ശബരിമല സംഘപരിവാറിന്റെ ഗെയിമാണ് അത് ഞാന്‍ കളിക്കുന്നില്ല - അരുന്ധതി റോയി/മനില സി മോഹന്‍, റിമ മാത്യു
എഡിറ്റര്‍

മുന്നോക്ക സംവരണം, 2019 തിരഞ്ഞെടുപ്പ്, പശു രാഷ്ട്രീയം, കര്‍ഷക സമരങ്ങള്‍, മാധ്യമങ്ങളിലെ കാവിവത്കരണം, ശബരിമല എന്നീ വിഷയങ്ങളില്‍ അരുന്ധതി റോയുമായി മനില സി മോഹനും റിമ മാത്യുവും നടത്തിയ അഭിമുഖം.

മുന്നാക്ക സാമ്പത്തിക സംവരണ ബില്ലിനെക്കുറിച്ചാണ് ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നത്. ഇടതുപാര്‍ട്ടികള്‍ പോലും പിന്തുണച്ച ബില്ലിനെ താങ്കള്‍ എങ്ങനെയാണ് കാണുന്നത്? എന്തു തരത്തിലുള്ള പ്രത്യാഘാതമാണ് അത് പൊതുസമൂഹത്തില്‍ ഉണ്ടാക്കാന്‍ പോവുന്നത്?

പൊതുതെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രമുള്ളപ്പോള്‍ നടന്നിട്ടുള്ള ഇത്തരത്തിലുള്ള എല്ലാ കാര്യങ്ങള്‍ക്കും തെരഞ്ഞെടുപ്പുമായി മാത്രമാണ് ബന്ധമുള്ളത് എന്നാണ് ഞാന്‍ കരുതുന്നത്. അത് ഏതെങ്കിലും വ്യക്തിയോടോ ജാതിയോടോ വര്‍ഗ്ഗത്തോടോ ഉള്ള പരിഗണനയല്ല. സാമ്പത്തിക സംവരണം എന്നത് വളരെ സങ്കീര്‍ണമായ ഒരു വിഷയമാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പത്ത് ശതമാനം പേര്‍ക്ക് സംവരണം നല്‍കാന്‍ പോകുന്നു എന്നാണ് പറയുന്നത്.

എങ്ങനെയാണ് സാമ്പത്തിക പിന്നാക്കാവസ്ഥയെ നിര്‍വ്വചിക്കാന്‍ പോകുന്നത്? ഉദാഹരണത്തിന് ദില്ലിയിലെ എല്ലാ വലിയ സ്വകാര്യ ആശുപത്രികളും നില നില്‍ക്കുന്നത് പൊതുസ്ഥലത്താണ്. ദരിദ്രരായവര്‍ക്ക് ഒരു നിശ്ചിത എണ്ണം കിടക്കകള്‍ ഉണ്ടാവും എന്ന നിബന്ധനയിലാണത്. പക്ഷേ സമ്പന്നരായവര്‍ക്കാണ് ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്.

ഇതൊക്കെ വെറുതേ പറയുന്നതാണ്. സംവരണം എന്ന് പറയുന്നത് സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ജാതായിലുള്ളവര്‍ക്ക് വേണ്ടിയുള്ളതാണ്. അത് ഈ തലമുറയ്ക്ക് വേണ്ടി മാത്രം ഉണ്ടാക്കിയിട്ടുള്ളല്ല. ചരിത്രപരമായിത്തന്നെ അതുണ്ട്.

എന്റെ കേരളത്തിലെ കുടുംബത്തിന്റെ കാര്യമെടുത്താല്‍ അവര്‍ക്ക് നൂറ്റാണ്ടുകളായി വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്. ആ അവസ്ഥയില്‍ എന്റെ പാരന്റ്‌സില്‍ ഒരാള്‍ എന്ത് കാരണം കൊണ്ടാണെങ്കിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നു എങ്കിലും അത് തലമുറകളായി അനുഭവിച്ചു വരുന്ന പ്രിവിലേജിനെ മറികടക്കാനുള്ള കാരണമല്ല.

