ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ മികച്ച പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിങസ് നായകന്‍ ഋതുരാജ് ഗെയ്ക്വാദ് പുറത്തെടുത്തത്. തങ്ങളുടെ സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ 36 പന്തില്‍ 46 റണ്‍സ് നേടിയാണ് താരം പുറത്തായത്.
ടൈറ്റന്‍സിനെതിരെ അര്‍ധ സെഞ്ച്വറിയുടെ പ്രതീതി ജനിപ്പിച്ച ശേഷമായിരുന്നു ഗെയ്ക്വാദിന്റെ മടക്കം. അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 127.78 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഗെയ്ക്വാദ് സ്‌കോര്‍ ചെയ്തത്.
ഗുജറാത്ത് ടൈറ്റന്‍സിനെതിരെ വെടിക്കെട്ട് പുറത്തെടുിക്കുന്ന തന്റെ പതിവ് ഗെയ്ക്വാദ് ഈ മത്സരത്തിലും തെറ്റിച്ചില്ല. ഇതിന് മുമ്പ് ടൈറ്റന്‍സിനെതിരെ നടന്ന അഞ്ച് മത്സരത്തില്‍ നാലിലും അര്‍ധ സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്.
73 (48), 53 (49), 92 (50), 60 (44), 26 (16) എന്നിങ്ങനെയാണ് ഇതിന് മുമ്പ് ഗുജറാത്തിനെതിരെ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഗെയ്ക്വാദ് നേടിയത്.
അതേസമയം, ചെന്നൈ ഉയര്‍ത്തിയ 207 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന് ആറാം വിക്കറ്റും നഷ്ടപ്പെട്ടിരിക്കുകയാണ്. 10 പന്തില്‍ നിന്നും 11 റണ്‍സ് നേടിയ അസ്മത്തുള്ള ഒമര്‍സായിയുടെ വിക്കറ്റാണ് ടൈറ്റന്‍സിന് അവസാനമായി നഷ്ടമായിരിക്കുന്നത്.
നിലവില്‍ 16 ഓവര്‍ പിന്നിടുമ്പോള്‍ 119 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലാണ് ഗുജറാത്ത്. നാല് പന്തില്‍ പൂജ്യം റണ്‍സുമായി രാഹുല്‍ തെവാട്ടിയയും ഒരു പന്തില്‍ ഒരു റണ്‍സുമായി റാഷിദ് ഖാനുമാണ് ക്രീസില്‍.
Content highlight: IPL 2024: GT vs CSK : Ruturaj Gaikwad’s brilliant innings against Gujarat Titans