195.7 സ്‌ട്രൈക്ക് റേറ്റ് ഓക്കെ, പക്ഷേ 137.0 ആവറേജ് എന്നൊക്കെ പറഞ്ഞാല്‍🔥😲 ഐ.പി.എല്‍ ലെജന്‍ഡ്‌സിന് പോലുമില്ലാത്ത നേട്ടത്തില്‍ പഞ്ചാബിന്റെ നെടുംതൂണ്‍
IPL
195.7 സ്‌ട്രൈക്ക് റേറ്റ് ഓക്കെ, പക്ഷേ 137.0 ആവറേജ് എന്നൊക്കെ പറഞ്ഞാല്‍🔥😲 ഐ.പി.എല്‍ ലെജന്‍ഡ്‌സിന് പോലുമില്ലാത്ത നേട്ടത്തില്‍ പഞ്ചാബിന്റെ നെടുംതൂണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th April 2024, 7:33 pm

ഐ.പി.എല്‍ 2024ല്‍ പഞ്ചാബ് കിങ്‌സിന്റെ നെടുംതൂണായി മാറുകയാണ് ശശാങ്ക് സിങ്. വിവാദപരമായ ലേലത്തിന് ശേഷം ടീമിലെത്തിയ താരം കോടികള്‍ മുടക്കി ടീമിലെത്തിച്ച വിദേശ താരങ്ങളേക്കാളും ക്യാപ്റ്റനെക്കാളും പഞ്ചാബിന്റെ വിശ്വസ്തനായി മാറിയിരിക്കുകയാണ്.

ഫിനിഷറുടെ റോളില്‍ പഞ്ചാബിന്റെ നെടുംതൂണായി മാറിയ താരം ആരാധകര്‍ക്കും പ്രിയപ്പെട്ടവനായി മാറിയിരിക്കുകയാണ്. ശശാങ്ക് ക്രീസിലുണ്ടെങ്കില്‍ ഏത് സമ്മര്‍ദഘട്ടത്തിലും ടീമിന് വിജയിക്കാന്‍ സാധിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷവെച്ചുപുലര്‍ത്തുന്നുണ്ട്. ഇത് പലപ്പോഴായി ശശാങ്ക് തെളിയിച്ചതുമാണ്.

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ശശാങ്കിന്റെ ചെറുത്തുനില്‍പാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. അശുതോഷ് ശര്‍മയെ കൂട്ടുപിടിച്ച് തോല്‍വിയില്‍ നിന്നും വിജയത്തിലേക്ക് താരം പഞ്ചാബ് കിങ്‌സിനെ കൈപിടിച്ചു നടത്തുകയായിരുന്നു.

ഈ സീസണിലെ അഞ്ച് ഇന്നിങ്‌സില്‍ നിന്നും 137 റണ്‍സാണ് താരം നേടിയത്. 195.71 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലും 137.00 എന്ന അവിശ്വസനീയമായ ശരാശരിയിലുമാണ് താരം ബാറ്റ് വീശുന്നത്. അഞ്ച് ഇന്നിങ്‌സില്‍ നിന്നും ഒരു ഡക്കും ഒരു അര്‍ധ സെഞ്ച്വറിയുമടക്കം 137 റണ്‍സാണ് താരം നേടിയത്.

0 (1), 21* (8), 9* (7), 61* (29), 46* (25) എന്നിങ്ങനെയാണ് താരം റണ്ണടിച്ചുകൂട്ടിയത്.

സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തിലും താരം ടീമിന് വിജയപ്രതീക്ഷ നല്‍കിയിരുന്നു. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ രണ്ട് റണ്‍സിന് പരാജയപ്പെട്ടെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടമാണ് ശശാങ്കിനെ തേടിയെത്തിയിരിക്കുന്നത്. ഐ.പി.എല്‍ 2024ല്‍ 100+ ശരാശരിയുള്ള താരങ്ങളുടെ പട്ടികയിലാണ് താരം ഇടം നേടിയിരിക്കുന്നത്.

മുന്‍ ആര്‍.സി.ബി നായകന്‍ വിരാട് കോഹ്‌ലിക്കും ലഖ്‌നൗ സൂപ്പര്‍ കിങ്‌സ് വൈസ് ക്യാപ്റ്റന്‍ നിക്കോളാസ് പൂരനുമാണ് 100+ ശരാശരിയുള്ളത്.

ഐ.പി.എല്‍ 2024ല്‍ ഏറ്റവുമധികം ശരാശരിയുള്ള താരങ്ങള്‍

(താരം – റണ്‍സ് – ആവറേജ് – സ്‌ട്രൈക്ക് റേറ്റ് എന്നീ ക്രമത്തില്‍)

നിക്കോളാസ് പൂരന്‍ – 178 – 178.00 – 169.52

ശശാങ്ക് സിങ് – 137 – 137.00 – 195.71

വിരാട് കോഹ്‌ലി – 316 – 105.33 – 146.29

ഏപ്രില്‍ 13നാണ് പഞ്ചാബിന്റെ അടുത്ത മത്സരം. പഞ്ചാബിന്റെ ഹോം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍.

 

Content Highlight: IPL 2024:Shashank Singh at 2nd spot at the list of players with highest batting average in IPL 2024