അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 40 ലക്ഷം തൊഴിലാളികളാണ് ഗാര്‍ഹിക മേഖലയില്‍ പണിയെടുക്കുന്നത്. നിയമപരമായ യാതൊരു പരിരക്ഷകളുമില്ലാതെ, നിയതമായ തൊഴില്‍ സമയമോ നിശ്ചിതമായ വേതനമോ ഇല്ലാതെ അങ്ങേയറ്റം ചൂഷണങ്ങള്‍ സഹിച്ച് ജോലി ചെയ്യുന്ന, ബഹുഭൂരിപക്ഷവും സ്ത്രീകളടങ്ങുന്ന ഈ തൊഴിലാളി വിഭാഗങ്ങളില്‍ തൊണ്ണൂറ് ശതമാനവും ഇന്നും അസംഘടിതരാണ്.
ഇന്ത്യയിലെ മുഖ്യധാരാ ട്രേഡ് യൂണിയനുകള്‍ പാടെ അവഗണിച്ച ഈ തൊഴിലാളി വിഭാഗങ്ങള്‍ക്കിടയില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പ്രവര്‍ത്തിച്ചുവരികയാണ് സെല്‍ഫ് എംപ്ലോയ്ഡ് വിമന്‍ അസ്സോസിയേഷന്‍ (സേവ) എന്ന സംഘടന. ദീര്‍ഘകാലം നീണ്ടുനിന്ന നിരവധി ക്യാമ്പയിനുകളിലൂടെയും മറ്റും ഗാര്‍ഹിക മേഖലയില്‍ നിലനില്‍ക്കുന്ന ഉച്ഛനീചത്വങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താനും, അസംഘിടരായിരുന്ന നിരവധി തൊഴിലാളികളെ അവകാശബോധമുള്ളവരും സംഘടിതരുമാക്കി മാറ്റാനും സേവയ്ക്ക് സാധിച്ചു. ഗാര്‍ഹിക മേഖലയില്‍ നിലനില്‍ക്കുന്ന തൊഴില്‍ പ്രശ്നങ്ങളെക്കുറിച്ച് സേവയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും സാമൂഹികപ്രവര്‍ത്തകയുമായ സോണിയ ജോര്‍ജ്ജ് സംസാരിക്കുന്നു.
ലക്ഷക്കണക്കിന് മനുഷ്യര്‍ ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴില്‍ മേഖലയിലെ ബഹുഭൂരിപക്ഷം തൊഴിലാളികളും ഇന്നും അസംഘിടതമായി തന്നെ തുടരുന്നതിന്റെ കാരണങ്ങള്‍ എന്തായിരിക്കാം?
ഗാര്‍ഹികതൊഴില്‍ മേഖലയില്‍ തൊഴിലിടം എന്നത് ഇതര തൊഴിലുകളിലേത് പോലെയല്ല. സമൂഹത്തിലെ സ്വകാര്യ ഇടങ്ങളായ വീടുകളാണ് ഇവിടെ തൊഴിലിടമാകുന്നത്. അതിനാല്‍ തന്നെ ഈ തൊഴിലാളികളെ സംഘടിപ്പിക്കുക എന്ന് ഏറെ പ്രയാസകരമാണ്. മാത്രവുമല്ല, സ്ഥിരമായ ഒരു തൊഴില്‍ സ്ഥലമില്ലാത്തതിനാല്‍ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന ഒരു തൊഴിലാളിവിഭാഗമാണിവരെന്നത് സംഘടിക്കുന്നതിന് തടസ്സങ്ങളുണ്ടാക്കുന്നുണ്ട്. ഇതിനേക്കാളൊക്കെ പ്രധാനപ്പെട്ട മറ്റൊരു കാര്യം, മുഖ്യധാര ഇപ്പോഴും ഇവരെ തൊഴിലാളികളായി കണക്കാക്കിയിട്ടില്ല എന്നതാണ്. വേലക്കാര്‍, വീട്ടുജോലിക്കാര്‍ എന്നീ പദങ്ങളാണ് ഇവരെ അഭിസംബോധന ചെയ്യാന്‍ ഇപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. വീട്ടിലെ അടുക്കളപ്പണിയുടെ ഒരു തുടര്‍ച്ച എന്നതിനപ്പുറം ഗാര്‍ഹിക തൊഴിലിനെ ഒരു ജോലിയായി കണക്കാക്കാന്‍ പൊതുമസൂഹം ഇപ്പോഴും തയ്യാറായിട്ടില്ല.
ഗാര്‍ഹിക തൊഴിലുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് സേവ എങ്ങിനെയാണ് കടന്നുവരുന്നത്?
