രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റുന്നു; കാരണമിത്
IPL
രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റുന്നു; കാരണമിത്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 1st April 2024, 5:54 pm

 

ഐ.പി.എല്‍ 2024ലെ രാജസ്ഥാന്‍ റോയല്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം മാറ്റിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 17ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരമാണ് മാറ്റിവെക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ശ്രീരാമ നവമി ആഘോഷങ്ങളുടെ ഭാഗമായാണ് മത്സരം മാറ്റിവെക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യമെമ്പാടും നവമി ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ ഐ.പി.എല്‍ മത്സരത്തിന് വേണ്ടത്ര സുരക്ഷ ഒരുക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ അധികൃതര്‍ക്ക് ഉറപ്പില്ല. ഇക്കാരണത്താല്‍ മത്സരം മാറ്റിവെക്കാനാണ് ബി.സി.സി.ഐ ആലോചിക്കുന്നത്.

വിഷയത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ബി.സി.സി.ഐയും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും (സി.എ.ബി) കൊല്‍ക്കത്ത പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും ഷെഡ്യൂളില്‍ മാറ്റമുണ്ടാകാനുള്ള സാധ്യതകളെക്കുറിച്ച് ബി.സി.സി.ഐ രണ്ട് ഫ്രാഞ്ചൈസികളെയും ബ്രോഡ്കാസ്റ്റര്‍മാരെയും അറിയിച്ചിട്ടുണ്ട്.

അതേസമയം, സീസണിലെ മൂന്നാം മത്സരത്തിനാണ് രാജസ്ഥാന്‍ റോയല്‍സ് ഒരുങ്ങുന്നത്. വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍.

സീസണില്‍ മികച്ച പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സ് പുറത്തെടുക്കുന്നത്. കളിച്ച രണ്ട് മത്സരത്തിലും വിജയിച്ചാണ് സഞ്ജുവും കൂട്ടരും ക്യാംപെയ്‌ന് തുടക്കമിട്ടിരിക്കുന്നത്. സീസണിലെ ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെയും രണ്ടാം മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെയുമാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്.

വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിലും വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനാണ് രാജസ്ഥാന്‍ റോയല്‍സ് ഒരുങ്ങുന്നത്.

അതേസമയം, സീസണില്‍ കളിച്ച മത്സരത്തില്‍ ഒന്നുപോലും വിജയിക്കാന്‍ സാധിക്കാതെ പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്താണ് മുംബൈ. ആദ്യ മത്സരത്തില്‍ ഗുജറാത്തിനോടും രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടുമാണ് മുംബൈ പരാജയപ്പെട്ടത്.

 

സ്വന്തം മണ്ണില്‍ നടക്കുന്ന മത്സരത്തില്‍ വിജയിച്ച് അക്കൗണ്ട് തുറക്കാനാണ് ഹര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ മുംബൈ ഒരുങ്ങുന്നത്. ടീമിന്റെ ആദ്യ ഹോം മത്സരത്തിനാണ് മുംബൈ ഒരുങ്ങുന്നത്.

 

 

Content Highlight: IPL 2024: IPL 2024: Reports says Rajasthan Royals vs Kolkata Knight Riders match may reschedule