അഗര്‍ത്തല: ത്രിപുരയില്‍ ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യ സര്‍ക്കാരില്‍ മുഖ്യമന്ത്രിയായി ആദിവാസി വിഭാഗത്തില്‍പ്പെട്ടയാള്‍ വരണമെന്ന് ഐ.പി.എഫ്.ടി (ഇന്‍ഡിജീനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര).
പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനായ ബിപ്‌ലബ് ദേബിനെ ബി.ജെ.പി മുഖ്യമന്ത്രിയാക്കാന്‍ നീക്കം നടത്തുമ്പോളാണ് ഐ.പി.എഫ്.ടി പ്രസിഡന്റ് എന്‍.സി ദേബ്ബര്‍മ ആദിവാസി മുഖ്യമന്ത്രിയെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ആദിവാസി വോട്ടുകളുടെ സഹായമില്ലാതെ ത്രിപുരയില്‍ ഇത്ര വലിയ ഭൂരിപക്ഷം ലഭിക്കുമായിരുന്നില്ലെന്നും അതുകൊണ്ട് സഭയുടെ നേതാവായി ജയിച്ച ഏതെങ്കിലും ആദിവാസി നേതാവായിരിക്കണമെന്നും ദേബ്ബര്‍മ പറഞ്ഞു.
ഏത് ആദിവാസി നേതാവിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കണമെന്ന് പറയുന്നില്ലെന്നും ചര്‍ച്ച ചെയ്തതിന് ശേഷമേ തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും ദേബ്ബര്‍മ പറഞ്ഞു. ബിപ്‌ലബ് ദേബിനെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിക്കാനില്ലെന്നും ഐ.പി.എഫ്.ടി പ്രസിഡന്റ് പറഞ്ഞു.
ദേബ്ബര്‍മയുടെ വാര്‍ത്താ സമ്മേളനം കണ്ടിട്ടില്ലെന്നും തിങ്കളാഴ്ച ഐ.പി.എഫ്.ടി നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും ബി.ജെ.പി ത്രിപുര ഇന്‍ചാര്‍ജ് സുനില്‍ ദിയോധര്‍ പറഞ്ഞു.
ത്രിപുരയ്ക്ക് പ്രത്യേക സംസ്ഥാന പദവി വേണമെന്നും ഐ.പി.എഫ്.ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഗോത്രവിഭാഗങ്ങള്‍ക്ക് വേണ്ടി പ്രത്യേക സംസ്ഥാനമെന്ന ആവശ്യമാണ് ഐ.പി.എഫ്.ടി മുന്നോട്ട് വച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രത്യേക വിഷയമാണെന്നും എന്നാല്‍ പ്രത്യേക സംസ്ഥാനം വേണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണെന്നും പാര്‍ട്ടി പ്രസിഡന്റ് എന്‍.സി. ദേബ്ബര്‍മ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞിരുന്നു.