'പന്തെറിയാന്‍ ഇവനുണ്ടെങ്കില്‍ ധോണി ഇന്നും ബാറ്റിങ്ങിനിറങ്ങില്ല'; ചരിത്രത്തില്‍ നേടിയത് വെറും ഒറ്റ ബൗണ്ടറി, തലയുടെ തലയരിയാന്‍ കൊല്‍ക്കത്തയുടെ ബ്രഹ്‌മാസ്ത്രം
ഐ.പി.എല്‍ 2024ലെ 22ാം മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തം തട്ടകമായ ചെപ്പോക്കില്‍ മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനൊരുങ്ങുകയാണ്.
സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് നൈറ്റ് റൈഡേഴ്‌സ് കാഴ്ചവെക്കുന്നത്. കളിച്ച മൂന്ന് മത്സരത്തില്‍ മൂന്നിലും വിജയിച്ച് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരാണ് കൊല്‍ക്കത്ത. ചെന്നൈക്കെതിരെ വിജയിച്ചാല്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ നൈറ്റ് റൈഡേഴ്‌സിനാകും.
നാല് മത്സരത്തില്‍ രണ്ട് വീതം ജയവും തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ചെന്നൈ. ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച ചെന്നൈ ദല്‍ഹി ക്യാപ്പിറ്റല്‍സിനോടും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും പരാജയപ്പെട്ടിരുന്നു.
ടീമിലെ പ്രധാന താരങ്ങളെല്ലാം തന്നെ മിന്നുന്ന ഫോമിലാണ് എന്നത് തന്നെയാണ് നൈറ്റ് റൈഡേഴ്‌സിനെ അപടകാരികളാക്കുന്നത്. ഫില്‍ സോള്‍ട്ടിനൊപ്പം സുനില്‍ നരെയ്‌നും ഓപ്പണിങ്ങില്‍ തകര്‍ത്തടിക്കുമ്പോള്‍ ആംഗ്ക്രിഷ് രഘുവംശിയും റസലും റിങ്കുവും അടങ്ങുന്ന മധ്യനിരയും ശക്തരാണ്. എന്തിനും പോന്ന വെങ്കിടേഷ് അയ്യരും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുമാകുമ്പോള്‍ കൊല്‍ക്കത്ത ട്രിപ്പിള്‍ സ്‌ട്രോങ്ങാണ്.
മത്സരത്തില്‍ സുനില്‍ നരെയ്‌നും എം.എസ്. ധോണിയും തമ്മിലുള്ള സ്റ്റാര്‍ ബാറ്റിലിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ ധോണി ഈ മത്സരത്തിലും ബാറ്റിങ്ങിനിറങ്ങിയില്ലെങ്കില്‍ ഈ പോരാട്ടം കാത്തിരിക്കുന്ന ആരാധകര്‍ നിരാശരാകേണ്ടി വരും.
തനിക്കെതിരെ നരെയ്ന്‍ എറിഞ്ഞ 74 പന്തുകളില്‍ നിന്നും വെറും 39 റണ്‍സ് മാത്രമാണ് ധോണിക്ക് കണ്ടെത്താന്‍ സാധിച്ചത്. 52.70 എന്ന സ്‌ട്രൈക്ക് റേറ്റാണ് കൊല്‍ക്കത്തയുടെ മിസ്റ്ററി സ്പിന്നറിനെതിരെ ധോണിക്കുള്ളത്.
നരെയ്‌നെറിഞ്ഞ 74 പന്തുകള്‍ നേരിട്ടെങ്കിലും അതില്‍ നിന്നും ഒറ്റ ബൗണ്ടറി മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്. ഒരു തവണ നരെയ്ന്‍ ധോണിയെ പുറത്താക്കുകയും ചെയ്തു.
ധോണി-നരെയ്ന്‍ സ്റ്റാര്‍ ബാറ്റിലില്‍ ആവേശഭരിതരായ ആരാധകര്‍ പരസ്പരം ട്രോളുകളും വെല്ലുവിളികളും ഉയര്‍ത്തുന്നുണ്ട്. നരെയ്‌നെതിരായ ഈ മോശം റെക്കോഡിന് ധോണി ചെപ്പോക്കില്‍ അന്ത്യമിടുമെന്ന് ചെന്നൈ ആരാധകര്‍ പറയുമ്പോള്‍ ധോണി ബാറ്റിങ്ങിനിറങ്ങുമോ എന്നാണ് കൊല്‍ക്കത്ത ആരാധകരുടെ മറുചോദ്യം.
സീസണില്‍ ചെന്നൈ നാല് മത്സരങ്ങള്‍ കളിച്ചപ്പോള്‍ അതില്‍ രണ്ട് മത്സരത്തില്‍ മാത്രമാണ് ധോണി കളത്തിലിറങ്ങിയത്. 211.11 സ്‌ട്രൈക്ക് റേറ്റില്‍ 38 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
Content Highlight: IPL 2024: CSK vs KKR: Star battle between Sunil Narine and MS Dhoni