ഭരണഘടനയില്‍ പറയുന്ന തുല്യനീതി എന്ന ആശയത്തെ അനാവശ്യമായി സങ്കീര്‍ണമാക്കുകയാണിവിടെ ചെയ്യുന്നത്. ഭരണഘടനയിലെ സംവരണം ജാതി വ്യവസ്ഥയെ തിരുത്തുക എന്ന ഉദ്ദേശ്യത്തോടെയുള്ളതാണ്.

സി.പി.എം പോലുള്ള പാര്‍ട്ടികള്‍ എന്തുകൊണ്ടായിരിക്കാം സാമ്പത്തിക സംവരണ ബില്ലിനെ ഒരു സംശയവുമില്ലാതെ പിന്തുണച്ചിട്ടുണ്ടാവുക?

എല്ലാം രാഷ്ട്രീയ പ്രേരിതമാണ്. ശബരിമലയായാലും മറ്റ് എന്തായാലും. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ പ്രതികരിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന രീതിയില്‍ സാഹചര്യങ്ങളെ രാഷ്ട്രീയമായി ഉണ്ടാക്കിയെടുക്കുന്നതില്‍ ബി.ജെ.പി മാസ്റ്റേഴ്‌സ് ആണ്. യഥാര്‍ത്ഥത്തില്‍ ഭരണഘടനയെ ബാധിക്കുന്ന, ഹിന്ദു വോട്ടിനെ ബാധിക്കുന്ന, അപ്പര്‍ കാസ്റ്റ് വോട്ടിനേയും ലോവര്‍ കാസ്റ്റ് വോട്ടിനേയും ബാധിക്കുന്ന വിഷയങ്ങളില്‍ ധാര്‍മികമായി രാഷ്ട്രീയ പാര്‍ടികള്‍ക്ക് പ്രതികരിക്കാന്‍ പറ്റില്ല. പക്ഷേ അത്തരം സന്ദര്‍ഭങ്ങളെ ഉണ്ടാക്കിയെടുക്കുകയാണ്.

സാമ്പത്തിക സംവരണത്തിന് വേണ്ടി പറയുന്ന യുക്തി, അങ്ങനെയെങ്കില്‍ സ്ത്രീ സംവരണ ബില്ലിനും ബാധകമാവില്ലേ ഭാവിയില്‍?

ഇത്തരം വിഷയങ്ങള്‍ തെരഞ്ഞെടുപ്പിന് ഒരാഴ്ച മുന്നേ കൊണ്ടുവരികയാണ്.

അത് ഇലക്ഷന്‍ സ്റ്റണ്ട് മാത്രമാണ്?

അതെ ഇലക്ഷന്‍ സ്റ്റണ്ടാണ്.

ഭരണഘടനയില്‍ അത്ര എളുപ്പത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ല എന്ന ഒരു വിശ്വാസം ഉണ്ടായിരുന്നു. സംവരണവുമായി ബന്ധപ്പെട്ട് ഉണ്ടായ കാര്യങ്ങള്‍ കാണുമ്പോള്‍ തുല്യനീതിയെക്കുറിച്ചുള്ള ഭരണഘടനാഅടിസ്ഥാനങ്ങള്‍ തന്നെ എളുപ്പത്തില്‍ അട്ടിമറിക്കപ്പെടുകയാണെന്നല്ലേ മനസ്സിലാക്കേണ്ടത്?

നമ്മള്‍ ബി.ജെ.പി.യെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കുന്നു എന്നത് നമ്മള്‍ വരുത്തിയ വലിയൊരു തെറ്റാണ് എന്നാണ് എനിക്ക് തോന്നുന്നത്. ബി.ജെ.പി. മാതൃസംഘടനയായ ആര്‍.എസ്.എസ് നോളം ശക്തമായിരുന്നില്ല. ആര്‍.എസ്.എസ് എപ്പോഴും പറഞ്ഞിരുന്നത് ഭരണഘടനയില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ചാണ്. ഒരു സോഷ്യലിസ്റ്റ് സെക്യുലര്‍ രാഷ്ട്രത്തില്‍ നിന്ന് ഹിന്ദുമതരാഷ്ട്രമാക്കി മാറ്റുന്നതിനെക്കുറിച്ചാണ്.