അസംഘടിത മേഖലയിലെ തൊഴില്‍ പ്രശ്നങ്ങള്‍, പ്രത്യേകിച്ചും സ്ത്രീകളുടെ കാര്യത്തില്‍ വളരെ രൂക്ഷമാണെന്ന തിരിച്ചറിവില്‍ നിന്നാണ് സേവയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 80 കളുടെ തുടക്കത്തില്‍ തന്നെ ഗാര്‍ഹിക മേഖലയുമായി ബന്ധപ്പെട്ട സവിശേഷ പ്രശ്നങ്ങളിലേക്ക് ഞങ്ങള്‍ കടന്നുവന്നിരുന്നു. ഗ്രാമങ്ങളില്‍ സ്ത്രീകള്‍ ജോലിക്ക് പോകുന്ന വീടുകള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് ഞങ്ങളുടെ ഈ പ്രവര്‍ത്തനം ആരംഭിച്ചത്. ഗാര്‍ഹിക തൊഴിലുകള്‍ക്ക് ഒരു മാന്യത ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു ഞങ്ങളുടെ അന്നത്തെ പ്രധാനപ്പെട്ട ക്യാമ്പയിന്‍. ഗാര്‍ഹിക തൊഴില്‍ കേവലം അടുക്കളപ്പണി അല്ല, മറിച്ച് ഇതൊരു തൊഴിലാണെന്നും ഏത് തൊഴിലിനും അതിന്റെതായ മാന്യത ഉണ്ടെന്നും തുടക്കത്തില്‍ ഞങ്ങള്‍ക്ക് നിരന്തരം പറയേണ്ടിവന്നു. ആദ്യകാലത്ത് ഒരുപാട് പരിമിതികള്‍ നേരിടേണ്ടി വന്നിരുന്നു. സ്ത്രീകളുടെ മുന്‍കൈയില്‍ സ്ത്രീകള്‍ തന്നെ സ്ത്രീ തൊഴിലാളികളെ സംഘടിപ്പിക്കുക എന്ന ഒരു തൊഴില്‍ സംഘാടന രീതിയാണ് സേവ ആവിഷ്‌കരിച്ചത്. അതു തന്നെയാണ് സേവയെ മുന്നോട്ടു ചലിപ്പിച്ചതും. മറ്റു തൊഴില്‍ സംഘടനകളില്‍ നിന്നും വ്യത്യസ്മായിരുന്നു ഈ തൊഴില്‍ സംഘാടനരീതി. തുടക്കത്തില്‍ സാമൂഹ്യപ്രവര്‍ത്തരായ ആളുകള്‍ ചെന്നായിരുന്നു സംഘാടനം നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍, ഗാര്‍ഹിക തൊഴിലാളികള്‍ക്കിടയില്‍ നിന്നുതന്നെ ഉയര്‍ന്നുവന്നിട്ടുള്ള നേൃത്വങ്ങളാണ് മുന്‍പന്തിയിലുള്ളത്.
ഗാര്‍ഹിക മേഖലയിലെ തൊഴിലുകള്‍ക്ക് യാതൊരു തരത്തിലുമുള്ള ആധികാരികത ഇല്ല എന്നതും ചെയ്യുന്ന ജോലി എവിടെയും അക്കൗണ്ടബിള്‍ അല്ല എന്നതുമായിരുന്നു അന്ന് നേരിട്ടിരുന്ന മുഖ്യപ്രയാസങ്ങള്‍. ഈ പരിമിതിയെ മറികടക്കുന്നതിനായി ഞങ്ങള്‍ ഒരു ഉപാധി കണ്ടെത്തി. ഓരോ തൊഴിലാളികള്‍ക്കും ഓരോ വര്‍ക്ക് കാര്‍ഡ് ഏര്‍പ്പാടാക്കുന്ന ഒരു സമ്പ്രദായം കൊണ്ടുവന്നു. ജോലിക്കെത്തുന്ന സമയം, പോകുന്ന സമയം, ലഭിക്കുന്ന കൂലി എന്നിവയെല്ലാം കാര്‍ഡിനകത്ത് രേഖപ്പെടുത്തണം. അതോടു കൂടി ഇവര്‍ ചെയ്യുന്ന ജോലിക്ക് ആധികാരികമായ ഒരു രേഖയുണ്ടായിത്തുടങ്ങി. ഇത് തൊഴിലാളികളെയും കൂടുതല്‍ ഉത്തരവാദിത്വമുള്ളവരാക്കി മാറ്റി. മാത്രവുമല്ല, തങ്ങള്‍ ചെയ്യുന്നത് കൃത്യമായും ഒരു തൊഴില്‍ തന്നെയാണ് എന്ന ബോധത്തിലേക്ക് അവര്‍ വരികയും ചെയ്തു. ഇതിനിടെ തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെ അവര്‍ സംഘടയില്‍ അറിയിക്കാന്‍ തുടങ്ങി. വേതനം, തൊഴില്‍ സമയം, മതിയായ സുരക്ഷ എന്നിവയുമായെല്ലാം ബന്ധപ്പെട്ട വിഷയങ്ങളില്‍ തൊഴില്‍ദാതാക്കളുമായുള്ള സന്ധിസംഭാഷണങ്ങളിലേക്ക് ഞങ്ങള്‍ ഇതുവഴി കടന്നുവന്നു. ഒരു കൂട്ടായ്മ എന്ന നിലയില്‍ ആദ്യ ഘട്ടത്തില്‍ തന്നെ ചെറിയ വിജയങ്ങള്‍ ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നു.
