Film Interview
Interview: മമ്മൂട്ടിയെ തോക്കിന്‍മുനയില്‍ നിര്‍ത്തിയ ബംഗാളുകാരി; സുസ്മിത സുറിന്റെ അഭിമുഖം
'സ്‌ക്രീനില്‍ ചെലവഴിക്കുന്ന സമയമല്ല, പ്രകടനത്തിലെ തീവ്രതയാണ് നിര്‍ണായകം,' കണ്ണൂര്‍ സ്‌ക്വാഡിലെ സുസ്മിത സുറിന്റെ പ്രകടനത്തെ പറ്റി മമ്മൂട്ടി കമ്പനി സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണിത്. കണ്ണൂര്‍ സ്‌ക്വാഡ് കണ്ടവരാരും ടിക്രി വില്ലേജിനേയും പവന്‍ ഭയ്യയേയും അദ്ദേഹത്തിന്റെ ഭാര്യയേയും മറക്കില്ല.
മമ്മൂട്ടിയെ തോക്കിന്‍മുനയില്‍ നിര്‍ത്തിയ സുസ്മിതക്കുള്ള മലയാളി കണക്ഷന്‍ എന്താണ്? വെസ്റ്റ് ബംഗാളില്‍ നിന്നുമുള്ള സുസ്മിത കണ്ണൂര്‍ സ്‌ക്വാഡിലെത്തിയത് എങ്ങനെ? സുസ്മിത ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖം വായിക്കാം.
കണ്ണൂര്‍ സ്‌ക്വാഡിലേക്ക് എങ്ങനെയാണ് എത്തുന്നത്?
ചെറുപ്പം മുതല്‍ തന്നെ തിയേറ്റര്‍ ആര്‍ടിസ്റ്റാണ്. കഴിഞ്ഞ ആറ് വര്‍ഷമായി മുംബൈയില്‍ തിയേറ്ററും സിനിമയുമായി പോവുകയാണ്. മുംബൈയില്‍ വച്ചാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ കാസ്റ്റിങ് കോള്‍ ഞാന്‍ കാണുന്നത്. കാണുന്ന കാസ്റ്റിങ് കോളിനെല്ലാം പ്രൊഫൈല്‍ അയക്കുന്നത് പോലെ അതിനും പ്രൊഫൈല്‍ അയച്ചു. പരാഗ് മേത്തയായിരുന്നു കാസ്റ്റിങ് ഡയറക്ടര്‍. ഓഡിഷന് പോയപ്പോള്‍ റോബി സാറും (റോബി വര്‍ഗീസ് രാജ്) ഉണ്ടായിരുന്നു. എനിക്കൊപ്പം ആ ഓഡിഷനില്‍ അഞ്ചാറ് പെണ്‍കുട്ടികള്‍ കൂടി ഉണ്ടായിരുന്നു. കഥയും സാഹചര്യവും സാര്‍ വിശദീകരിച്ച് തന്നു. പറഞ്ഞത് ഞാന്‍ അഭിനയിച്ചു കാണിച്ചു. അതിനുശേഷം ഞാന്‍ ആ ഓഡിഷനെ പറ്റി മറന്നുപോയിരുന്നു. എന്നാല്‍ ഒരു മാസത്തിന് ശേഷം അവരെന്നെ സെലക്ട് ചെയ്തു എന്ന് അറിയിച്ചു വിളിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി.