ഭരണഘടന പല കാരണങ്ങളാല്‍ വലിയ ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് അവര്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കില്ല എന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നത്.

2019ലെ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ എന്തായിരിക്കും ഇന്ത്യയുടെ അവസ്ഥ? എന്‍.ഡി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് കരുതുന്നുണ്ടോ?

എനിക്ക് തോന്നിയില്ല അവര്‍ വരുമെന്ന്. പക്ഷേ വന്നാലും വന്നില്ലെങ്കിലും നമ്മുടെ ഇപ്പോഴത്തെ സ്ഥിതി ഇങ്ങനെയാണ്. നമ്മള്‍ പലതരം അപകടങ്ങളിലാണ്. കാരണം വര്‍ഗ്ഗീയത ഈ രാജ്യത്തെ എല്ലാ ഇന്‍സ്റ്റിറ്റിയൂഷനുകളിലും സമുദായങ്ങളിലും ആഴ്ന്നിറങ്ങിയിരിക്കുകയാണ്. അവര്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയാണെങ്കിലും അത് വര്‍ഗ്ഗീയ അജണ്ട കാരണമായിരിക്കില്ല. അത് ജനങ്ങളുടെ സാമ്പത്തികനിലയെയും ദൈനംദിന ജീവിതത്തേയും ചെറുകിട വ്യാപരങ്ങളേയും നശിപ്പിച്ചതുകൊണ്ടാണ്. വര്‍ഗ്ഗീയ അജണ്ട ഇവിടെത്തന്നെ സജീവമായി നിലനില്‍ക്കും. അവര്‍ അധികാരത്തിലില്ലെങ്കിലും ആ രീതിയില്‍ ശക്തരായിരിക്കും.

വര്‍ഗ്ഗീയത ഇന്ത്യന്‍ സമുദായങ്ങളില്‍ എല്ലാക്കാലത്തും ഉണ്ടായിരുന്നില്ലേ? ഉറങ്ങിക്കിടന്നിരുന്ന ആ കമ്മ്യൂണല്‍ മനസ്സിനെ ആക്രമണോത്സുകമായ തലത്തിലേക്ക് കൊണ്ടുവരികയല്ലേ ബി.ജെ.പി. ചെയ്തത്?

അത് മാത്രമല്ല. അതില്‍ പലതരത്തിലുള്ള പ്രോഗ്രസ്സ് ഉണ്ടായിട്ടുണ്ട്. പശു രക്ഷാ സേനകളെ സംരക്ഷിക്കല്‍, കൊല ചെയ്യുന്ന ആള്‍ക്കൂട്ടങ്ങളെ സംരക്ഷിക്കല്‍. അവരുടെയൊക്കെ സാമ്പത്തിക സുരക്ഷ കൂടി ഉറപ്പാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് പശുക്കൊലപാതകം അത് മാത്രമല്ല. അത് സമ്പത്തിന്റേയും വ്യാപാരത്തിന്റേയും പിടിച്ചെടുക്കല്‍ കൂടിയാണ്. എല്ലാത്തരത്തിലുമുള്ള അജണ്ട നടപ്പാക്കുന്നതിനുള്ള സംരക്ഷണം കൂടിയാണ് നല്‍കുന്നത്. ഉയര്‍ത്തിവിട്ട വര്‍ഗ്ഗീയ മനസ്സ് മാത്രമല്ല, അതില്‍ നിന്ന് ലാഭമുണ്ടാക്കാനുള്ള അനുവാദം കൂടിയാണ്.

മഹാരാഷ്ടയിലും ഡല്‍ഹിയിലുമൊക്കെ നടന്ന കര്‍ഷക റാലികള്‍ തെരഞ്ഞെടുപ്പില്‍ വോട്ടായി പ്രതിഫലിക്കും എന്ന് തോന്നുന്നുണ്ടോ?

