റെക്കോഡ് അലേര്‍ട്ട് 🚨 🚨; ഗോള്‍ഡന്‍ ഡക്കായി നാണംകെട്ട മത്സരത്തിലും ഇങ്ങേര്‍ക്ക് ഐതിഹാസിക നേട്ടം
IPL
റെക്കോഡ് അലേര്‍ട്ട് 🚨 🚨; ഗോള്‍ഡന്‍ ഡക്കായി നാണംകെട്ട മത്സരത്തിലും ഇങ്ങേര്‍ക്ക് ഐതിഹാസിക നേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 5th May 2024, 7:19 pm

ഐ.പി.എല്‍ 2024ലെ തങ്ങളുടെ 11ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ 28 റണ്‍സിനായിരുന്നു മഞ്ഞപ്പടയുടെ വിജയം.

മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് കിങ്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി.

26 പന്തില്‍ 43 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് സൂപ്പര്‍ കിങ്‌സിന്റെ ടോപ് സ്‌കോറര്‍. 21 പന്തില്‍ 32 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദും 19 പന്തില്‍ 30 റണ്‍സടിച്ച ഡാരില്‍ മിച്ചലും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

പഞ്ചാബ് കിങ്‌സിനായി രാഹുല്‍ ചഹറും ഹര്‍ഷല്‍ പട്ടേലും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സാം കറന്‍ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്‌സിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി രവീന്ദ്ര ജഡേജ ബൗളിങ്ങിലും തിളങ്ങി. മൂന്ന് വിക്കറ്റാണ് താരം നേടിയത്. സിമര്‍ജീത് സിങ്ങും തുഷാര്‍ ദേശ്പാണ്ഡേയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മിച്ചല്‍ സാന്റ്‌നറും ഷര്‍ദുല്‍ താക്കൂറും ഓരോ വിക്കറ്റും നേടി.

മത്സരത്തില്‍ പഞ്ചാബ് വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ വിക്കറ്റ് നേട്ടത്തില്‍ എം.എസ്. ധോണിയും പങ്കാളിയായിരുന്നു. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ സിമര്‍ജീത് സിങ്ങെറിഞ്ഞ പന്തില്‍ ക്യാച്ചെടുത്താണ് ധോണി പഞ്ചാബ് വിക്കറ്റ് കീപ്പറെ മടക്കിയത്.

ഈ ക്യാച്ചിന് പിന്നാലെ ഐ.പി.എല്ലില്‍ 150 ക്യാച്ച് എന്ന നാഴികക്കല്ല് താണ്ടാനും ധോണിക്കായി. വിക്കറ്റ് കീപ്പറുടെ റോളില്‍ 146 ക്യാച്ച് നേടിയ ധോണി ഫീല്‍ഡറുടെ റോളില്‍ നാല് ക്യാച്ചും സ്വന്തമാക്കിയിരുന്നു.

അതേസമയം, പഞ്ചാബ് കിങ്‌സിനെതിരായ വിജയത്തിന് പിന്നാലെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാനും സൂപ്പര്‍ കിങ്‌സിനായി. നിലവില്‍ 11 മത്സരത്തില്‍ നിന്നും ആറ് ജയത്തോടെ 12 പോയിന്റാണ് ചെന്നൈക്കുള്ളത്.

മെയ് പത്തിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് അടുത്ത മത്സരത്തിനിറങ്ങുന്നത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍. മെയ്12 രാജസ്ഥാന്‍ റോയല്‍സിനെയും മെയ് 18ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയും സൂപ്പര്‍ കിങ്‌സ് നേരിടും.

 

Content Highlight: IPL 2024: CSK vs PBKS: MS Dhoni completed 150 catches in IPL