Interview | മതവുമായി ബന്ധപ്പെട്ട ഒരു വാക്കുപോലും ആ പാട്ടിലില്ല; 'മാപ്പിള ടച്ചുള്ള' താളമായിരുന്നു അവരുടെ പ്രശ്‌നം | മത്തായി സുനില്‍
Interview
Interview | മതവുമായി ബന്ധപ്പെട്ട ഒരു വാക്കുപോലും ആ പാട്ടിലില്ല; 'മാപ്പിള ടച്ചുള്ള' താളമായിരുന്നു അവരുടെ പ്രശ്‌നം | മത്തായി സുനില്‍
സഫ്‌വാന്‍ കാളികാവ്
Tuesday, 4th April 2023, 10:48 pm

 

മത്തായി സുനില്‍

ആലപ്പുഴ- പത്തനംതിട്ട ജില്ലാ അതിര്‍ത്തിയിലുള്ള കാരക്കാട് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ ഉത്സവ പരിപാടിക്കിടെ ശാസ്താംകോട്ട പാട്ടുപുര എന്ന നാടന്‍പാട്ട് മ്യൂസിക്ക് ബാന്റിനെതിരെ ബി.ജെ.പി നേതാവിന്റെ നേതൃത്വത്തില്‍ കയ്യേറ്റ ശ്രമം നടന്നിരുന്നു. ‘മുസ്‌ലിം ടച്ചുള്ള പാട്ട് പാടി’ എന്ന് ആരോപിച്ചായിരുന്നു രണ്ട് പേര്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചത്. സിനിമാ പിന്നണി ഗായകനും നാടന്‍പാട്ട് കലാകാരനുമായ മത്തായി സുനിലിനും സംഘത്തിനും നേരെയാണ് അക്രമം നടന്നത്.

വര്‍ഗീയ രാഷ്ട്രീയം കലാരംഗത്ത് ഇടപെടുന്നതിനെക്കുറിച്ചും ഇത്തരം പ്രവണതകള്‍ക്കെതിരെ കലാകാരന്മാര്‍ ഒരുമിക്കണമെന്നും പറയുകയാണ് ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഗായകന്‍ മത്തായി സുനില്‍.

എന്താണ് ശരിക്കും അന്ന് സംഭവിച്ചത്?

രാത്രി 9.30 ആയപ്പോഴാണ് പരിപാടി തുടങ്ങിയത്. പ്രേക്ഷരായി വലിയ ജനാവലിയുണ്ടായിരുന്നു. പരിപാടി തുടങ്ങി നല്ല ഒരു വൈബില്‍ മുന്നോട്ടുപോവുകയായിരുന്നു. സാധാരണ ഉത്സവപറമ്പില്‍ ഉണ്ടാകാറുള്ള ചെറിയ അലമ്പുകളൊന്നും തന്നെ അവിടെയുണ്ടായിരുന്നില്ല.

അതിനിടയിലാണ് മുസ്‌ലിം ടച്ചുള്ള ഒരു പാട്ട് പാടി എന്ന് പറഞ്ഞ് രണ്ട് പേര്‍ വന്ന് ബഹളമുണ്ടാക്കിയത്. മുസ്‌ലിം ടച്ചുള്ള മാപ്പിളപാട്ട് എന്തുകൊണ്ട് ക്ഷേത്രത്തിന്റെ പരിപാടിയില്‍ പാടി എന്നാണ് ഇവരുടെ ചോദ്യം. അവിടെ ആയിരക്കണക്കിന് ജനങ്ങള്‍ക്ക് ആ പാട്ടില്‍ പ്രശ്‌നമുണ്ടായില്ല, പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍ക്കും പരാതിയില്ല, ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ക്കും കുഴപ്പമില്ല. പ്രശ്‌നമുണ്ടായത് രണ്ട് പേര്‍ക്ക് മാത്രമായിരുന്നു. അതിലൊരാള്‍ ബി.ജെ.പി നേതാവാണ്.

