ഐ.പി.എല്‍ 2024 സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ കീഴടക്കിയാണ് രാജസ്ഥാന്‍ റോയല്‍സ് 2024 ക്യാംപെയ്ന്‍ തുടങ്ങിയത്. തങ്ങളുടെ ഉരുക്കുകോട്ടയായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിനാണ് ഹല്ലാ ബോല്‍ ആര്‍മി വിജയിച്ചുകയറിയത്.
ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ 194 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗ 173ല്‍ ഇന്നിങ്സ് അവസാനിപ്പിച്ചു. അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും വൈസ് ക്യാപ്റ്റന്‍ നിക്കോളാസ് പൂരനും പൊരുതിയെങ്കിലും രാജസ്ഥാന്റെ ബൗളര്‍മാര്‍ക്ക് മുമ്പില്‍ ലഖ്‌നൗ പരാജയപ്പെടുകയായിരുന്നു.
Match 1. Points 2. Halla Bol! 💗 pic.twitter.com/KVBvo7oumP
— Rajasthan Royals (@rajasthanroyals) March 24, 2024
സ്‌കോര്‍
രാജസ്ഥാന്‍ റോയല്‍സ് – 193/4
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 173/6
രാജസ്ഥാനായി ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സന്ദീപ് ശര്‍മ, യൂസ്വേന്ദ്ര ചഹല്‍, ആര്‍. അശ്വിന്‍, നാന്ദ്രേ ബര്‍ഗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
52 പന്തില്‍ 82 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തത്. മൂന്ന് ഫോറും ആറ് സിക്‌സറും അടക്കം 157.69 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജു റണ്ണടിച്ചുകൂട്ടിയത്.
Superstar Samson (C) 🔥💗 pic.twitter.com/GBVWPZVSWA
— Rajasthan Royals (@rajasthanroyals) March 24, 2024
ഇപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വീകരിക്കുന്നതിനിടെ സഞ്ജു സാംസണ്‍ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. താന്‍ ഈ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സന്ദീപ് ശര്‍മക്ക് നല്‍കണമെന്നാണ് സഞ്ജു പറഞ്ഞത്.
‘ഞാന്‍ സന്ദീപിന് ഈ പ്ലെയര്‍ ഓഫ് ദി മാച്ച് ട്രോഫി നല്‍കണം. അവന്‍ ആ മൂന്ന് ഓവര്‍ എറിഞ്ഞില്ലായിരുന്നെങ്കില്‍ ഞാന്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആകുമായിരുന്നില്ല.
അവനെ വിളിക്കണമെന്ന് ഞാന്‍ കരുതി. ഇത് കഴിവ് മാത്രമല്ല, സമ്മര്‍ദ ഘട്ടത്തിലെ അവന്റെ ക്യാരക്ടര്‍ കൂടിയാണെന്ന് ആഷ് ഭായ് (ആര്‍. അശ്വിന്‍) പറയുന്നത് കേട്ടു. അത് അവന്റെ കണ്ണുകളില്‍ തിളങ്ങി നില്‍ക്കുന്നുണ്ട്. അവന്റെ ശരീര ഭാഷയില്‍ നിന്നുതന്നെ അവനെ വിശ്വസിക്കാന്‍ നമുക്കാകും,’ സഞ്ജു പറഞ്ഞു.
That. 19th. Over. 💗👏 pic.twitter.com/UlxnczxEz0
— Rajasthan Royals (@rajasthanroyals) March 24, 2024
മൂന്ന് ഓവറില്‍ 22 റണ്‍സ് വഴങ്ങി ലഖ്‌നൗ നായകന്‍ കെ.എല്‍. രാഹുലിന്റെ വിക്കറ്റ് വീഴ്ത്തിയാണ് സന്ദീപ് ശര്‍മ രാജസ്ഥാന്‍ റോയല്‍സിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. നിക്കോളാസ് പൂരനെ കൂട്ടുപിടിച്ച് ലഖ്‌നൗവിനെ വിജയത്തിലേക്ക് നയിക്കവെ 17ാം ഓവറിലെ ആദ്യ പന്തില്‍ ധ്രുവ് ജുറെലിന്റെ കൈകളിലെത്തിച്ചാണ് സന്ദീപ് ശര്‍മ രാഹുലിനെ പുറത്താക്കിയത്.
സന്ദീപ് നല്‍കിയ ബ്രേക് ത്രൂവിന്റെ കരുത്തിലാണ് രാജസ്ഥാന്‍ മത്സരം വിജയിച്ചുകയറിയത്.
അതേസമയം, ആദ്യ മത്സരം വിജയിച്ചതിന്റെ ആവേശത്തില്‍ അടുത്ത മത്സരത്തിനുള്ള മുന്നൊരുക്കത്തിലാണ് രാജസ്ഥാന്‍. മാര്‍ച്ച് 28നാണ് രാജസ്ഥാന്റെ അടുത്ത മത്സരം. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍.
Content highlight: IPL 2024: RR vs LSG: Sanju Samson says he should give POTM award to Sandeep Sharma