മറ്റൊരു സീസണിനും അവകാശപ്പെടാനില്ലാത്ത തകര്‍പ്പന്‍ നേട്ടവുമായി ഐ.പി.എല്ലിന്റെ പതിനഞ്ചാമത് എഡിഷന്‍. ഏറ്റവുമധികം സിക്‌സറുകള്‍ പിറന്ന സീസണ്‍ എന്ന റെക്കോഡാണ് ഐ.പി.എല്‍ 2022 സ്വന്തമാക്കിയിരിക്കുന്നത്.
1,007 സിക്‌സറുകളാണ് സീസണില്‍ ഇതുവരെ പിറന്നത്. ആദ്യമായാണ് സിക്‌സറുകളുടെ എണ്ണം ആയിരം തൊടുന്നത്. പുതുതായി രണ്ട് ടീമുകള്‍ വന്നതോടെയാണ് പുതിയ സീസണില്‍ റെക്കോഡ് നേട്ടം പിറന്നത്. നേരത്തെ പല സീസണിലും പത്ത് ടീമുകളുണ്ടായിരുന്നുവെങ്കിലും ഈ നേട്ടം പിറന്നിരുന്നില്ല.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – പഞ്ചാബ് കിംഗ്‌സ് മത്സരത്തിലായിരുന്നു സൂപ്പര്‍ നേട്ടം പിറന്നത്. പഞ്ചാബ് ഇന്നിംഗ്‌സിന്റെ 15ാം ഓവറിലായിരുന്നു മില്ലേനിയം സിക്‌സര്‍ പിറന്നത്. റൊമാരിയോ ഷെപ്പേര്‍ഡിനെ സിക്‌സറിന് തൂക്കി പഞ്ചാബിന്റെ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ലിയാം ലിവിംഗ്‌സ്റ്റണായിരുന്നു നേട്ടത്തിന് പിന്നില്‍.
എന്നാല്‍, ഈ നേട്ടത്തിലേക്ക് സീസണിനെ കൊണ്ടുപോയതില്‍ പ്രധാന പങ്ക് വഹിച്ചത് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സാണ്. സീസണില്‍ ഏറ്റവുമധികം സിക്‌സറടിച്ച ടീം എന്ന റെക്കോഡ് രാജസ്ഥാന്‍ റോയല്‍സിന്റെ പേരിലാണ്. 116 സിക്‌സറാണ് രാജസ്ഥാന്‍ സീസണില്‍ അടിച്ചുകൂട്ടിയത്.
വ്യക്തിഗത സിക്‌സറുകളുടെ എണ്ണത്തിലും രാജസ്ഥാന്‍ തന്നെയാണ് മുമ്പില്‍. രാജസ്ഥാന്റെ സ്റ്റാര്‍ ബാറ്റര്‍ ജോസ് ബട്‌ലറാണ് സീസണില്‍ ഏറ്റവുമധികം സിക്‌സറടിച്ചത്. 14 മത്സരത്തില്‍ നിന്നും 37 സികസറുകളാണ് ജോസ് ബട്‌ലറിന്റെ സമ്പാദ്യം.
ബട്‌ലറിന് പിന്നാലെ 34 സിക്‌സറുകളുമായി പഞ്ചാബ് താരം ലിയാം ലിവിംഗ്‌സ്റ്റണും, 32 മാക്‌സിമവുമായി കൊല്‍ക്കത്തയുടെ ആന്ദ്രേ റസലുമാണ് പട്ടികയിലെ രണ്ടും മൂന്നും സ്ഥാനക്കാര്‍.