അത് അവരുടെ സമൂഹ്യബോധത്തിന്റെ പ്രശ്‌നമാണ്. ആരോഗ്യപരമായി ചിന്തിക്കാത്തതിന്റെ കുഴപ്പമാണ്. ഒരുപാട്ടിനെ പാട്ടായി കാണാതെ മതപരവും വര്‍ഗീയവുമായി മാത്രം ചിന്തിക്കുന്നതിന്റെ പ്രശ്‌നമാണ്. ഈ 21ാം നൂറ്റാണ്ടിലും ഒരു പാട്ടിനെ പാട്ടായി കാണുന്നില്ലെങ്കില്‍ എന്ത് ചെയ്യാനാണ്.

ഇവര്‍ക്ക് പ്രകോപനം ഉണ്ടാകുന്ന തരത്തില്‍ ഏത് പാട്ടാണ് നിങ്ങള്‍ പാടിയത്?

വടക്കന്‍ മലബാറിലൊക്കെ കൈമുട്ട് കളിയുമായി ബന്ധപ്പെട്ട ഒരു പാട്ടാണ് പാടിയത്. എല്ലാ വിഭാഗങ്ങള്‍ക്കും അവരുടേതായ കലാരൂപങ്ങള്‍ ഉണ്ടല്ലോ. അത്തരത്തില്‍ ഒരു പാട്ട് മാത്രമാണത്. നാടന്‍ പാട്ടുകള്‍ക്കിടയിലെ ഒരു ട്രെന്‍ഡ് ഗാനമായിരുന്നു ഇത്. നാടന്‍ പാട്ടുമായി ബന്ധപ്പെട്ട എല്ലാ ബാന്റുകളും ഈ ഗാനം പാടാറുണ്ട്. ‘ഒന്നാനാം നല്ലയിനം കവുങ്ങേ’ എന്ന് തുടങ്ങുന്ന ഗാനമാണത്.

ഈ പാട്ടിന്റെ വരികളൊക്കെ വളരെ സിമ്പിളായതിനാല്‍ എല്ലാവര്‍ക്കും ഏറ്റുപാടാനും കഴിയും. പലയിടങ്ങളിലും ഈ പാട്ട് പ്രേക്ഷകര്‍ ആവശ്യപ്പെടുന്നുണ്ട്. ഈ പാട്ടിനകത്ത് ഏതെങ്കിലും മതത്തോയോ വിശ്വാസത്തോയോ ആരാധനയെയോ ചോദ്യം ചെയ്യുന്ന ഒന്നുമില്ല. ശരിക്കും അതൊരു എന്റര്‍ടൈന്‍ ഫെസ്റ്റിവല്‍ പാട്ടാണ്.

ഹിന്ദു ക്ഷേത്രത്തില്‍ എന്തുകൊണ്ട് മുസ്‌ലിം പാട്ട് പാടി എന്നാണവര്‍ ചോദിക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കില്‍ നമ്മുടെ നാട്ടില്‍ എന്തെങ്കിലും പരിപാടി നടത്താനാകുമോ. ഇവരുടെ വര്‍ത്തമാനം ആയിരത്തോളം വരുന്ന മനുഷ്യരുടെ കലാസ്വാദനത്തെയാണ് ബാധിച്ചത്. മുക്കാല്‍ മണിക്കൂറോളം പരിപാടി തടസപ്പെട്ടു.

നല്ല രീതിയില്‍ മുന്നോട്ടുപോയ പരിപാടി നിന്ന് പോയപ്പോള്‍ ജനങ്ങള്‍ക്കും ആശയക്കുഴപ്പം ഉണ്ടായി. എത്ര മാനസിക പിരുമുറുക്കമുണ്ടായാലും ചിലപ്പോള്‍ ഒരു പാട്ടുകേട്ടാല്‍ നാമൊന്ന് ശാന്തമാകും. ആ ആസ്വാദനത്തെയാണ് അവര്‍ ഇല്ലാതാക്കിയത്.