ഗാര്‍ഹിക തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്രതലതത്തില്‍ നടക്കുന്ന ക്യാമ്പയിനുകളില്‍ സേവയുടെ സാന്നിദ്ധ്യം ഇന്ന് ശ്രദ്ധേയമാണ്. കേരളത്തില്‍ നിന്നാരംഭിച്ച ഈ പ്രവര്‍ത്തനം പിന്നീട് പുറത്തേക്കുകൂടി വികസിച്ചത് എങ്ങിനെയാണ്?
കേരളത്തില്‍ ഞങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ച അതേ സമയം തന്നെ ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും ഗാര്‍ഹിക തൊഴിലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിരവധി ക്യാമ്പയിനുകള്‍ നടക്കുന്നുണ്ടായിരുന്നു. സേവ പതിയെ അവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ് ചെയ്തത്. കേരളത്തിനേക്കാള്‍ വളരെ മോശമായ സാഹചര്യങ്ങളാണ് മറ്റിടങ്ങളിലെന്ന് ഇതുവഴി മനസ്സിലാക്കാന്‍ സാധിച്ചു. വളരെ കുറഞ്ഞ കൂലി, ജാതീയമായ ഉച്ഛനീചത്വങ്ങള്‍, ശാരീരികമായ അതിക്രമങ്ങള്‍ എന്നിവയെല്ലാം ഇവിടങ്ങളില്‍ വളരെ പ്രകടമായിരുന്നു. “കറുത്ത സ്ത്രീകളെ വേണ്ട”, “നായന്‍മാരുണ്ടോ”, “കൃസ്ത്യാനികളുണ്ടോ”, “മുസ്ലിങ്ങളുണ്ടോ” എന്നൊക്കെ ചോദിക്കുന്നവരുണ്ടായിരുന്നു. ഗാര്‍ഹിക തൊഴില്‍ രംഗത്തുണ്ടായിരുന്ന ജാതീയവും വര്‍ഗീയവുമായ വിവേചനങ്ങള്‍ക്കെതിരെ ശക്തമായി ഇടപെടാന്‍ സംഘനയ്ക്ക് സാധിച്ചിരുന്നു.
ലോകത്തിലേറ്റവും കൂടുതല്‍ കുടിയേറ്റ തൊഴിലാളികളുള്ള മേഖലകളിലൊന്നാണ് ഗാര്‍ഹിക തൊഴില്‍ മേഖല. പ്രത്യേകിച്ചും ദക്ഷിണേന്ത്യന്‍ രാജ്യങ്ങള്‍, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നീ വികസ്വര രാജ്യങ്ങളില്‍ നിന്നെല്ലാം തൊഴിലിന് വേണ്ടിയുള്ള കുടിയേറ്റങ്ങള്‍ വ്യാപകമാണ്. നിയമവിരുദ്ധമായ രീതിയിലാണ് ഇതില്‍ മിക്ക കുടിയേറ്റങ്ങളും നടക്കാറുള്ളത്. അതുകൊണ്ട് തന്നെ ഒരു തരത്തിലുള്ള നിയമപരിരക്ഷയും അവര്‍ക്ക് ലഭിക്കാറില്ല എന്ന് മാത്രമല്ല, തൊഴില്‍ ചൂഷണങ്ങളുടെ തോത് വളരെ കൂടുതലാണ് താനും. ഈ ഘട്ടത്തിലാണ് ഗാര്‍ഹിക തൊഴിലാളികളുടെ മുന്‍കൈയില്‍ ഒരു അന്തര്‍ദേശീയ കാമ്പയിന്‍ ഉയര്‍ന്നു വരുന്നത്. ഇത്തരം അന്തര്‍േശീയ ക്യാമ്പയിനുകളുടെ ഭാഗമായിട്ടാണ് ഐ.എല്‍.ഒ യില്‍ ഈ വിഷയം എത്തുന്നത്. 