ഐ.പി.എല്ലില്‍ തങ്ങളുടെ മൂന്നാം മത്സരത്തിനാണ് സഞ്ജു സാംസണും രാജസ്ഥാന്‍ റോയല്‍സും ഇറങ്ങുന്നത്. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍.
സീസണില്‍ മികച്ച പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സ് പുറത്തെടുക്കുന്നത്. കളിച്ച രണ്ട് മത്സരത്തിലും വിജയിച്ചാണ് സഞ്ജുവും കൂട്ടരും ക്യാംപെയ്‌ന് തുടക്കമിട്ടിരിക്കുന്നത്. വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിലും വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനാണ് രാജസ്ഥാന്‍ റോയല്‍സ് ഒരുങ്ങുന്നത്.
അതേസമയം, സീസണില്‍ കളിച്ച മത്സരത്തില്‍ ഒന്നുപോലും വിജയിക്കാന്‍ സാധിക്കാതെ പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്താണ് മുംബൈ. സ്വന്തം മണ്ണില്‍ നടക്കുന്ന മത്സരത്തില്‍ വിജയിച്ച് അക്കൗണ്ട് തുറക്കാനാണ് പുതിയ ക്യാപ്റ്റന് കീഴില്‍ മുംബൈ ഒരുങ്ങുന്നത്.
മുംബൈക്കെതിരെ കളത്തിലിറങ്ങുന്ന രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണെ ഒരു ഐതിഹാസിക നേട്ടം കാത്തിരിക്കുന്നുണ്ട്. ഐ.പി.എല്ലില്‍ 4,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം എന്ന നേട്ടമാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. വാംഖഡെയില്‍ 15 റണ്‍സ് കണ്ടെത്താന്‍ സാധിച്ചാല്‍ ഐ.പി.എല്ലിലെ എലീറ്റ് ലിസ്റ്റില്‍ കാലെടുത്ത് വെക്കാന്‍ സഞ്ജുവിന് സാധിക്കും.
രാജസ്ഥാന്‍ റോയല്‍സിനും ദല്‍ഹി ഡെയര്‍ഡെവിള്‍സിനും വേണ്ടി 154 മത്സരങ്ങളാണ് സഞ്ജു ഇതുവരെ കളിച്ചിട്ടുള്ളത്. ബാറ്റെടുത്ത 150 ഇന്നിങ്സില്‍ നിന്നും 29.73 എന്ന ശരാശരിയിലും 137.41 സ്ട്രൈക്ക് റേറ്റിലും 3,985 റണ്‍സാണ് താരം ഇതുവരെ സ്വന്തമാക്കിയത്. മൂന്ന് സെഞ്ച്വറിയും 21 അര്‍ധ സെഞ്ച്വറിയുമാണ് സഞ്ജുവിന്റെ പേരിലുള്ളത്.
മത്സരത്തില്‍ 15 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ 4,000 ഐ.പി.എല്‍ റണ്‍സ് എന്ന നേട്ടത്തിലെത്തുന്ന 16ാം താരം എന്ന നേട്ടമാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്.