 

മുമ്പ് ഇതുപോലുള്ള അനുഭവം ഉണ്ടായിട്ടുണ്ടോ?

ഒരിക്കലും ഉണ്ടായിട്ടില്ല. ഞങ്ങളുടെ 95 ശതമാനം പരിപാടികളും ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് നടക്കാറുള്ളത്. ബാക്കി അഞ്ച് ശതമാനം മാത്രമാണ് അതിന് പുറത്തുള്ള പരിപാടികള്‍.

മുപ്പതോളം വര്‍ഷമായി വിവിധ പരിപാടികളില്‍ ഞാന്‍ ഗാനം ആലപിക്കുന്നുണ്ട്. ഉത്സവകാലം തന്നെയാണ് ഞങ്ങളുടെ സീസണും. ഇതുവരെ ഒരു ക്ഷേത്രത്തിലും ഭരണസമിതി അംഗങ്ങല്‍ ഇന്ന പാട്ട് പാടണം, ഇത് പാടരുത് എന്നൊന്നും ഞങ്ങളോട് പറഞ്ഞിട്ടില്ല. ചിലപ്പോള്‍ ചില പാട്ടുകള്‍ പാടാമോ എന്നൊക്കെ അഭ്യര്‍ത്ഥിക്കാറുണ്ട്. അല്ലാതെ ഇത്തരത്തിലൊരു അനുഭവം ആദ്യമായിട്ടാണ്.

പരിപാടിക്ക് ശേഷം ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നം പിന്നീട് ഉണ്ടായോ? എപ്പോഴാണ് വിഷയത്തില്‍ പ്രതിഷേധിക്കാന്‍ നിങ്ങളുടെ ബാന്റ് തയ്യാറായത്?

പരിപാടിക്ക് ശേഷം പിന്നീട് ഒന്നും ഉണ്ടായില്ല. പക്ഷേ ഇത്തരത്തില്‍ വര്‍ഗീയത ഉണ്ടാകുമ്പോള്‍ അതിനെ അഡ്രസ് ചെയ്യണമെന്ന് തോന്നി. നമ്മള്‍ മിണ്ടാതിരുന്നാല്‍ അത് വീണ്ടും അവര്‍ത്തിക്കപ്പെടും. നാളെ മറ്റൊരു ബാന്റിനും ഈ അവസ്ഥ വരാന്‍ പാടില്ല.

പുതിയ തലമുറയിലെ കലാകാരന്മാരെ അത് ബാധിക്കരുത്. അവര്‍ക്ക് അവരുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യവുമായി മുന്നോട്ട് പോകാന്‍ കഴിയണം. കലയും കലാകാരന്മാരും ഓരോ കാലത്തിനും അഭിവാജ്യമാണ്. അതുകൊണ്ടാണ് പ്രതിഷേധിച്ചത്. അല്ലെങ്കില്‍ ഞാന്‍ എന്നോട് കാണിക്കുന്ന നീതികേടാകും.

സ്റ്റേജിന്റെ പിന്നില്‍ ഒരാള്‍ പ്രശ്‌നമുണ്ടാക്കുന്നതിനിടയില്‍ ‘നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ, നമ്മള് നമ്മളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ’ എന്ന ഗാനം പാടുന്ന ഒരു വീഡിയോ കൂടി പ്രചരിക്കുന്നുണ്ട്. ഏന്തായിരുന്നു ഇതിന്റെ പശ്ചാത്തലം?

ഞാന്‍ ഈ ഗാനം പാടിക്കൊണ്ടിരിക്കുന്ന സമയത്താണ് ഞങ്ങളുടെ ടീമിന്റെ സെക്രട്ടറിയായ ബൈജുവിനെ സ്റ്റേജിന്റെ പിന്നിലേക്ക് വിളിപ്പിക്കുന്നത്. ഒരുമിച്ച് നില്‍ക്കണം എന്ന സന്ദേശമുള്ള ഒരു ഗാനം ആലപിച്ച ശേഷമാണ് പിന്നില്‍ ചെല്ലുമ്പോള്‍ ഇവരുടെ ഒച്ചപ്പാടും ബഹളവും ഞാന്‍ കേള്‍ക്കുന്നത്.