സെറ്റില്‍ ചെന്ന് മേക്കപ്പ് ചെയ്ത് ലുക്ക് മാറ്റിയ എന്നെ കണ്ണാടിയില്‍ കണ്ടപ്പോള്‍ ഞാന്‍ തന്നെ പേടിച്ചുപോയി. എന്നാല്‍ ഈ ലുക്ക് തന്നെ വേണമെന്ന് റോബി സാര്‍ പറഞ്ഞു. മലയാളം അറിയാത്തതിന്റെ ചില പ്രശ്‌നങ്ങള്‍ ഒക്കെ സെറ്റില്‍ നേരിട്ടിരുന്നു. എങ്കിലും എനിക്ക് ചില വാക്കുകളൊക്കെ കേട്ടാല്‍ മനസ്സിലാകും. ‘സുഖമാണോ’ ‘മനസ്സിലായോ’ എന്നിങ്ങനെ ചില വാക്കുകള്‍ ഒക്കെ എനിക്കറിയാം. പിന്നെ എന്റെ ഭര്‍ത്താവ് മലയാളിയാണ്. മാര്‍ട്ടിന്‍ എന്നാണ് പേര്. മരടാണ് അദ്ദേഹത്തിന്റെ സ്ഥലം. എന്‍.എസ്.ഡിയില്‍ എന്റെ ബാച്ച്‌മേറ്റ് ആയിരുന്നു അദ്ദേഹം.
സെറ്റില്‍ റോബി സാര്‍ പറഞ്ഞത് അതുപോലെ ചെയ്യുകയായിരുന്നു ഞാന്‍. ഞാന്‍ മുന്‍പ് ചെയ്ത വര്‍ക്കുകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു കണ്ണൂര്‍ സ്‌ക്വാഡിന്റെ സ്‌ക്രിപ്റ്റ്. അതുകൊണ്ട് തന്നെ എനിക്ക് അല്‍പ്പം ടെന്‍ഷനും ആശയക്കുഴപ്പവുമൊക്കെ ഉണ്ടായിരുന്നു. അപ്പോള്‍ പോലും അവര്‍ തരുന്ന നിര്‍ദേശത്തിനനുസരിച്ച്, എന്റെ കഴിവിന്റെ പരാമാവധിയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. അത് എന്റെ പെര്‍ഫോമന്‍സിലും കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സുസ്മിതയെ പറ്റി കൂടുതല്‍ വിശദീകരിക്കാമോ?
ഞാന്‍ ഒരു ട്രെയിന്‍ഡ് ആക്ടര്‍ ആണ്. ദല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ആണ് പഠിച്ചത്. വെസ്റ്റ് ബംഗാളിലാണ് എന്റെ സ്ഥലം. കഴിഞ്ഞ ആറു വര്‍ഷമായി മുംബൈയില്‍ ഉണ്ട്. അതിനുമുമ്പ് കേരളത്തില്‍ ആക്ടിങ് ടീച്ചറായി ജോലി ചെയ്തിട്ടുണ്ട്.
മമ്മൂട്ടിയെ നിങ്ങള്‍ തോക്ക് ചൂണ്ടി പേടിപ്പിക്കുന്ന, അദ്ദേഹത്തിനൊപ്പം നേര്‍ക്കുനേര്‍ വരുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ആ എക്സ്പീരിയന്‍സ് എങ്ങനെയായിരുന്നു?
മമ്മൂക്കക്ക് ഒപ്പം അഭിനയിക്കുമ്പോള്‍ കുറച്ച് ടെന്‍ഷന്‍ ഉണ്ടായിരുന്നു, കാരണം അദ്ദേഹം മലയാളം സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ ആണ്. സെറ്റിലേക്ക് വരുമ്പോള്‍ തന്നെ ഒരു ഓറ ഉണ്ട്. വളരെ ശാന്തമായ അഭിനയ ശൈലിയാണ് അദ്ദേഹത്തിന്റേത് എന്ന് തോന്നിയിട്ടുണ്ട്. അടുത്ത നിമിഷം അദ്ദേഹം എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് നമുക്ക് അറിയാന്‍ സാധിക്കില്ല. അതെനിക്ക് വളരെ സര്‍പ്രൈസിങ് ആയിരുന്നു. ഒരു സാധാരണ മനുഷ്യനെ പോലെയാണ് മമ്മൂക്ക എന്നോട് സംസാരിച്ചത്. അദ്ദേഹത്തിന്റെ സ്റ്റാര്‍ഡം എനിക്ക് ഫീല്‍ ചെയ്യാന്‍ സാധിച്ചില്ല.