2010 ല്‍ ഗാര്‍ഹിക തൊഴിലാളികളുടെ മുന്‍കൈയില്‍ തന്നെ അവരുടെ ആദ്യ കണ്‍വന്‍ഷന്‍ നടന്നു. പക്ഷേ ആ വര്‍ഷം കണ്‍വന്‍ഷന്‍ പാരാജയപ്പെടുകയാണുണ്ടായത്. ഇന്ത്യയുള്‍പ്പെടെയുള്ള പല രാജ്യങ്ങളും ആ തവണ ഒപ്പിട്ടില്ല. രണ്ടാമത്തെ വര്‍ഷം കൂടുല്‍ വിപുലമായി നടത്തി. അന്തര്‍ദേശീയ തലത്തില്‍ ഈ വിഷയത്തില്‍ ഒരു ത്രിതല സന്ധിസംഭാഷണമാണ് നടക്കേണ്ടത്. തൊഴില്‍ ദാതാക്കളും തൊഴിലാളികളും ഭരണകൂടവും തമ്മില്‍. രണ്ടാമത്തെ വര്‍ഷമായപ്പോഴേക്കും ലോകമെമ്പാടുമുള്ള ഗാര്‍ഹിക തൊഴിലാളികള്‍ ശക്തമായ ക്യാമ്പയിനുകള്‍ നടത്തി. അങ്ങനെ ആ വര്‍ഷം കണ്‍വന്‍ഷന്‍ പാസ്സായി. അന്തര്‍ദേശീയ തലത്തില്‍ തന്നെ ഗാര്‍ഹിക തൊഴില്‍ അന്തസ്സുള്ള തൊഴിലാണ് എന്ന അംഗീകാരം ഉണ്ടാകുന്നത് അപ്പോഴാണ്. ലോകമെമ്പാടുമുള്ള ഗാര്‍ഹിക തൊഴിലാളികളുടെ തുറുപ്പുചീട്ടെന്നത് ഈ കണ്‍വന്‍ഷനാണ്. “ഗാര്‍ഹിക തൊഴില്‍ അന്തസ്സുള്ള തൊഴില്‍, അന്തസ്സുള്ള വേതനം ഞങ്ങളുടെ അവകാശം” എന്നതാണ് ഇതിന്റെ സാരം.
കണ്‍വന്‍ഷന് ലഭിച്ച അംഗീകാരത്തിന് ശേഷം പതിയെ ഞങ്ങള്‍ മറ്റ് മേഖലകളിലേക്ക് കടന്നു. ഗാര്‍ഹിക തൊഴിലുകള്‍ക്ക് വേണ്ട നിയമ പരിരക്ഷ നേടിയെടുക്കുക എന്നതായിരുന്നു രണ്ടാം ഘട്ടത്തിലുള്ള ശ്രമങ്ങള്‍. ഐ.എല്‍.ഒ കണ്‍വന്‍ഷനില്‍ ഒപ്പിട്ട 187 രാജ്യങ്ങളെക്കൊണ്ട് ഇതിനെ സാധൂകരിപ്പിക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് നടന്നത്. ഇതത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. കാരണം, ഗാര്‍ഹിക തൊഴിലുകളുടെ കാര്യത്തില്‍ തൊഴില്‍ ദാതാക്കള്‍ വളരെ ശക്തരാണ്. ഒരു രാജ്യത്തെ ഏറ്റവും സാധാരണക്കാരന്‍ മുതല്‍ ഇവരുടെ വിഷയം കൈകാര്യം ചെയ്യേണ്ട ഏതൊരു ബ്യൂറോക്രാറ്റും ഇവിടെ തൊഴില്‍ ദാതാവാണ്. അതുകൊണ്ട് തന്നെ ഇവിടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാന്‍ വലിയ പ്രയാസമാണ്. ഇന്ത്യയില്‍ തന്നെ ദേശീയതലത്തില്‍ ശക്തമായ ഒരു നിയമം വേണമെന്ന ക്യാമ്പയിനിലാണ് കഴിഞ്ഞ പത്ത് വര്‍ഷമായി ഞങ്ങള്‍. ഇതുവരെ ഒരനക്കവും ഉണ്ടായിട്ടില്ല. ഇതിനകം നിരവധി ട്രാഫ്റ്റുകള്‍ വന്നു എന്നതല്ലാതെ ഒരു പോളിസി പോലും ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ മുന്നോട്ടുവെച്ചിട്ടില്ല. ഇപ്പോള്‍ ഞങ്ങള്‍ പറയുന്നത് ഇനി പോളിസികള്‍ വേണ്ട, നിയമം മതി എന്നാണ്
വിവിധ കാലങ്ങളിലെ സാമൂഹികാവസ്ഥകളിലുള്ള വ്യതിയാനങ്ങള്‍ ഗാര്‍ഹിക തൊഴില്‍ മേഖലയെ എങ്ങിനെയൊക്കെയാണ് സ്വാധീനിച്ചിട്ടുള്ളത്?