ഹിന്ദുക്കളുടെ പൈസ ഉപയോഗിച്ചുള്ള പരിപാടിയില്‍ എന്ത് കൊണ്ട് മുസ്‌ലിം പാട്ട് പാടി എന്നൊക്കെയാണ് ഇവര്‍ ചോദിക്കുന്നത്. എന്ത് പറയാനാണ് ഇവരോടൊക്കെ. എന്താണ് ഇതിലെ പ്രശ്‌നം എന്ന് ഞാന്‍ അവരോട് ചോദിക്കുന്നുണ്ട്. നിങ്ങളുടെ ആചാര അനുഷ്ടാനങ്ങളെ ചോദ്യം ചെയ്യുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ പരസ്യമായി മാപ്പ് പറയാം എന്ന് ഞങ്ങള്‍ പ്രതികിച്ചു. അവര്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല.

കലാ ജീവിതത്തെക്കുറിച്ച്?

ഞാന്‍ ഒരു മുപ്പത് വര്‍ഷത്തോളമായി നാടന്‍പാട്ട് കലാ രംഗത്തുണ്ട്. ശാസ്താംകോട്ട ഡി.വി. കോളേജില്‍ നിന്നാണ് കലാ ജീവിതം തുടങ്ങുന്നത്. നാടോടി എന്ന് പറയുന്ന തെരുവ് നാടക സംഘത്തനൊപ്പമാണ് തുടക്കം. അന്തരിച്ച കാര്‍ട്ടൂണിസ്റ്റും നാടന്‍പാട്ട് കലാകാരനുമായിരുന്ന പി.എസ്. ബാനര്‍ജിയും ഞാനുമൊക്കെ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള ഫോക്‌ലോര്‍ അക്കാദമിയുടെ ഇപ്പോഴത്തെ ചെയര്‍മാനായ സി.ജെ. കുട്ടപ്പന്റെ കൂടെ പി.എസ്. ബാനര്‍ജിയും ഞാനും 10 വര്‍ഷത്തോളം ജോലി ചെയ്തിട്ടുണ്. പിന്നീടാണ് സിനിമ പിന്നണി ഗാനരംഗത്തേക്ക് വരുന്നത്. മുപ്പത്തിയഞ്ചോളം സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചു.

എങ്ങനെയാണ് പാട്ടുപുര ഉണ്ടാകുന്നത്?

പാട്ടുപര എന്ന ഒരു ബാന്റിലേക്ക് മാറിയിട്ട് എട്ട് വര്‍ഷം ആകുന്നേയുള്ളു. ഒരു ട്രസ്റ്റ് പോലെയാണ് പാട്ടുപുരയുടെ പ്രവര്‍ത്തനം. ഒരു മുതലാളി, തൊഴിലാളി ഡീലിങ്‌സ് അതിലില്ല. എല്ലാവര്‍ക്കും തുല്യ വേതനമാണ്. ബാക്കിയുള്ള പണം ടീമിന്റെ മുന്നോട്ടുപോക്കിന് ഉപയോഗിക്കും.

നാടന്‍പാട്ട് ശരിക്ക് ഒരു കൂട്ടായ വര്‍ക്കാണ്. മുന്നില്‍ നിന്ന് പാടുന്നവര്‍ക്കും പിന്നില്‍ നിന്ന് പാടുന്നവര്‍ക്കും ഒരേ പ്രാധാന്യമാണ്. സനിമയില്‍ പിന്നണി പാടിയിട്ടുണ്ടെങ്കിലും പൊതുവേദിയില്‍ ലൈവായിട്ട് ഞാന്‍ നാടന്‍പാട്ട് മാത്രമേ പാടാറുള്ളു.

Content Highlight: Interview With folklore singer Mathayi Sunil

 

സഫ്‌വാന്‍ കാളികാവ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.