കളമശേരിയില്‍ സെറ്റിട്ടാണല്ലോ ടിക്രി വില്ലേജ് ഷൂട്ട് ചെയ്തത്. കേരളത്തിലെ ഷൂട്ടിങ് സെറ്റിലെ അനുഭവങ്ങള്‍ എങ്ങനെയുണ്ടായിരുന്നു?
സെറ്റില്‍ ഉണ്ടായിരുന്ന എല്ലാവരും വളരെയധികം പിന്തുണയാണ് നല്‍കിയത്. തിരക്കഥാകൃത്ത് റോണി സാറും എന്നോട് നിരന്തരം സംസാരിച്ചിരുന്നു. അത് കൂടുതല്‍ സഹായിച്ചു. എല്ലാവരുടെയും പിന്തുണ കാരണം തിയേറ്ററില്‍ എന്ന പോലെയുള്ള ഒരു എനര്‍ജി എനിക്ക് അവിടെ നിന്ന് ലഭിച്ചു. അഭിനേതാക്കളും ടെക്‌നീഷ്യന്മാരും എല്ലാം വളരെ സപ്പോര്‍ട്ടീവ് ആയിരുന്നു.
സെറ്റില്‍ വെച്ച് മമ്മൂക്ക എന്റെ ഒരു ചിത്രം എടുത്തിരുന്നു. അദ്ദേഹം വളരെ നല്ലൊരു ഫോട്ടോഗ്രാഫര്‍ ആണ്. അദ്ദേഹം എന്റെ ഫോട്ടോ എടുത്ത കാര്യം ഒന്നും എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫറാണ് ആ ചിത്രം എനിക്ക് അയച്ചുതന്നത്. മമ്മൂക്ക വളരെ തിരക്കില്‍ ആയതിനാല്‍ ഒരു താങ്ക്‌സ് പോലും പോലും എനിക്ക് സാധിച്ചില്ല.
പവന്‍ ഭയ്യ അവതരിപ്പിച്ച മനോഹര്‍ പാണ്ഡെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ എന്റെ ജൂനിയര്‍ ആയിരുന്നു. ഒരേ സിനിമയിലേക്ക് ഞങ്ങളെ തെരഞ്ഞെടുത്ത വിവരം ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അറിയില്ലായിരുന്നു. കേരളത്തിലേക്കുള്ള ഫ്‌ളൈറ്റില്‍ വെച്ച് ഞങ്ങള്‍ കണ്ടുമുട്ടി. ഞാന്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോവുകയാണെന്നാണ് മനോഹര്‍ വിചാരിച്ചിരുന്നത്. എന്നാല്‍ ഷൂട്ടിന് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ മനോഹറും ഷൂട്ടിന് പോവുകയാണെന്ന് പറഞ്ഞു. അത് വളരെ സര്‍പ്രൈസിങ്ങായിരുന്നു. സംസാരിച്ചുവന്നപ്പോള്‍ ഒരേ സിനിമയില്‍ അഭിനയിക്കാനാണ് ഞങ്ങള്‍ രണ്ട് പേരും പോകുന്നതെന്ന് മനസിലായി. എന്നാല്‍ അപ്പോഴും ഭര്‍ത്താവും ഭാര്യയുമായിട്ടാണ് അഭിനയിക്കാന്‍ പോകുന്നതെന്നൊന്നും അറിയില്ലായിരുന്നു. സെറ്റില്‍ ചെന്നപ്പോഴാണ് അത് മനസിലായത്.
ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശരത് സഭയെയും നേരത്തെ അറിയാം. അദ്ദേഹം എന്റെ ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നു. ഇപ്പോള്‍ എന്റെയും സുഹൃത്താണ്.
മലയാളം സിനിമ കണാറുണ്ടോ?