എനിക്ക് തോന്നുന്നു, പ്രതിഫലിക്കും എന്ന്. കാരണം കാര്‍ഷിക മേഖല ആകെ പ്രശ്‌നത്തിലാണ്. യു.പി.പോലുള്ള സ്ഥലങ്ങളില്‍ പശു സംരക്ഷണ ബില്‍ പോലും കര്‍ഷകര്‍ക്ക് നിരാശയാണുണ്ടാക്കുന്നത്. കറവ വറ്റിയ പശുക്കളെ കര്‍ഷകര്‍ വില്‍ക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. ഇപ്പോള്‍ ആയിരക്കണക്കിന് പശുക്കള്‍ അലഞ്ഞ് നടക്കുകയാണ്. വിള നശിപ്പിക്കുകയാണ്. ആര്‍ക്കുമറിയില്ല എന്ത് ചെയ്യണമെന്ന്. ഹിന്ദു കര്‍ഷകര്‍ക്കും അറിയില്ല എന്താണ് ചെയ്യേണ്ടത് എന്ന്.

മാധ്യമങ്ങളിലെ കാവിവല്‍ക്കരണത്തെ എങ്ങിനെയാണ് കാണുന്നത്? കഴിഞ്ഞ അഞ്ച് വര്‍ഷത്തെ അനുഭവത്തില്‍ നിന്ന്?

മാധ്യമങ്ങളിലെ കാവിവല്‍ക്കരണവും കോര്‍പ്പറേറ്റ് വല്‍ക്കരണവും ഒന്നിച്ചാണ് പോകുന്നത്. മുന്‍കാലങ്ങളില്‍ ജേണലിസ്റ്റ് ആവുക എന്ന ആശയം അധികാരമുളളവരോട് എതിരിടുക എന്നതും ദുര്‍ബലരായവര്‍ക്കൊപ്പം നില്‍ക്കുക എന്നതുമായിരുന്നു. ഇപ്പോഴത് ദുര്‍ബലരെ എതിര്‍ക്കലും അധികാരമുള്ളവര്‍ക്കൊപ്പം നില്‍ക്കലും ആയി മാറിയിട്ടുണ്ട്. ഉദാഹരണത്തിന് അധികാരം മാറുമ്പോള്‍ മാധ്യമങ്ങളും അതിനനുസരിച്ച് മാറും. അധികാരമുള്ളവര്‍ക്കൊപ്പം നില്‍ക്കാനായി മാറും. അത്തരത്തിലല്ല അതിന്റെ വിപരീത ദിശയിലേക്കാണ് മാറേണ്ടത് എങ്കിലും.

ജേണലിസ്റ്റുകളാണോ മാധ്യമ മുതലാളിമാരാണോ ആത്യന്തികമായി ഇത്തരം മാറ്റങ്ങള്‍ക്ക് വിധേയരായിട്ടുള്ളത്?

ജേണലിസ്റ്റുകള്‍ മാത്രമല്ലല്ലോ? സാമ്പത്തിക ക്രമം അത്തരത്തിലുള്ളതാണ്. ആ സാമ്പത്തിക ക്രമത്തിന് വേണ്ട ജേണലിസ്റ്റുകളെയല്ലേ നിയമിക്കുന്നത്. ഇന്ത്യയില്‍ ഇന്ന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സ്പീഷീസ് പ്രൊഫഷണല്‍ സീനിയര്‍ ജേണലിസ്റ്റുകളാണ് എന്ന് ഞാന്‍ പറയും. നിങ്ങള്‍ ഒരു മികച്ച ജേണലിസ്റ്റാണ് എങ്കില്‍ നിങ്ങളുടേത് നിങ്ങളുടേത് വംശനാശ ഭീഷണി നേരിടുന്ന ഒരു കരിയര്‍ കൂടിയാണ്.

ഒരു റൈറ്റര്‍ എന്ന നിലയില്‍ എപ്പോഴെങ്കിലും ഏതെങ്കിലും തരത്തിലുള്ള ജന്റര്‍ ഇന്‍ജസ്റ്റിസ് അനുഭവപ്പെട്ടിട്ടുണ്ടോ?