ഗാര്‍ഹിക തൊഴില്‍ മേഖലയിലേക്കുള്ള ആളുകളുടെ കടന്നുവരവിന് പിറകില്‍ നിരവധി പശ്ചാത്തലങ്ങളുണ്ട്. നഗരങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കുമിടയിലെ സാമൂഹിക സാഹചര്യങ്ങളില്‍ രൂപപ്പെട്ടുവന്ന അന്തരം ഇവിടെ കൃത്യമായും പ്രതിഫലിച്ചിട്ടുണ്ട്. ആഗോളവത്കരണത്തിന് ശേഷം നഗരങ്ങളിലെ സ്ത്രീകള്‍ കൂടതല്‍ തൊഴില്‍ രംഗത്തേക്ക് കടന്നു വരികയും, അതേ സമയം ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയുമാണ് ചെയ്തിട്ടുള്ളത്. കുടുംബങ്ങളുടെ നിലനില്‍പ് ബുദ്ധിമുട്ടിലായപ്പോള്‍ ഗ്രാമങ്ങളിലെ സ്ത്രീകള്‍ എന്തെങ്കിലും ജോലികള്‍ കണ്ടെത്താന്‍ നിര്‍ബന്ധിതരായി. അധിക നൈപുണ്യം ആവശ്യമില്ലാത്ത തൊഴിലായതിനാല്‍ വീട്ടിലെ ജോലിളുടെ ഒരു തുടര്‍ച്ച എന്ന നിലയില്‍ അവര്‍ ഗാര്‍ഹിക തൊഴിലിനെ ആശ്രയിച്ചു. അങ്ങിനെ ഗ്രാമീണരായ സ്ത്രീകള്‍ നഗരങ്ങളില്‍ വന്ന് തൊഴിലെടുക്കാന്‍ തുടങ്ങി. കേരളത്തിന്റെ സാഹചര്യത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ നിലവാരം കുറഞ്ഞവരായി കണ്ടിരുന്നതിനാല്‍ പല വീടുകളിലെയും സ്ത്രീകള്‍ ചുറ്റുവട്ടങ്ങളിലും മറ്റും കള്ളങ്ങള്‍ പറഞ്ഞിട്ടൊക്കെയാണ് ജോലിക്ക് പോയിരുന്നത്. ജോലി കഴിഞ്ഞ് തിരിച്ചെത്താന്‍ വൈകുന്നവരില്‍ പലര്‍ക്കും നേരെ മോശമായ രീതിയിലുള്ള പല ചോദ്യം ചെയ്യലുകളുമുണ്ടാകാറുണ്ട്.
തൊഴില്‍ ഏജന്‍സികള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടല്ലോ. അവരെക്കുറിച്ച്?
തൊഴില്‍ ഏജന്‍സികള്‍ ചെയ്യുന്ന ക്രൂരതകള്‍ വളരെ ഭീകരമാണ്. നിരാലംബരായ തൊഴിലാളികളുടെ വിയര്‍പ്പിന്റെ പങ്ക് പറ്റുകയാണവര്‍. രൂക്ഷമായ സാമ്പത്തിക ബാധ്യതകളുള്ള വീടുകളില്‍ നിന്നാണ് ഈ സ്ത്രീകളെല്ലാം ജോലി തേടി വരുന്നതെന്നതിനാല്‍ പലപ്പോഴും അവര്‍ തങ്ങള്‍ക്ക് ലഭിക്കുന്ന് പണം തന്നെ ഒരാശ്വാസമായി കരുതുണ്ട്. പക്ഷേ അവരുടെ അധ്വാനം വളരെ വളുതാണ്. ആ തൊഴിലാളികളുടെ നിസ്സഹായതകളെ മുതലെടുക്കുകയാണ് ഈ തൊഴില്‍ ഏജന്‍സികള്‍ ചെയ്യുന്നത്.