിന് നാണക്കേട്; ഐ.പി.എല്ലിന്റെയല്ല ഫോര്‍മാറ്റിന്റെ തന്നെ മോശം റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 21st April 2024, 12:43 pm

ഐ.പി.എല്‍ 2024ലെ 35ാം മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിജയിച്ചിരുന്നു. ക്യാപ്പിറ്റല്‍സിന്റെ ഹോം സ്‌റ്റേഡിയമായ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 67 റണ്‍സിനായിരുന്നു ഹോം ടീമിന്റെ പരാജയം.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാറ്റ് കമ്മിന്‍സും സംഘവും സീസണില്‍ ഒരിക്കല്‍ക്കൂടി 250+ സ്‌കോര്‍ പടുത്തുയര്‍ത്തി. ട്രാവിസ് ഹെഡ്, ഷഹബാസ് അഹമ്മദ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളും അഭിഷേക് ശര്‍മയുടെ വെടിക്കെട്ടുമാണ് സണ്‍റൈസേഴ്സിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണ് ഓറഞ്ച് ആര്‍മി അടിച്ചെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സ് തുടക്കത്തില്‍ ആഞ്ഞടിച്ചെങ്കിലും വിജയിക്കാന്‍ മാത്രം സാധിച്ചില്ല. ഓസീസ് യുവതാരം ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ ക്യാപ്പിറ്റല്‍സ് പൊരുതിയെങ്കിലും ആ പോരാട്ടം 20ാം ഓവറിലെ ആദ്യ പന്തില്‍ 199ല്‍ അവസാനിച്ചു.

പവര്‍പ്ലേയിലെ വെടിക്കെട്ട് മത്സരത്തിലുടനീളം തുടരാന്‍ സണ്‍റൈസേഴ്‌സിന് സാധിച്ചിരുന്നെങ്കില്‍ ദല്‍ഹിയുടെ പരാജയം ഇതിലും ഭീകരമാകുമായിരുന്നു. കുല്‍ദീപ് യാദവ് നല്‍കിയ ബ്രേക് ത്രൂവാണ് ഒരുവേള 300 കടക്കുമെന്ന് തോന്നിച്ച സണ്‍റൈസേഴ്‌സ് വെടിക്കെട്ടിന് കടഞ്ഞാണിട്ടത്.

മത്സരത്തില്‍ നാല് ഓവറില്‍ 55 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് കുല്‍ദീപ് യാദവ് നേടിയത്. പവര്‍പ്ലേക്ക് ശേഷമുള്ള ആദ്യ ഓവറില്‍ അപകടകാരികളായ അഭിഷേക് ശര്‍മയെയും ഏയ്ഡന്‍ മര്‍ക്രമിനെയും മടക്കിയ കുല്‍ദീപ്, തന്റെ അടുത്ത ഓവറില്‍ ട്രാവിസ് ഹെഡിനെയും പുറത്താക്കി.

അഭിഷേക് ശര്‍മയും ഏയ്ഡന്‍ മര്‍ക്രവും അക്സര്‍ പട്ടേലിന് ക്യാച്ച് നല്‍കി പവലിയനിലേക്ക് തിരിച്ചുനടന്നപ്പോള്‍ ട്രിസ്റ്റണ്‍ സ്റ്റബ്സിന്റെ കൈകളിലെത്തിച്ചാണ് കുല്‍ദീപ് ഹെഡിനെ പുറത്താക്കിയത്.

ഇതിന് പുറമെ മധ്യനിരയില്‍ നീതീഷ് കുമാര്‍ റെഡ്ഡി തകര്‍ത്തടിച്ചപ്പോഴും അവിടെയും രക്ഷകനായി എത്തിയത് കുല്‍ദീപാണ്. കുല്‍ദീപ് യാദവെറിഞ്ഞ 17ാം ഓവറിലെ അവസാന പന്തില്‍ ഡേവിഡ് വാര്‍ണറിന് ക്യാച്ച് നല്‍കിയാണ് റെഡ്ഡി പുറത്താകുന്നത്.

ക്യാപ്പിറ്റല്‍സിനായി മികച്ച രീതിയില്‍ പന്തെറിഞ്ഞെങ്കിലും ഒരു മോശം റെക്കോഡാണ് കുല്‍ദീപ് യാദവിനെ തേടിയെത്തിയത്. ഒരു ടി-20 ഇന്നിങ്‌സില്‍ നാലോ അതില്‍ കൂടുതല്‍ വിക്കറ്റുകളോ നേടുമ്പോള്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ താരമെന്ന മോശം റെക്കോഡാണ് കുല്‍ദീപ് സ്വന്തമാക്കിയത്.

ടി-20യില്‍ നാലോ അതിലധികമോ വിക്കറ്റ് നേടുമ്പോള്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ താരങ്ങള്‍

(താരം – ടീം – എതിരാളികള്‍ – വഴങ്ങിയ റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

കുല്‍ദീപ് യാദവ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 55 – 2024

കരണ്‍വീര്‍ സിങ് – കിങ്‌സ് ഇലവന്‍ പഞ്ചാബ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 54 – 2014

അഫ്താബ് ആലം – സ്പീന്‍ ഘര്‍ ടൈഗേഴ്‌സ് – ബൂസ്റ്റ് ഡിഫന്‍ഡേഴ്‌സ് – 54 – 2017

ഓഷാനെ തോമസ് – ജമൈക്ക താല്ലവാസ് – സെന്റ് കീറ്റ്‌സ് ആന്‍ഡ് നെവിസ് പേട്രിയറ്റ്‌സ് – 53 – 2019

സണ്‍റൈസേഴ്‌സിനെതിരായ ഫോര്‍ഫറിന് പിന്നാലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നിരിക്കുകയാണ് കുല്‍ദീപ്. അഞ്ച് മത്സരത്തില്‍ നിന്നും പത്ത് വിക്കറ്റാണ് താരത്തിന്റെ പേരിലുള്ളത്.

അതേസമയം, ഈ തോല്‍വിക്ക് പിന്നാലെ ക്യാപ്പിറ്റല്‍സ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ്. എട്ട് മത്സരത്തില്‍ നിന്നും മൂന്ന് ജയത്തോടെ ആറ് പോയിന്റാണ് ടീമിനുള്ളത്.

ഏപ്രില്‍ 24നാണ് ക്യാപ്പിറ്റല്‍സിന്റെ അടുത്ത മത്സരം. സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.

 

 

Content Highlight: IPL 2024: SRH vs DC: Kuldeep Yadav topped the list of most runs conceded in a T20 innings by taking at least 4 wickets.