സെക്‌സിസം എന്നത് എന്തിലുമുണ്ട്. ഞാന്‍ എഴുതിത്തുടങ്ങിയപ്പോള്‍ ഒരു പാട് ഉപദേശങ്ങള്‍ കേട്ടിട്ടുണ്ട്. ആണുങ്ങളില്‍ നിന്ന്. പ്രത്യേകിച്ച് സവര്‍ണ ആണുങ്ങളില്‍ നിന്ന്. എങ്ങനെ എഴുതണം? ഏത് ടോണില്‍ എഴുതണം? എന്തൊക്കെ വിഷയങ്ങളില്‍ എഴുതണം. അത് ഇന്‍ ജസ്റ്റിസ് എന്ന് തോന്നിയിട്ടില്ലായിരുന്നു. എനിക്കതിനോട് ചിരിക്കാനാണ് തോന്നിയിരുന്നത്. കാരണം അത് പരിഹാസ്യമായ ഒന്നാണല്ലോ. അവരുടെ ചിലവില്‍ ഞാനൊരു പാട് തമാശ ആസ്വദിച്ചിട്ടുണ്ട്. ഇപ്പോഴില്ല.

ശബരിമല വിഷയം ശ്രദ്ധിച്ചിരുന്നല്ലോ? ഒരു മതത്തിലെ ആചാരത്തെ മുന്‍നിര്‍ത്തിയാണോ നമ്മള്‍ ജന്റര്‍ ജസ്റ്റിസിനെപ്പറ്റി സംസാരിക്കേണ്ടത്?

എനിക്ക് ഒറ്റക്കാര്യമേ പറയാനുള്ളൂ. ഇതെല്ലാം സംഭവിച്ചിട്ടുള്ളത് പൊതുതെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുന്‍പാണ്. അതെല്ലാം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ളതാണ്. ഇതിനെക്കുറിച്ച് ഞാന്‍ തെരഞ്ഞെടുപ്പിന് ശേഷം സംസാരിക്കാം. ഇപ്പോള്‍ നമ്മള്‍ സംസാരിക്കുന്നതെല്ലാം അവരുടെ ഗെയിമിനകത്തുനിന്നാണ്. ആ ഗെയിം ഞാന്‍ കളിക്കുന്നില്ല.

അതായത് ശബരിമലയ്ക്ക് ജന്റര്‍ ജസ്റ്റിസുമായി ബന്ധമില്ല?

തെരഞ്ഞെടുപ്പാണ് ആദ്യം വരുന്നത്. അതുമായാണ് ബന്ധമുള്ളത്. തെരഞ്ഞെടുപ്പിന് ശേഷം അത് സംസാരിക്കാം.

സ്ത്രീകളുടെ നേതൃത്വത്തിലുള്ള, സ്ത്രീകളുടേതായ വയലന്‍സിന് സമീപകാലത്ത് വളരെയധികം ഉദാഹരണങ്ങളുണ്ട്. എങ്ങിനെ കാണുന്നു?

ഒരു സ്ത്രീ എന്ന നിലയില്‍ ആത്മവിശ്വാസമുള്ളവരായി മാറുമ്പോള്‍ നമ്മള്‍ നമ്മളിലേക്ക് തന്നെ നോക്കേണ്ടതുണ്ട്, നമ്മളെത്തന്നെ വിമര്‍ശിക്കേണ്ടതുണ്ട്. നമ്മള്‍ ഇരകള്‍ മാത്രമല്ല, നമ്മള്‍ കുറ്റം ചെയ്യുന്നവരുമായിത്തീരുന്നുണ്ട്. നമ്മള്‍ ആത്മ വിശ്വാസമുള്ളവരായി മാറുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

തീവ്ര വലതുപക്ഷം സ്ത്രീകളെ വയലന്‍സിനുള്ള ടൂളായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.

ഇത് ആദ്യത്തെ സംഭവമാണ് എന്ന് തോന്നുന്നുണ്ടോ? ഗുജറാത്ത് വംശഹത്യയില്‍ സ്ത്രീകള്‍ പങ്കെടുത്തിട്ടുണ്ട്. അതെപ്പോഴും സംഭവിക്കാറുണ്ട്. സ്ത്രീകള്‍ യുദ്ധത്തില്‍ പങ്കെടുക്കാറുണ്ട്. സ്ത്രീകള്‍ സൗമ്യരാണെന്നുള്ളതൊക്കെ തെറ്റായ ധാരണകളാണ്. ചരിത്രത്തിലുടനീളം അതുണ്ട്.