നേരത്തെ ചിന്നസ്വാമിയില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത വിജയിച്ചിരുന്നു. സ്വന്തം മണ്ണിലേറ്റ പരാജയത്തിന് കണക്ക് തീര്‍ത്താന്‍ കൂടിയാണ് ആര്‍.സി.ബി ഒരുങ്ങുന്നത്.
നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ് ആര്‍.സി.ബി. ഏഴ് മത്സരത്തില്‍ നിന്നും ഒറ്റ ജയം മാത്രം സ്വന്തമാക്കി രണ്ട് പോയിന്റാണ് ടീമിനുള്ളത്. കൊല്‍ക്കത്തക്കെതിരെ പടുകൂറ്റന്‍ ജയം സ്വന്തമാക്കിയാല്‍ മാത്രമേ ടീമിന് പോയിന്റ് പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്താന്‍ സാധിക്കൂ.
അതേസയം, നിലവില്‍ മൂന്നാം സ്ഥാനത്താണ് കൊല്‍ക്കത്ത. ആറ് മത്സരത്തില്‍ നിന്നും എട്ട് പോയിന്റാണ് ടീമിനുള്ളത്. ആര്‍.സി.ബിയെ വീണ്ടും പരാജയപ്പെടുത്തിയാല്‍ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തെത്താന്‍ കെ.കെ.ആറിന് സാധിക്കും.
കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ പതിവിന് വിപരീതമായി പച്ച ജേഴ്‌സിയണിഞ്ഞാണ് ആര്‍.സി.ബി കളത്തിലിറങ്ങുന്നത്. ഗോ ഗ്രീന്‍ ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് ടീം ഗ്രീന്‍ ജേഴ്‌സി ധരിക്കുന്നത്.
2011 മുതലാണ് റോയല്‍ ചലഞ്ചേഴ്‌സ് ഈ പതിവ് ആരംഭിച്ചത്. സീസണിലെ ഏതെങ്കിലും ഒരു മത്സരത്തിലാണ് ടീം പച്ച ജേഴ്‌സി ധരിക്കുന്നത്. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തിലാണ് ടീം പച്ച ജേഴ്‌സി ധരിച്ചത്.
2020 വരെ ടീമിനെ സംബന്ധിച്ച് ഗ്രീന്‍ ജേഴ്‌സി അത്രകണ്ട് മികച്ച ഫലമല്ല നല്‍കിയത്. പത്ത് മത്സരത്തില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ടീമിന് ജയിക്കാന്‍ സാധിച്ചത്. ഒരു മത്സരം ഫലമില്ലാതെ ഉപേക്ഷിക്കുകയും ചെയ്തു.
ജേഴ്‌സി അവതരിപ്പിച്ച 2011ല്‍ കൊച്ചി ടസ്‌കേഴ്‌സിനോടും 2016ല്‍ ഗുജറാത്ത് ലയണ്‍സിനോടും 2018ല്‍ രാജസ്ഥാനോടുമാണ് 2020 വരെ ആര്‍.സി.ബിക്ക് ഗ്രീന്‍ ജേഴ്‌സിയില്‍ വിജയിക്കാന്‍ സാധിച്ചത്.
എന്നാല്‍ ഈ പതിറ്റാണ്ടില്‍ ഗ്രീന്‍ ജേഴ്‌സി ആര്‍.സി.ബിയുടെ രാശിയാണ്. ഇതണിഞ്ഞ് കളത്തിലിറങ്ങിയ രണ്ട് മത്സരങ്ങളിലും ടീം മികച്ച വിജയമാണ് നേടിയത്.
2022ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 67 റണ്‍സിന് പരാജയപ്പെടുത്തിയ ആര്‍.സി.ബി കഴിഞ്ഞ സീസണില്‍ രാജസ്ഥാനെ ഏഴ് റണ്‍സിനും തോല്‍പിച്ചിരുന്നു.
ഇന്ന് നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയാല്‍ ഗ്രീന്‍ ജേഴ്‌സിയിലെ ആദ്യ ഹാട്രിക് വിജയം കൂടിയാണ് ബെംഗളൂരുവിന്റെ പേരില്‍ കുറിക്കപ്പെടുക.
Content Highlight: IPL 2024: KKR vs RCB: Royal Challengers wares green jersey