എനിക്ക് മലയാളം സിനിമകള്‍ വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. മലയാളം സിനിമ അറിയുന്നവര്‍ക്കെല്ലാം മമ്മൂക്കയേയും ലാലേട്ടനേയും അറിയാം. മലയാളത്തില്‍ എനിക്ക് ഒരുപാട് ഫേവറിറ്റ് ആക്ടേഴ്‌സ് ഉണ്ട്. എന്ന് നിന്റെ മൊയ്തീനാണ് ഞാന്‍ ആദ്യമായി കണ്ട മലയാളം സിനിമ. ആ സിനിമ കണ്ട് ഞാന്‍ ഒരുപാട് കരഞ്ഞിരുന്നു. ആ സമയത്ത് പൃഥ്വിരാജ് എന്റെ ഫേവറിറ്റ് ആക്ടര്‍ ആയിരുന്നു. ദുല്‍ഖര്‍ സല്‍മാനെ ഇഷ്ടമാണ്. ജയ ജയ ജയ ജയഹേ, ബേസില്‍ ജോസഫിന്റെ മിന്നല്‍ മുരളി, സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി നൈറ്റ്‌സ് ഒക്കെ കണ്ടിട്ടുണ്ട്. ലാലേട്ടന്റെ പുലിമുരുകന്‍ മമ്മൂക്കയുടെ അംബേദ്കര്‍, റോഷാക്ക് എന്നിവ കണ്ടിട്ടുണ്ട്. ഞങ്ങളുടെ വീട്ടില്‍ ആഴ്ചയില്‍ മൂന്നോ നാലോ മലയാളം സിനിമകളെങ്കിലും കാണാം.
കണ്ണൂര്‍ സ്‌ക്വാഡ് റിലീസായതിന് ശേഷം മലയാളികളില്‍ നിന്ന് ഒരുപാട് മെസേജുകള്‍ ലഭിക്കുന്നുണ്ട്. കണ്ണൂര്‍ സ്‌ക്വാഡ് ഒരു മനോഹരമായ എക്‌സ്പീരിയന്‍സായിരുന്നു. ഒരുപാട് സന്തോഷം. ഒരുപാട് സ്‌നേഹം തന്ന മലയാളി പ്രേക്ഷകര്‍ക്കും നന്ദി
പുതിയ പ്രൊജക്ടുകള്‍ ഏതൊക്കെയാണ്?
പൃഥ്വിരാജിന്റെ എസ്രയുടെ ഹിന്ദി റീമേക്കായ ഡിബുക്കില്‍ ഒരു കഥാപാത്രത്തെ ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്. താലി, ഹായ് എന്നീ വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.
ഈ മാസം അവസാനം ഞാന്‍ അഭിനയിച്ച ഒരു മലയാളം സിനിമ കൂടി റിലീസ് ചെയ്യുന്നുണ്ട്. മനസാ വാചാ എന്നാണ് ആ സിനിമയുടെ പേര്. ദിലീഷ് പോത്തന്‍ സാറിന്റെ ഭാര്യയായിട്ടാണ് അതില്‍ ഞാന്‍ അഭിനയിക്കുന്നത്. ശ്രീകുമാര്‍ എന്നാണ് ആ സിനിമയുടെ സംവിധായകന്റെ പേര്. അതില്‍ ഞാന്‍ മലയാളം സംസാരിക്കുന്നുണ്ട്. മുംബൈയില്‍ നിന്ന് വരുന്ന ഒരു കഥാപാത്രമാണ്. മലയാളിയെ വിവാഹം കഴിച്ചു കേരളത്തില്‍ ജീവിക്കുന്ന മുംബൈക്കാരിയായാണ് ഞാന്‍ അതില്‍ അഭിനയിക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡിന്റെ ഷൂട്ട് കഴിഞ്ഞ ഉടനെയാണ് ഈ അവസരം ലഭിച്ചത്.
Content Highlight: Interview with Actress Susmith Sur who acted in Kannur Squad
അമൃത ടി. സുരേഷ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.