IPL
നാണക്കേട് മറക്കാന്‍ രോഹിത്തിനാകുമോ? മുട്ടയിട്ട സൂര്യകുമാര്‍ എക്‌സ് ഫാക്ടറാകുമോ? പരിശോധിക്കാം മുംബൈയുടെ കരുത്തുറ്റ പതിനൊന്നിനെ...
സ്പോര്‍ട്സ് ഡെസ്‌ക്
2023 Mar 24, 04:07 pm
Friday, 24th March 2023, 9:37 pm

ഐ.പി.എല്‍ കണ്ട ഏറ്റവും സക്‌സസ്ഫുള്ളായ ടീമാണ് മുംബൈ ഇന്ത്യന്‍സ്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും തവണ കപ്പുയര്‍ത്തിയ മുംബൈ ഇന്ത്യന്‍സിന്റെ തിരിച്ചുവരവ് കാണാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍സ് എന്ന പേരും പെരുമയും ഐ.പി.എല്ലിന്റെ 15ാം എഡിഷനിറങ്ങിയ മുംബൈ ഇന്ത്യന്‍സിനെ ടൂര്‍ണമെന്റിലെ മറ്റ് ടീമുകളെല്ലാം ചേര്‍ന്ന് അക്ഷരാര്‍ത്ഥത്തില്‍ കടിച്ചുകുടയുകയായിരുന്നു. തോല്‍വിക്ക് പിന്നാലെ തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായാണ് മുംബൈ ഐ.പി.എല്‍ 2022നോട് വിട പറഞ്ഞത്.

കളിച്ച 14 മത്സരത്തില്‍ നിന്നും നാല് ജയവും പത്ത് തോല്‍വിയുമായി എട്ട് പോയിന്റോടെ പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്ത്,  ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം. അതായിരുന്നു 2022ലെ മുംബൈ.

ഈ നാണംകെട്ട തോല്‍വിയുടെ കളങ്കം മറക്കാന്‍ വേണ്ടിയാകും മുംബൈ ഇന്ത്യന്‍സ് ഇത്തവണ കളത്തിലറങ്ങുന്നത്. എന്തുകൊണ്ട് തങ്ങള്‍ വണ്‍ ഓഫ് ദി ബെസ്റ്റ് ആയതെന്ന് ക്രിക്കറ്റ് ലോകത്തിനും ആരാധകര്‍ക്കും മുമ്പില്‍ കാണിച്ചുകൊടുക്കാനുള്ള അവസരമാണ് മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് ഐ.പി.എല്‍ 2023.

പുതിയ സീസണിനെ ഏറെ പ്രതീക്ഷയോടെയാണ് മുംബൈ ഇന്ത്യന്‍സ് നോക്കിക്കാണുന്നത്. പരിക്കില്‍ നിന്നും മടങ്ങിയെത്തിയ സ്റ്റാര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചറും മിനി ലേലത്തില്‍ പൊന്നും വില കൊടുത്ത് ടീമിലെത്തിച്ച കാമറൂണ്‍ ഗ്രീനുമടക്കം എന്തിനും പോന്ന ഒരു നിര തന്നെയാണ് മുംബൈക്കൊപ്പമുള്ളത്.

എന്നാല്‍ മുംബൈ ഇന്ത്യന്‍സ് ആരാധകരെ ആശങ്കപ്പെടുത്തുന്ന ചില വസ്തുതകളും സീസണിന് മുമ്പ് ടീമിനെ അലട്ടുന്നുണ്ട്. അതില്‍ പ്രധാനം ജസ്പ്രീത് ബുംറയുടെ പരിക്കാണ്. താരം ഐ.പി.എല്‍ കളിക്കാന്‍ പൂര്‍ണമായും സജ്ജനായോ എന്ന കാര്യത്തില്‍ ഇനിയും സംശയങ്ങള്‍ ബാക്കിയാണ്.

ഐ.പി.എല്ലില്‍ റെക്കോഡുകള്‍ക്കൊപ്പം നിരവധി മോശം റെക്കോഡുകളും സ്വന്തമായുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഫോമാണ് ആരാധകരെ ആശങ്കപ്പെടുത്തുന്ന മറ്റൊരു ഘടകം. കഴിഞ്ഞ വര്‍ഷം നടന്ന ടി-20 ലോകകപ്പിലാണ് താരം അവസാനമായി ടി-20 ഫോര്‍മാറ്റില്‍ കളിച്ചത്. അതില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും താരത്തിന് സാധിച്ചിരുന്നില്ല.

ഇന്ത്യ – ഓസ്‌ട്രേലിയ പരമ്പരയിലെ സൂര്യകുമാര്‍ യാദവിന്റെ ട്രിപ്പിള്‍ ഗോള്‍ഡന്‍ ഡക്ക് മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ കണക്കിലെടുക്കുന്നില്ല. ഫോര്‍മാറ്റ് മാറിയാല്‍ സൂര്യ തകര്‍ത്തടിക്കുമെന്നുള്ള ഉറപ്പ് തന്നെയാണ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.

നിലവിലെ സ്‌ക്വാഡ് ഡെപ്ത് കണക്കിലെടുത്ത് ഏറ്റവും മികച്ച ഇലവനെ തയ്യാറാക്കുമ്പോള്‍ ആറാം കപ്പുയര്‍ത്താന്‍ പോന്നവരാണ് മുംബൈ ഇന്ത്യന്‍സ് എന്ന് കടലാസില്‍ നിന്നും വ്യക്തമകും. സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ സ്‌ട്രോങ്ങസ്റ്റ് ഇലവന്‍ പരിശോധിക്കാം.

രോഹിത് ശര്‍മ (ക്യാപ്റ്റന്‍)
ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍)
തിലക് വര്‍മ
സൂര്യകുമാര്‍ യാദവ്
ടിം ഡേവിഡ്
കാമറൂണ്‍ ഗ്രീന്‍
ഹൃതിക് ഷോകീന്‍
പീയൂഷ് ചൗള
ജോഫ്രാ ആര്‍ച്ചര്‍
ജസ്പ്രീത് ബുംറ
ജെയ് റിച്ചാര്‍ഡ്‌സണ്‍

 

Content highlight: IPL 2023,  Strongest eleven of Mumbai Indians